പകർച്ചവ്യാധി പ്രതിരോധത്തിന് പൊതുജനപങ്കാളിത്തം അനിവാര്യം: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ബഹുജന പ്രതിരോധ നടപടികള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് വിവിധയിനം പനികളും മറ്റ് പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് മാത്രമല്ല, തദ്ദേശസ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവയുടെ ഏകോപിത പ്രവർത്തനവും ജനങ്ങളുടെ സഹകരണവും അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. വൃത്തിഹീനമായ പരിസരം, മലിനമായ കുടിവെള്ളം, സുരക്ഷിതമല്ലാത്ത ഭക്ഷണം എന്നിവയാണ് പല രോഗങ്ങളുടെയും പ്രധാന കാരണങ്ങൾ.

വയനാട് ജില്ലയിലെ നെന്മേനി ഗ്രാമ പഞ്ചായത്തിലെ ഒരു സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത ഷിഗല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും കർശനമായി നിരീക്ഷിക്കാൻ നിർദേശിച്ചു.ഹോട്ടലുകൾ, തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ പരിശോധന ശക്തമാക്കിയതായും വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിട്ടയായ പ്രവർത്തനത്തിലൂടെ ഷിഗല്ല രോഗം നിയന്ത്രണ വിധേയമാക്കി.

ഡെങ്കിപ്പനി, എലിപ്പനി നിപ തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്ത് ആശങ്ക ഉയർത്തുന്ന സാഹചര്യത്തിലാണ്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണം. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതോടൊപ്പം ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും അതിനായി മാലിന്യസംസ്‌കരണ യൂണിറ്റുകൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

ഡ്രൈഡേ ആചരണം ശക്തമാക്കാനും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും നിർദേശം നൽകി. രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളാണ് പ്രധാനം. നിപ്പ പ്രതിരോധത്തിലടക്കം ശക്തമായ പ്രതിരോധമാണ് ആരോഗ്യ പ്രവർത്തകരും വകുപ്പും സ്വീകരിക്കുന്നത്. എബോള സംശയിച്ച രണ്ട് രോഗികളുടെയും റിപ്പോർട്ട് നെഗറ്റീവാണ് എന്നത് ആശ്വാസകരമാണ്.

പകർച്ച വ്യാധി പ്രതിരോധത്തിന് മുൻകൂട്ടി നടപ്പിലാക്കാൻ കഴിയുന്ന നിർദേശങ്ങൾ, എന്തുകൊണ്ട് പ്രത്യേക പ്രദേശങ്ങളിൽ നിപ്പ റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നതടക്കമുള്ള കാര്യങ്ങളിൽ ശാസ്ത്രീയമായ കണ്ടെത്തലുകൾ നടത്തി റിപ്പോർട്ട് സമപ്പിക്കാൻ ഉന്നതാധികാര സമിതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു

യോഗത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മേയർ വി.വി. രാജേഷ്, എം.എൽ.എ മാരായ സി കെ ഹരീന്ദ്രൻ, ഒ എസ് അംബിക, ജില്ലാ കളക്ടർ അനു കുമാരി, ഉന്നതാധികാര സമിതി അധ്യക്ഷൻ ഡോ. എസ്.എസ്. ലാൽ, കൺവീനർ ശ്രീജിത്ത് എൻ കുമാർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, അഡീഷണൽ ഡയറക്ടർ ഡോ. റീത എന്നിവർ സംസാരിച്ചു. ആരോഗ്യ വിദഗ്ധർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News