മെക്സിക്കോയിലെ കാന്‍കൂണ്‍ കടല്‍ തീരത്ത് തിരമാലകളുണര്‍ത്തിയ ഓര്‍മ്മകള്‍: ലാലി ജോസഫ്

കാന്‍കൂണില്‍ ഞാന്‍ കണ്ട കടലിന് രണ്ട് നിറങ്ങളായിരുന്നു. തീരത്തോട് ചേര്‍ന്ന ഭാഗം മരതക പച്ചയില്‍ തിളങ്ങുമ്പോള്‍, ദൂരെ അനന്തമായി പരന്നു കിടന്ന കടല്‍ ആഴമേറിയ നീല നിറത്തില്‍ വിസ്മയം തീര്‍ത്തു. എം.ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ എന്ന നോവല്‍ തുടങ്ങുന്നതു തന്നെ കടലിന്‍റെ കറുപ്പ് നിറത്തെ പരാമര്‍ശിച്ചു കൊണ്ടാണ്. അതുപോലെ അദ്ദേഹത്തിന്‍റെ ‘വാരാണാസി’ എന്ന നോവലിലും കടല്‍ മനോഹരമായ ഒരു പശ്ചാത്തലമായി കടന്നു വരുന്നുണ്ട്. നോവലിലെ ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം എഴുതുന്നു: ‘ഒരിക്കല്‍ എലിഫെന്‍റാ ഗുഹയിലേക്ക് പോയി പലേടത്തു നിന്നും ഗീതയുടെ ഫോട്ടോകള്‍ എടുത്തു. പോര്‍ളി സി ഫേസിനടുത്തു വച്ച് കടല്‍ പശ്ചാത്തലമാക്കി എടുത്ത ഒരു ഫോട്ടോ വളരെ നന്നായി. അവളത് എന്‍ലാര്‍ജ് ചെയ്യിച്ച് വീട്ടില്‍ വച്ചിരിക്കുന്നു.

കാന്‍കൂണിലെ കടല്‍ത്തീരത്തും കടലിനെ പശ്ചാത്തലമാക്കി ചിത്രങ്ങള്‍ പകര്‍ത്തുന്ന അനേകം പേരെ കാണാനായി. ഓരോരുത്തരും ആ അനന്തനീലിമയെ തങ്ങളുടേതായ ഓര്‍മ്മകളുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നതു പോലെ തോന്നി.
പെരുമ്പടവം ശ്രീധരന്‍റെ വയലാര്‍ അവാര്‍ഡ് നേടിയ ڇ ഒരു സങ്കീര്‍ത്തനം പോലെڈ എന്ന നോവലിലും പല ഭാഗങ്ങളിലും കടല്‍ കടന്നു വരുന്നുണ്ട് അതില്‍ അദ്ദേഹം എഴുതുന്നു: ڇഎണ്ണി കൊണ്ട് ഇത്ര ദിവസത്തിനുള്ളില്‍ ഒരു നോവലെഴുതി തീര്‍ക്കണമെന്നു വച്ചാല്‍ അത് സാധിക്കുമോ? എഴുതുവാനുള്ള ഉത്കടമായ ആഗ്രഹമുണ്ടായിരുന്നിട്ടും ഒരക്ഷരം പോലും എഴുതുവാന്‍ കഴിയാതെ പോയ ശൂന്യമായ ദിവസങ്ങളുടെ ഓര്‍മ്മ മനസ്സിന്‍റെ അടിയില്‍ കിടക്കുന്നു. ദാഹിച്ചു പൊരിഞ്ഞ് ഒരു കടല്‍ക്കരയില്‍ നില്‍ക്കുന്നതു പോലെയാണ് ഒരു കൈ കോരി കുടിക്കാന്‍ കഴിയുന്നില്ല.

എത്ര ശരിയാണ് ഈ വരികള്‍! ഈ കടല്‍ക്കരയില്‍ തിരമാലകളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍, എന്തിനോ വേണ്ടിയുള്ള ഒരു ദാഹം ഉള്ളില്‍ തോന്നുന്നു. ആ ദാഹം തീര്‍ക്കാനെന്ന പോലെ ആര്‍ത്തലച്ച് തീരത്തേക്ക് അടുക്കി വരുന്ന തിരമാലകള്‍ക്ക് പോലും അതിന് കഴിയുന്നില്ലല്ലോ.

ബൈബിളിലെ സങ്കിര്‍ത്തനം 89: 9 ല്‍ ഇങ്ങിനെ പറയുന്നു: “അങ്ങ് ഇളകിമറിയുന്ന കടലിനെ ഭരിക്കുന്നു; തിരമാലകള്‍ ഉയരുമ്പോള്‍ അങ്ങ് അവയെ ശാന്തമാക്കുന്നു.”

സങ്കീര്‍ത്തനം 104:25 ഇപ്രകാരം പറയുന്നു. അതാ, വിസ്ത്രതമായ മഹാ സമുദ്രം ചെറുതും വലുതുമായ അസംഖ്യം ജീവികളെ കൊണ്ട് അത് നിറഞ്ഞിരിക്കുന്നു:

ഓ.വി വിജയന്‍റെ ‘തലമുറകള്‍’ എന്ന നോവലിലും കടല്‍ പല സന്ദര്‍ഭങ്ങളിലായി പ്രത്യക്ഷപ്പെടുന്നു, ഒരു സ്ഥലത്ത് അദ്ദേഹം എഴുതുന്നു: “മെറിന്‍ ഡ്രൈവിലെ ഏഴാം നിലയിലുള്ള ചന്ദ്രന്‍റെ വസതിയില്‍ കിടന്നാല്‍ ജാലകത്തിലൂടെ കടലിന്‍റെ സാന്ധ്യ പ്രസരം മറ്റൊരിടത്ത് കടലോരത്തെ അനുഭവം കൂടുതല്‍ ആന്മിയമായ തലത്തിലേക്ക് ഉയരുന്നു. ‘തിരകള്‍ മുറവിളി കൂട്ടുന്ന അതിര്‍ത്തി രേഖ ഇപ്പോള്‍ അപ്രാപ്യമായ ദൂരങ്ങളിലാണെന്ന് തോന്നി കടലും മണലും നിലാവും ഒരു മഹാമണ്ഡലമായി ചുറ്റിലും പടര്‍ന്നു’ അതിന്‍റെ കേന്ദ്രബിന്ദുവില്‍ നിന്ന ചാമിയാരപ്പന്‍ എത്ര നേരം അങ്ങിനെ നിന്നെന്ന് അറിഞ്ഞില്ല. കടലോരം വിജനമായിരുന്നുവല്ലോ.. ഇപ്പോള്‍ തന്‍റെ കൈത്തണ്ടയില്‍ മുറുകിയ ദ്യഢമായ പിടി ആരുടേതാണ്? നിങ്ങള്‍ ആരാണ്? നിങ്ങള്‍ ദൈവമാണോ? യുക്തിവാദിയായ ചാമിയാരപ്പന്‍ വേദനയോടെ രണ്ടു വട്ടം ചോദിച്ചപ്പോഴും മറുപടി ഒന്നു തന്നെ ‘അതെ’ കാന്‍കൂണിലെ കടല്‍ത്തീരത്ത് തിരമാലകളെ നോക്കി നിന്നപ്പോള്‍ ആ വരികള്‍ എന്‍റെ മനസ്സിലൂടെ കടന്നുപോയി. കടലിന്‍റെ അനന്തതക്കു മുന്നില്‍ നില്‍ക്കുമ്പോള്‍, എന്നേയും ഒരു അദ്യശ്യ ശക്തി നിശ്ശബ്ദമായി വലയം ചെയ്യുന്നുണ്ടോ എന്നൊരു തോന്നല്‍ എന്നിലുണര്‍ന്നു.

നോവലുകളില്‍ മാത്രമല്ല കടലിനെ ആസ്പദമാക്കിയ ഒട്ടേറെ മനോഹരമായ സിനിമാഗാനങ്ങളും മലയാളത്തിനുണ്ട്. അവയില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ശ്രീ കൈതപ്രം രചിച്ച് എം. ജയചന്ദ്രന്‍ സംഗിതം നല്‍കിയ “കണ്ടോ കണ്ടോ കടല് കണ്ടിട്ടെത്ര നാളായി” എന്ന ഗാനമാണ്. ആ ഗാനത്തിലെ വരികള്‍ പോലെ തന്നെ കടല്‍ എത്ര കണ്ടാലും എനിക്ക് മതി വരാറില്ല. ഓരോ കാഴ്ചയും മനസ്സിന് പുതുമയും ശാന്തതയും സമ്മാനിക്കുന്ന ഒരു അനുഭവമാണ് അതിന്‍റെ അനന്തതയിലേക്ക് നോക്കിയിരിക്കുമ്പോള്‍ എത്രയോ ഓര്‍മ്മകള്‍ മനസ്സിലൂടെ കടന്നു പോയി. എപ്പോഴാണ് കണ്ണുകള്‍ നനഞ്ഞുതുടങ്ങിയത് എന്നു പോലും ഞാന്‍ അറിഞ്ഞില്ല. കടലിന് രൗദ്രഭാവമായിരുന്നു, ആര്‍ത്തിരമ്പിയെത്തുന്ന ഓരോ തിരമാലക്കൊപ്പവും മനസ്സിലും അനേകം ഓര്‍മ്മകള്‍ തിരയടിക്കാന്‍ തുടങ്ങി. അതുകൊണ്ടാവണം എന്‍റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ പൊഴിഞ്ഞത്. കടലാകെ ഉപ്പുവെള്ളമായതിനാല്‍ കടലമ്മയുടെ കണ്ണുനീര്‍ ആരും തിരിച്ചറിയില്ലല്ലോ. അപ്പോഴാണ് അപ്രതീക്ഷീതമായി അത് സംഭവിച്ചത് കൈയില്‍ പിടിച്ചിരുന്ന എന്‍റെ തൊപ്പി ഒരു വലിയ തിരയില്‍ കടലമ്മ എടുത്തുകൊണ്ടു പോയി. ഒരു നിമിഷം പരിഭ്രമിച്ചെങ്കിലും, അടുത്ത തിര തന്നെ അത് എന്‍റെ അരികിലേക്ക് തിരികെ കൊണ്ടുവന്നു അപ്പോള്‍ തോന്നി, കടലമ്മ അത് വെറുതെ കളിയാക്കിയതാണെന്ന്.

ശാന്തമല്ലാത്ത കടലായിരുന്നതിനാല്‍ അതിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങാന്‍ എനിക്ക് ഭയമായിരുന്നു എന്നാല്‍ തിരകളോട് ചേര്‍ന്ന് മുങ്ങാം കുഴിയിട്ട് ആനന്ദത്തോടെ നീന്തികുളിക്കുന്നവരെ കണ്ടപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നി.
കടല്‍ത്തീരങ്ങളില്‍ പലപ്പോഴും കറുത്ത മണല്‍പ്പരപ്പും ഞാന്‍ കണ്ടിട്ടുണ്ട് എന്നാല്‍ കാന്‍കൂണിലെ കടല്‍ത്തീരത്ത് കണ്ട വെളുത്ത പൂഴിമണലിന് ഒരു പ്രത്യേക സൗന്ദര്യമുണ്ട് കടല്‍ക്കാറ്റും വെളുത്ത പൂഴിമണലിലെ മനോഹാരിതയും എന്‍റെ മനസ്സിന് പറഞ്ഞറിക്കാനാവാത്ത സന്തോഷം സമ്മാനിച്ചു.

കടല്‍ത്തീരത്ത് നിന്ന് സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നായിരുന്നു. കടലിന് മുകളിലൂടെ പാരാസെയിലിംഗ് നടത്തുന്നവരേയും അതിവേഗത്തില്‍ കുതിച്ചു പായുന്ന സ്പീഡ് ബോട്ടുകളേയും ഞാന്‍ കണ്ടു

“എന്തിനാണ് നിനക്ക് ഇത്ര രൗദ്ര ഭാവം” എന്ന് ഞാന്‍ മനസ്സില്‍ കടലിനോട് ചോദിച്ചു, പക്ഷെ കടലിന്‍റെ ഭാഷ എനിക്ക് അറിയില്ലല്ലോ. മറുപടിയായി വീണ്ടും വീണ്ടും ആര്‍ത്തിരമ്പുന്ന തിരമാലകളെ മാത്രമാണ് കണ്ടത്. ഞാന്‍ ഇരുന്നിരുന്ന ആ കടല്‍ തീരത്ത് ദൈവസാന്നീധ്യം നിറഞ്ഞു നില്‍ക്കുന്നതു പോലൊരു അനുഭവം എനിക്ക് ഉണ്ടായി. ആ ദൈവത്തോട് അല്ലെങ്കില്‍ എന്നെ വലയം ചെയ്ത് കാത്തുനില്‍ക്കുന്ന അദ്യശ്യശക്തിയോട് ഞാന്‍ ഒരുപാട് സംസാരിച്ചു.

വിടപറയുന്നതിനു മുമ്പ് വെളുത്ത പൂഴി മണലില്‍ എന്‍റെ പേര് എഴുതുവാന്‍ ശ്രമിച്ചു. പക്ഷെ പേര് മുഴുവാനായി എഴുതുന്നതിന് മുമ്പ് തന്നെ തിരമാല ആഞ്ഞടിച്ച് മായ്ച്ച് കളയും. കുറെ സമയത്തെ പരിശ്രമത്തിന്‍റെ ഫലമായി എനിക്ക് മുഴുവന്‍ പേര് എഴുതുവാന്‍ സാധിച്ചു. അത് ട്രൈപോഡില്‍ വച്ചിരുന്ന ക്യാമറ പകര്‍ത്തി പക്ഷെ സെക്കന്‍റിനുള്ളില്‍ തിരമാല വന്ന് പേര് മായ്ച്ച് കടലമ്മയോടൊപ്പം കൊണ്ടുപോയി. അപ്പോള്‍ എനിക്ക് തോന്നി എന്‍റെ പേര് മായ്ച്ചതല്ല മറിച്ച് എന്‍റെ ഓര്‍മ്മകളെ കടലമ്മ സ്വന്തം ഹ്യദയത്തില്‍ സൂക്ഷിക്കാന്‍കൊണ്ടുപോയതാണെന്ന് ആ വിശ്വാസത്തോടെ ഉപ്പുരസമുള്ള കടലമ്മയുടെ വെള്ളത്തിലേക്ക് എന്‍റെ കണ്ണില്‍ നിന്നും ഉറ്റു വീണ ഉപ്പു രസമുള്ള ഒരു കണ്ണുനീര്‍ തുള്ളി ഞാന്‍ സമര്‍പ്പിച്ചു.

പിന്നെ ഞാന്‍ കടലമ്മയോട് മന്ത്രിച്ചു: ‘നാളെ അതിരാവിലെ മെക്സിക്കോ നഗരത്തോടും ഈ കടലിനോടും വിടപറഞ്ഞ് എന്‍റെ നഗരമായ ഡാളസിലേക്ക് മടങ്ങുകയാണ്.’ അതായിരുന്നു കാന്‍കൂണ്‍ കടലിലെ കടലമ്മക്ക് ഞാന്‍ നല്‍കിയ എന്‍റെ നിശബ്ദമായ യാത്രമൊഴി.

Leave a Comment

More News