പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഐ‌എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതി റെയ്ഡ് ചെയ്യാനെത്തിയ കേന്ദ്ര എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരുടെ വാഹനം സിപി‌ഐ‌എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. റെയ്ഡ് പൂർത്തിയാക്കി ഉദ്യോഗസ്ഥര്‍ തിരിച്ചു പോകുന്നതിനിടെയാണ് പിണറായി വിജയന്റെ വസതിക്ക് പുറത്ത് സിപിഐ‌എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്.

പോലീസും കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെട്ടു. വനിതാ ഉദ്യോഗസ്ഥർ കൂടി ഉണ്ടായിരുന്ന വാഹനം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്.

തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയൻ്റെ വാടക വീട്ടിൽ മണിക്കൂറുകൾ നീണ്ട പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ല്, ഇഷ്‌ടിക, വടി, എന്നിവ ഉപയോഗിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. പൊലീസും കേന്ദ്ര സേനയും കാവലുണ്ടായിരുന്നെങ്കിലും ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചത് വലിയ സുരക്ഷാ വീഴ്‌ചയായി.

വാഹനങ്ങളുടേ ഇരുവശങ്ങളിലുമുള്ള ചില്ലുകള്‍ തകർന്നു. ഇഷ്ടികകൾ എറിഞ്ഞ് മുൻവശത്തെ ഗ്ലാസ് തകര്‍ത്തു. പിൻവശത്തെ ഗ്ലാസിനു പുറമേ, റിയര്‍‌വ്യൂ മിററും അടിച്ചു തകര്‍ത്തു. സംഭവത്തിൽ ഒരു വനിതാ ഉദ്യോഗസ്ഥയ്ക്കും മറ്റുള്ളവർക്കും പരിക്കേറ്റു. വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റിട്ടുണ്ട്.

തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ഡ്രൈവർ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റ ഇഡി ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റി, ആക്രമിക്കപ്പെട്ട വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. അതേസമയം, അക്രമികൾക്കെതിരെ പോലീസ് ലാത്തി വീശി. പിന്നീട് പോലീസും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്താത്തത് എന്തുകൊണ്ടാണെന്നും, പിണറായിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ഉത്തരം കിട്ടിക്കാണുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും നേരെ ബിജെപി സർക്കാർ എപ്പോഴും ബോധപൂർവമായ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. രാജ്യമെമ്പാടും അതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. എന്നാൽ, തങ്ങളുടെ പാർട്ടി അംഗങ്ങളല്ലാത്തവർക്ക് നേരെ ഇ.ഡി റെയ്ഡ് നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.

“ബിജെപിയെയും സംഘ്പരിവാറിനെയും എതിര്‍ക്കുന്നവരെ ഇഡിയെ ഇറക്കി ഭീഷണിപ്പെടുത്താമെന്ന ധാരണ അവസാനിപ്പിക്കണം. ഇപ്പോള്‍ അവര്‍ക്കെതിരെയുണ്ടായ ആക്രമണം ഒരു തുടക്കം മാത്രമാണ്. അത്തരം നടപടികളിലൂടെ ഞങ്ങളെ ദുർബലപ്പെടുത്താമെന്നുള്ള തെറ്റിദ്ധാരണയ്ക്ക് കിട്ടിയ പ്രഹരമാണിത്. ഓരോ ഘട്ടത്തിലും പാർട്ടിയുടെ അചഞ്ചലമായ പിന്തുണയായിരുന്നു രാജ്യത്തിന്റെയും പാർട്ടി സഖാക്കളുടെയും വികാരം എന്ന് വ്യക്തമാണ്. ഇന്ന്, അതിൽ ഒരു കുറവോ മടിയോ ഇല്ലെന്ന് സഖാക്കൾ വീണ്ടും വ്യക്തമാക്കി. ഒരിക്കൽ കൂടി, എല്ലാവരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. എന്തും നേരിടാനുള്ള ഞങ്ങളുടെ ശക്തിയാണിത്. പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്, അവ പിന്നീട് പറയാം”, അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

More News