പെൻസിൽവാനിയ: പെൺകുഞ്ഞിന്റെ കൈകാലുകളും വാരിയെല്ലുകളും ഒടിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ; കുഞ്ഞിനോട് താൻ അല്പം പരുഷമായി പെരുമാറിയിട്ടുണ്ടാകാമെന്ന് പ്രതിയുടെ മൊഴി. പെൻസിൽവാനിയയിലാണ് നവജാത ശിശുവിന് നേരെ ക്രൂരമായ അതിക്രമമുണ്ടായത്.
31കാരനായ വിൻസെന്റ് മറീനോയാണ് അറസ്റ്റിലായത്. കുട്ടികളുടെ സംരക്ഷണം അപകടത്തിലാക്കിയതിന് ഇയാൾക്കെതിരെ മൂന്ന് ഫെലോണി കുറ്റങ്ങൾ ചുമത്തി. 10 ലക്ഷം ഡോളറാണ് കോടതി ജാമ്യത്തുക നിശ്ചയിച്ചിരിക്കുന്നത്. സെപ്റ്റംബർ 15-ന് കേസിൽ പ്രാഥമിക വാദം കേൾക്കൽ നടക്കും.
കൈകൾക്കും കാലുകൾക്കും വാരിയെല്ലുകൾക്കും ഒടിവുകളോടെയാണ് നവജാത ശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ ഗുരുതരമായ ചതവുകളും കണ്ടെത്തി. ഇതൊരു അപകടമല്ലെന്നും കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതാണെന്നും ചൈൽഡ് അബ്യൂസ് വിഭാഗം ഡോക്ടർമാർ സ്ഥിരീകരിച്ചു.
തുടക്കത്തിൽ വീട്ടിലെ പൂച്ച ചാടിയതിനെ തുടർന്ന് കുഞ്ഞ് താഴെ വീണതാണെന്നായിരുന്നു പിതാവിന്റെ വാദം. എന്നാൽ പരുക്കുകളുടെ തീവ്രത വിശദീകരിക്കാൻ ഇയാൾക്കായില്ല. പിന്നീട്, കുഞ്ഞിനോട് താൻ അല്പം പരുഷമായി പെരുമാറിയിട്ടുണ്ടാകാമെന്ന് ഇയാൾ പോലീസിനോട് സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യരുതെന്ന് കുടുംബാംഗങ്ങൾ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി പ്രതിയുടെ അമ്മ പോലീസിനോട് പറഞ്ഞു.
