കൊല്ലം: നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. പരിക്കേറ്റ നാല് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം കൊട്ടാരക്കരയിലെ നീലേശ്വരത്താണ് അപകടം.
അപകടത്തിൽ രണ്ട് മുതിർന്നവരും ഒരു കുട്ടിയുമാണ് മരിച്ചത്. ഹരിലാൽ (52), പാർഥിപ് (15), അജയ കുമാർ (45) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ കൊട്ടാരക്കരയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. കൊട്ടാരക്കര മുക്കോളി മുക്കിലെ ബസ് സ്റ്റോപ്പിലേക്കാണ് മണ്ണ് നിറച്ച ലോറി ഇടിച്ചുകയറിയത്. ആ സമയത്ത് ഏഴ് കുട്ടികളും ഒരു വൃദ്ധനും ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു. അപകടത്തിൽ ലോറി പൂർണ്ണമായും തകർന്നു. പോലീസും ഫയർഫോഴ്‌സും ചേർന്ന് ലോറി ഉയർത്തി മണ്ണിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തു.
ചവറ സ്വദേശികളായ കുശാൽ (15), ബോബൻ (15), നവനീത് (13), ജിബിമോൾ (15), നിസാം എന്നിവർക്കാണ് പരിക്കേറ്റത്.
അപകടത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. ഒരു ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ടിപ്പർ നിയന്ത്രണം വിട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സമീപത്തുള്ള ഒരു കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്.
