ആകാശം നോക്കുന്ന ഭൂമിക: (ഷാഹുല്‍ പണിക്കവീട്ടില്‍)

വായനയുടെ ഇടനാഴിയിൽ
അക്ഷരങ്ങൾ കൂട്ടിയിണക്കിയതാണ്
ഞങ്ങളുടെ സൗഹൃദം

ഇടയ്ക്കുള്ള സല്ലാപ സന്ദേശങ്ങളിലൂടെ അപരിചിതരുടെ
ഇടത്താവളത്തിൽ നിന്നും ഞങ്ങൾ ഒരിക്കൽ പുറത്ത് കടന്നു
കൂടുവിട്ട് സ്വതന്ത്രരായവരുടെ കൂട്ടത്തിൽ ഞങ്ങളും ചേർന്നു

ഒരുമിച്ചുള്ള യാത്രയിൽ മരുഭൂമികൾ പ്രത്യക്ഷപ്പെട്ടപ്പോൾ
അകലം കൂടുകയും
ഒറ്റപെടുകയും ചെയ്തു

നോക്കൂ..നമ്മുടെ അരികിലൂടെ ഒഴുകുന്ന ഈ പുഴ
എത്രയോ കൂർത്തുമൂർത്ത പരുക്കൻ യാഥാർത്ഥ്യങ്ങളുടെ മുറിപ്പാടുകളും
ഉടൽ നോവുമായ്
ദുരിതദൂരം പിന്നിട്ടാണ് വരുന്നത്
പ്രക്ഷുബ്ധതയുടെ കടൽമുഴക്കങ്ങളിൽ വീണൊടങ്ങുവാനാണു വിധിയെന്നറിഞ്ഞിട്ടും
എത്ര സൗമ്യവും
പ്രശാന്തവുമായിട്ടാണ്
ആ പ്രയാണം …

അത്ര സുഗമമല്ലാത്ത ജീവിത വീഥിയിൽ നാം തളരുമ്പോൾ
ചുറ്റുമൊന്നു നോക്കൂ
വേനൽ നുള്ളി വേദനിപ്പിച്ചാലും
വസന്തം തൊട്ടുരുമ്മി ചിരിപ്പിച്ചാലും
വർഷം വന്ന് തല്ലി തൊഴിച്ചാലും
പച്ച ചിരിയുമായ് ആകാശം നോക്കി ആശ്ചര്യംകൊള്ളുന്ന ഭൂമിക
നമ്മെ വിസ്മയിപ്പിക്കുന്നില്ലേ..

പിണക്കങ്ങളും ഇണക്കങ്ങളും കൊണ്ട് മാത്രം സജീവമാകില്ല
നമ്മൾ സ്വപ്നം കാണും ജീവിതം
ഓരോ ഹൃദയത്തുടിപ്പിലുമുണ്ടാകണം
സഹനവും സഹാനുഭൂതിയും

Leave a Comment

More News