ഡാലസ്: ഹണ്ട്സ്വിൽ (ടെക്സസ്): അമേരിക്കയിൽ വധശിക്ഷ നടപ്പിലാക്കുന്നതിൽ മുൻപന്തിയിലുള്ള ടെക്സസ് സംസ്ഥാനം തങ്ങളുടെ 600-ാമത്തെ ശിക്ഷാ നടപടി പൂർത്തിയാക്കി.ബസ്ബിക്ക് മാനസിക വെല്ലുവിളികൾ ഉണ്ടെന്ന വാദത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച ഫെഡറൽ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. എന്നാൽ, വ്യാഴാഴ്ച ഉച്ചയോടെ സുപ്രീം കോടതി ഈ സ്റ്റേ നീക്കിയതാണു വധശിക്ഷയ്ക്ക് വഴിയൊരുങ്ങിയത്.
1976-ൽ അമേരിക്കയിൽ വധശിക്ഷ പുനഃസ്ഥാപിച്ച ശേഷം ടെക്സസിൽ നടക്കുന്ന 600-ാമത്തെ വധശിക്ഷയാണിത്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഫ്ലോറിഡ 131 പേരെയാണ് ഇതുവരെ വധിച്ചത്.
ടെക്സസിലെ വധശിക്ഷകളിൽ പകുതിയും നടക്കുന്നത് ഹാരിസ്, ഡാലസ് ഉൾപ്പെടെയുള്ള നാല് കൗണ്ടികളിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ബസ്ബിയുടെ വധശിക്ഷയെച്ചൊല്ലി കോടതിയിലെ ലിബറൽ ജഡ്ജിമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. വധശിക്ഷയ്ക്കെതിരെ വിവിധ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
മാനസിക വെല്ലുവിളികൾ നേരിടുന്ന (IQ 75) വ്യക്തിയായിരുന്നു ബസ്ബിയെന്നും, ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണ് പലപ്പോഴും വധശിക്ഷയ്ക്ക് ഇരയാകുന്നതെന്നുമുള്ള വിമർശനങ്ങൾക്കിടെയാണ് ശിക്ഷ നടപ്പിലാക്കിയത്.
ശിക്ഷാ നടപടിക്കെതിരെ ‘ഹ്യൂമൻ റൈറ്റ്സ് ഡാലസ് ഡിഗ്നിറ്റി’, ‘ഫെയ്ത്ത് കോമൺസ്’ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങൾ നടന്നു.
ഒരു മനുഷ്യൻ ചെയ്ത ഏറ്റവും മോശമായ പ്രവർത്തിയുടെ പേരിൽ മാത്രം അയാളെ വിലയിരുത്തരുതെന്നും, പകരം വീട്ടലല്ല നീതിയെന്നും വിശ്വാസപ്രമാണങ്ങളെ ഉദ്ധരിച്ച് ഫെയ്ത്ത് കോമൺസ് പ്രതിനിധികൾ പറഞ്ഞു.
ശിക്ഷയിലൂടെ കൊലപാതകങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും, മറിച്ച് സമൂഹം കൂടുതൽ ക്രൂരതയിലേക്ക് നീങ്ങുകയാണ് ചെയ്യുന്നതെന്നും പ്രതിഷേധക്കാർ ഓർമ്മിപ്പിച്ചു.
നീതി എന്നാൽ വധശിക്ഷയല്ലെന്നും, കരുണ കാണിക്കാൻ ധൈര്യം കാണിക്കുന്ന സമൂഹമായി നാം മാറണമെന്നുമുള്ള പ്രാർത്ഥനയോടെയാണ് പ്രതിഷേധ ചടങ്ങുകൾ അവസാനിച്ചത്.
