പ്ലസ് വൺ സീറ്റ് പ്രതിസന്ധി: വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു

പാലക്കാട് : ജില്ലയോടുള്ള തുടരുന്ന വിദ്യാഭ്യാസ വിവേചനത്തിനും അവഗണനയ്ക്കുമെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിന് മുൻവശം പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പരിപാടിയിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സാബിർ അഹ്സൻ പ്രതിഷേധ തെരുവ് ക്ലാസ് ഉദ്ഘാടനം ചെയ്തു.ജില്ലയില്‍ ലഭ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ (പോളി, ITI, VHSE) 28,723 ആണ്. ഈ കൊല്ലം പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയ 44,117 വിദ്യാര്‍ഥികളില്‍ 15,394 സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ല നേരിടുന്ന സീറ്റ് ക്ഷാമം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെ തന്നെ ബാധിക്കുന്നതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

പരിപാടിക്ക് ജില്ലാ വൈസ് പ്രസിഡണ്ട് സഹ് ല ഇ.പി. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റസീന ആലത്തൂർ സ്വാഗതം ആശംസിച്ചു.

വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് ഖാലിദ് അഭിവാദ്യപ്രസംഗം നടത്തി. ജില്ലയോടുള്ള വിദ്യാഭ്യാസ മേഖലയിലെ അവഗണന അവസാനിപ്പിക്കണമെന്നും, വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉന്നതപഠന അവസരങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന് പരിപാടിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുകയും പാലക്കാടിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുകയും ചെയ്യണമെന്ന് പ്രതിഷേധ ക്ലാസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് മണ്ണൂര്‍, സെക്രട്ടേറിയറ്റ് അംഗം അമീൻ ഒതുങ്ങോട്, ഇബ്രാഹീം പാലക്കാട് എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News