തിരുവനന്തപുരം: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) ആയിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച കെ. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായരെ ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമിച്ചു.
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുഖ്യമന്ത്രിക്ക് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ വരുമാന പരിധിയിൽ ഇളവ് അനുവദിച്ച ശേഷമാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. അനുയോജ്യമായ ഒഴിവ് കണ്ടെത്തിക്കഴിഞ്ഞാൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫുഡ് ടെക്നോളജിയിൽ ബി.ടെക് ബിരുദധാരിയാണ് നിരഞ്ജന.
അതേസമയം, എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് അന്വേഷണം സിബിഐക്ക് വിട്ടത്. പോലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച കുടുംബം സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം സിബിഐക്ക് വിടുന്ന ആദ്യ കേസാണിത്.
പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിലെ ഏക പ്രതി പിപി ദിവ്യയാണ്. കേസിൽ തുടരന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 13 സാക്ഷികളെയാണ് പുതുതായി ചേർത്തുകൊണ്ടുള്ള റിപ്പോർട്ട് ആയിരുന്നു ഇത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് കണ്ണൂർ ടൗൺ പോലീസ് തുടരന്വേഷണം നടത്തിയത്.
