മുറപ്പെണ്ണ് (കഥ): ജയശങ്കർ പിള്ള

മഴവില്ലിൻ ഏഴു നിറങ്ങൾ മണ്ണിൽ വീണിരുന്നൊരു കാലം, കാറ്റിനും പൂക്കൾക്കും പോലും അവരുടെ പ്രണയത്തിന്റെ പേര് അറിയാമായിരുന്നു.

ഗ്രാമത്തിന്റെ പച്ചപ്പിൽ, നെൽക്കതിരുകൾ തിരമാലപോലെ ആടുന്ന സന്ധ്യകളിൽ, വയൽവരമ്പിലെ നീണ്ട പാതയിലൂടെ ഒരു പഴയ സൈക്കിൾ കട കട ഒച്ചയുണ്ടാക്കി പതുക്കെ ഒഴുകുമായിരുന്നു. സൈക്കിളിന്റെ പിന്നിലായ് നാണത്താൽ ചിരി മറയ്ക്കാൻ ശ്രമിക്കുന്നൊരു പെൺകുട്ടി…മുന്നിൽ അവളെക്കാൾ വേഗത്തിൽ സ്വപ്നം കാണുന്നൊരു യുവാവ്.

അവൻ പറയുമായിരുന്നു,
“ഈ വയൽ മുഴുവൻ നമുക്ക് സ്വന്തമാണ്…കാറ്റ് പോലും നമ്മളെ തടയില്ല.”

അവൾ ചിരിക്കും, അപ്പോൾ അവളുടെ കവിളുകൾ അസ്തമയ സൂര്യനെപ്പോലെ തുടുക്കുമായിരുന്നു.അവളുടെ വിടർന്ന കാക്കപുള്ളിയുള്ള കണ്ണുകളിൽ പ്രണയത്തിന്റെ ഒരു നിശ്ശബ്ദ സമ്മതം ഒളിഞ്ഞിരിക്കുമായിരുന്നു.

തുടുത്ത സന്ധ്യയിൽ അവളുടെ മുടിയിഴകൾ കാറ്റിൽ പടർന്നപ്പോൾ, നെൽകതിരുകൾ പോലും നിശ്ശബ്ദമായി കുനിഞ്ഞു നിന്നു. അവരുടെ പ്രണയ രഹസ്യം കേൾക്കാൻ ചേക്കേറുന്ന കിളികൾ നിശബ്ധരായി.

അവൻ അവളുടെ കൈകളിൽ ഒരിയ്‌ക്കൽപോലും ഒന്ന് മുറുകെ പിടിച്ചില്ല, അവളുടെ ചുടു നിശ്വാസങ്ങളെ അവൻ മാറോടു ചേർത്തില്ല,… പക്ഷെ കുട്ടിക്കാലം മുതൽ വയൽ വരമ്പിലെ അവരുടെ ഓരോ ചുവടുകളിലും അവരുടെ ഹൃദയങ്ങൾ കഥകൾ പറഞ്ഞു, ഹൃദയങ്ങൾ തമ്മിൽ കൈകോർത്തിരുന്നു. ,

ക്ഷേത്രമുറ്റത്തെ ആൽതറത്തണലിൽ,ശ്രീ കോവിലിലെ മണിനാദം മുഴങ്ങുമ്പോൾ ലോകം മുഴുവൻ നിശ്ശബ്ദമാകുമായിരുന്നു. കാൽവിളക്കുകളുടെ മൃദുവെളിച്ചത്തിൽ അവളുടെ കണ്ണുകൾ ചോദിച്ചു?…!!!

“എന്നെ വിട്ടുപോകുമോ?”

അവൻ ഒന്നും പറഞ്ഞില്ല.
പകരം……
അവളുടെ തൊട്ടടുത്തായി അടുത്തായിഅവൻ ചേർന്ന് നിന്നു. അവളുടെ ഹൃദയമിടിപ്പ് അവനു കേൾക്കാമായിരുന്നു. അവൻ അവളുടെ മിഴികളിൽ തന്നെ നോക്കി നിന്നു. അവളുടെ മിഴികൾ വികാരാർദ്രമായി കൂമ്പി അടഞ്ഞു. അത് തന്നെയായിരുന്നു അവന്റെ ഉത്തരം.

പക്ഷേ പ്രണയം,എപ്പോഴും വിധിയോട് ജയിക്കാറില്ല. അതങ്ങനെയാണ്…

ഒരു ദിവസം
കഷ്ടപ്പാടുകൾ നിറഞ്ഞ അവന്റെ ജീവിതം അവനെ മറ്റൊരു ദിക്കിലേക്ക് പറിച്ചു നട്ടു. അവനും ഒരു തൊഴിൽ അന്യോഷിയായി മാറി.അവനെയും വഹിച്ചു ദൂരദേശത്തേക്ക് കൊണ്ടുപോകുന്ന ട്രെയിൻ വയൽവരമ്പിന്റെ അവസാന വളവിൽ അവളെ പിന്നിലാക്കി കടന്നു പോയി.

ഓർമ്മകൾ മാത്രം പേറിയുള്ള നീണ്ട യാത്ര.

അവന്റെ ജീവിതത്തിൽ രണ്ടു വർഷങ്ങൾ നൽകിയ നേട്ടങ്ങളുമായി തിരിച്ചെത്തുമ്പോൾ അവളുടെ കഴുത്തിൽ മറ്റൊരാളുടെ താലി മിന്നിതിളങ്ങിയിരുന്നു.

ആ കാഴ്ച അവന്റെ ഹൃദയത്തിൽ ഒരു ഇടിത്തീ പോലെ വീണു. വയൽവരമ്പുകൾ മൗനമായി, കാറ്റ് പോലും അവനെ ഒഴിവാക്കി. ചേക്കേറുന്ന ചില്ലകളിലിൽ കലപില ശബ്ദം.

സന്ധ്യകൾക്ക് നിറം നഷ്ടപ്പെട്ടു. പഴയ സൈക്കിൾ ഒരു കോണിൽ പൊടിപിടിച്ചു കിടന്നു. പക്ഷേ അവന്റെ ഓർമ്മകൾ അതിൽ യാത്ര ചെയ്യുകയായിരുന്നു. ക്ഷേത്രമുറ്റവും, ആൽത്തറയും ,വായനശാലയും,വയൽ വരമ്പുകളും അവനെ നോക്കി കൊഞ്ഞനം കുത്തി. പിന്നെ ഒട്ടും വൈകിയില്ല. കൈയ്യിൽ കിട്ടിയ വസ്ത്രങ്ങളും, കുറച്ചു പുസ്തകങ്ങളുമായി ആരോടും യാത്ര പറയാതെ അവൻ പടിയിറങ്ങി.ആരോടും യാത്ര പറഞ്ഞില്ല ….

കാലം കടന്നുപോയി…പല നഗരങ്ങൾ താണ്ടി, കടലുകൾ താണ്ടി അവനും ഒരു കരയണഞ്ഞു. യാത്രക്കിടയിൽ കണ്ടു മുട്ടിയ നീലക്കണ്ണുള്ള പെൺകുട്ടി അവന്റെ ജീവിത സഖിയായി,… ഒന്നല്ല, രണ്ടല്ല,മൂന്നു പതിറ്റാണ്ടുകൾ..അവർ ഒന്നിച്ചു തുഴയുന്ന ചെറിയ സുന്ദരമായ ജീവിതം.

അവനും ജീവിതം മുന്നോട്ട് കൊണ്ടുപോയി….വിവാഹം, മക്കൾ, ഉത്തരവാദിത്വങ്ങൾ.

എന്നാൽ…..
ഹൃദയത്തിന്റെ ഏറ്റവും ആഴത്തിലുള്ള മുറിയിൽ ആ ആദ്യ പ്രണയം ഇന്നും ഒരു ദീപം പോലെ കത്തികൊണ്ടിരിയ്ക്കുന്നു .

ഇന്ന് ഈ അറുപതിന്റെ വക്കിൽ, കണ്ണാടിയിൽ നോക്കുമ്പോൾ, പുസ്തകങ്ങൾക്ക് നടുവിൽ പലരുടെയും രചനകളിൽ മുഴുകുമ്പോൾ,… ആദ്യപ്രണയത്തിന്റെ സുന്ദരമായ നിമിഷങ്ങൾ മിന്നി മറയുന്നു.

തിമിർത്തു പെയ്യുന്ന മഴയിൽ മണ്ണിന്റെ മണം നാസികകളെ ആർദ്രമാക്കുമ്പോൾ അവൻ അറിയാതെ വീണ്ടും ആ പഴയ സൈക്കിളിന്റെ പെഡൽ തിരിയ്ക്കും, അവളുടെ ചിരി കാറ്റിൽ വീണ്ടും ഒഴുകിയെത്തും…..

നഗരത്തിലെ ക്ഷേത്രമണി മുഴങ്ങുമ്പോൾ,അവൻ കണ്ണടയ്ക്കും… ഈ കൽവിളക്കിൻ ചുവട്ടിൽ അവളുണ്ടോ?!!!

“ദൈവമേ…അവളെ ഒന്ന് കണ്ടിരുന്നെങ്കിൽ, ഒരിയ്ക്കൽ മാത്രം…ഒന്നിനുമല്ല അവൾ സന്തോഷത്തിലാണ് എന്ന് അവളുടെ ആ ഒരു നോട്ടത്തിൽ നിന്നും അറിയാൻ മാത്രം.”

ചില പ്രണയങ്ങൾ ഒരുമിച്ച് ജീവിക്കേണ്ടതല്ല. അവ മരിക്കാതിരിക്കുക മാത്രമാണ്,.. വാടാമല്ലി പൂക്കൾ പോലെ വാടാതെ, എന്നും, കൗമാരത്തിൽ തുടരുന്ന പ്രണയം….. ഒരിയ്ക്കലും പ്രായമാകാത്ത പ്രണയം….

വയൽവരമ്പുകൾ ഇന്നും അവിടെയുണ്ട്, കാറ്റ് ഇന്നും നെൽകതിരുകളെ തലോടുന്നു, ക്ഷേത്രമണികൾ ഇന്നും മുഴങ്ങുന്നു. കിളികൾ ചേക്കേറുന്നു, കല്വിളക്കുകൾ മിഴി തുറക്കുന്നു….

പക്ഷേ….
ഹൃദയങ്ങൾ മാത്രം കാലത്തിനൊപ്പവും യാത്രയായി….

ഒരു ദിവസം, വിധി വീണ്ടും ആ പഴയ വയലുകളിലൂടെ വരുകയാണെങ്കിൽ,?!…അവൻ അവളോട് പറയും….

“നീ എന്റെ ഹൃദയത്തിൽ ഇപ്പോഴും ഉള്ളത്, എന്റെ ജീവിതം മുഴുവൻ ഒരു വസന്തമാക്കി മാറ്റുവാനായിരുന്നു എന്ന്. നീ ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷെ ആ ഗ്രാമ വീഥികളിൽ വായനശാലയുടെ തിണ്ണയിൽ, ആൽത്തറ തണലിൽ ഒക്കെയായി സൊറ പറഞ്ഞിരിയ്ക്കുന്ന എന്നെ നീ എന്നെ തള്ളി പറഞ്ഞിട്ടുണ്ടാകും!!! ”

ഇന്നും പലർക്കായി …..

“കാറ്റ് വീണ്ടും ആ വയൽവരമ്പിലൂടെ ഒഴുകുന്നുണ്ട്, ആകാശം സന്ധ്യയുടെ ചുവപ്പണിയുന്നുണ്ട്, കിളികൾ രഹസ്യങ്ങൾക്കായി കാതോർക്കാറുണ്ട്, നഷ്ടപ്പെട്ട പ്രണയും പേറി പലരും കരകളും കടലുകളും കടന്നു പുതിയ തുരുത്തുകൾ സ്വന്തമാക്കുന്നു”….

Leave a Comment

More News