സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥി കൂടി അറസ്റ്റില്‍; കുടുതല്‍ അറസ്റ്റുണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

വി.എസ്. ശ്രീഹരി

കൊച്ചി: സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ പങ്കാളിയാണെന്ന ആരോപണത്തെത്തുടര്‍ന്ന് മറ്റൊരു കോളേജ് വിദ്യാര്‍ത്ഥി കൂടി അറസ്റ്റിലായി. മാവേലിക്കര ഐഎച്ച്ആർഡി കോളജ് വിദ്യാർത്ഥിയും, ആലപ്പുഴ കുരട്ടിശേരി സ്വദേശിയുമായ സനീഷ് (20) ആണ് അറസ്റ്റിലായത്. ഇതോടെ, ഈ കുറ്റകൃത്യത്തില്‍ അന്വേഷണം കൂടുതൽ ക്യാമ്പസുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഉറപ്പായി.

തൃക്കാക്കര ഭാരത മാതാ കോളേജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയായ വി.എസ്. ശ്രീഹരി ഉൾപ്പെടുന്ന എട്ടംഗ സംഘത്തിലെ കണ്ണിയാണ് സനീഷ്. ശ്രീഹരിയും സനീഷും പരസ്പരം വ്യക്തിപരമായി പരിചയക്കാരല്ല. ഇവര്‍ സോഷ്യൽ മീഡിയ വഴിയാണ് ബന്ധം പുലർത്തിയിരുന്നത്. സനീഷ് മോർഫ് ചെയ്ത ചിത്രങ്ങൾ പങ്കിട്ടതായി സൈബര്‍ പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് പിടിക്കപ്പെട്ടതോടെ കുറ്റകൃത്യത്തിന് ഉപയോഗിച്ച ടെലിഗ്രാം ഗ്രൂപ്പുകൾ കുറ്റവാളികള്‍ പൂർണ്ണമായും ഇല്ലാതാക്കിയതായി പോലീസ് പറയുന്നു. ടെലിഗ്രാമിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. സനീഷിന്റെ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചു വരികയാണ്. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട എസ്. ശ്രീഹരിയെ പ്രത്യേക സംഘം ചോദ്യം ചെയ്തു.

സാമ്പത്തിക നേട്ടത്തിനായി ഒരു സംഘം ഒരുമിച്ച് പ്രവർത്തിച്ചതിന് തെളിവില്ലെന്നും മാനസിക വൈകൃതം മൂലമാണ് കുറ്റകൃത്യം നടന്നതെന്നുമാണ് സൈബര്‍ പോലീസിന്റെ നിഗമനം. കേസിലെ പ്രധാനിയെന്ന് കരുതുന്ന മലപ്പുറം സ്വദേശിയായ ഒരു വിദ്യാർത്ഥി ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മറ്റ് കോളേജുകളിലെ വിദ്യാർത്ഥികളും സംഘത്തിൽ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കും.

തിങ്കളാഴ്ച രാവിലെയാണ് പ്രത്യേക സംഘം സനീഷിനെ കസ്റ്റഡിയിലെടുത്തത്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും, ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ പറഞ്ഞു.

Leave a Comment

More News