കണ്ണൂർ: അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ പോലീസ് പിടിച്ചെടുത്തു. ഭാര്യയുടെ പേരിലുള്ള കാറാണ് കണ്ണൂരിലെ പനങ്കാവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വളപട്ടണം പോലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച വാഹനത്തിൽ സഞ്ചരിച്ച അർജുൻ ബുധനാഴ്ച കണ്ണൂരിൽ എത്തിയതിനു ശേഷം സ്ഥലം വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. അർജുൻ എടപ്പാളിലേക്ക് യാത്ര ചെയ്തതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. എടപ്പാളിലെ ഒരു റസ്റ്റോറന്റിൽ ഇയാള്‍ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അർജുൻ ആയങ്കി ഒളിവിലായിരുന്നപ്പോൾ അയാള്‍ക്ക് അഭയം നൽകുകയും രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തുവെന്നാരോപിച്ച് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിവൈഎസ്പി) എഎം സിദ്ദിഖിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെ തുടർന്നായിരുന്നു അറസ്റ്റ്.
