കൊച്ചി: എറണാകുളം പരിയാത്തു കാവിൽ പ്രദേശത്തെ തര്‍ക്കഭൂമിയില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരിയാത്തു പ്രദേശത്തെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കണം. വിധി നടപ്പിലാക്കുകയല്ലാതെ മറ്റ് മാർഗമില്ല. കോടതി വിധിയെ സർക്കാർ മാനിക്കണം. കുടിയൊഴിപ്പിക്കലിലെ സാങ്കേതിക വശങ്ങളെക്കുറിച്ച് സംസാരിച്ച് സർക്കാർ സമയം പാഴാക്കരുത്. സുപീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രശ്നം പരിഹരിക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന സർക്കാർ അപേക്ഷ കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. കോടതി വിധി സർക്കാർ പാലിക്കണം. കുടിയൊഴിപ്പിക്കലിലെ സാങ്കേതിക വശങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.
തർക്ക ഭൂമിയിൽ തങ്ങളുടെ അവകാശങ്ങൾ സ്ഥാപിക്കുന്നതിന് ദളിത് കുടുംബങ്ങൾ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തർക്ക ഭൂമിയിൽ താമസിക്കുന്നവർക്ക് അവിടെ താമസിക്കാൻ നിയമപരമായ അവകാശം ഉണ്ടായിരിക്കണം. എന്നാൽ, ഈ അവകാശം സ്ഥാപിക്കുന്നതിന് അവർ നിയമപരമായ വഴികള്‍ തേടിയിട്ടില്ല. കോടതിയെ സമീപിക്കുന്നതുവരെ കുടിയൊഴിപ്പിക്കൽ നിർത്തലാക്കാൻ കഴിയില്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.
കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്തുകാവില്‍ തലമുറകളായി താമസിക്കുന്ന ഏഴ് പട്ടികജാതി കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കുന്നത്. ഈ സ്ഥലം ഒരു സ്വകാര്യ വ്യക്തിയുടെതാണെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. കോടതി വിധി നടപ്പാക്കുമെന്നും എന്നാൽ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് പൂർണ്ണമായ പുനരധിവാസം ഉറപ്പാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതിനായി മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗങ്ങൾ ചേർന്നു പ്രശ്നപരിഹാരങ്ങൾക്ക് ശ്രമിക്കുന്നുണ്ട്.
