മഹാഭാരതത്തിലെ കർണ്ണൻ, കൗരവ -പാണ്ഡവ വംശചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണവും ഹൃദയസ്പർശിയുമായ കഥാപാത്രങ്ങളിലൊരാളാണ്. ജന്മരഹസ്യത്തിന്റെ വേദനയും, സാമൂഹികമായ അവഗണനയും, അസാധാരണമായ കഴിവും, യുദ്ധ തന്ത്രങ്ങളും, ധീരനും, ബലവാനും, സൗഹൃദത്തോടുള്ള അചഞ്ചലമായ വിശ്വസ്തതയും, വിധിയുടെ ക്രൂരമായ വഴിത്തിരിവുകളും ഒരുമിച്ച് ചേർന്ന ജീവിതമായിരുന്നു കർണ്ണന്റേത്. സൂര്യദേവന്റെ പുത്രനായി കുന്തിക്ക് ജനിച്ചെങ്കിലും, സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ ഉപേക്ഷിക്കപ്പെട്ട കർണ്ണനെ വളർത്തിയത് അധിരഥനും രാധയുമാണ്. അതുകൊണ്ടുതന്നെ കർണ്ണന്റെ വ്യക്തി ജീവിതം ജന്മത്തേക്കാൾ, ഒരു മനുഷ്യന്റെ വളർച്ചയും വ്യക്തിത്വവും പ്രധാനമാണെന്ന വലിയ സന്ദേശം നൽകുന്നു.
കർണ്ണന്റെ ഏറ്റവും വലിയ വേദന അവന്റെ കഴിവിനും സാമൂഹിക അംഗീകാരത്തിനുമിടയിലെ അന്തരമായിരുന്നു. അർജുനനോടു തുല്യമായ, ചില സന്ദർഭങ്ങളിൽ അതിനും മുകളിൽ അതുല്യമായ യുദ്ധശേഷിയുണ്ടായിരുന്നിട്ടും, “സൂതപുത്രൻ” എന്ന പരിഹാസം അവനെ നിരന്തരം പിന്തുടർന്നു തളർത്തിയിരുന്നു. മനുഷ്യനെ അവന്റെ കഴിവുകൊണ്ടല്ല, ജന്മംകൊണ്ടും, കുലമഹിമകൊണ്ടും, സാമൂഹിക പദവികൊണ്ടും വിലയിരുത്തുന്ന മനോഭാവത്തിന്റെ പ്രതീകമായാണ് കർണ്ണന്റെ ജീവിതത്തെ വായിക്കാനാകുന്നത്. അതേസമയം, സ്വന്തം കഴിവ് തെളിയിക്കാനുള്ള അദ്ദേഹത്തിന്റെ അതിശക്തമായ ആഗ്രഹം ആത്മാഭിമാനത്തിന്റെ മറ്റൊരു മുഖവും കൂടി ഇവിടെ തുറന്നു കാണിക്കുന്നു. അംഗീകാരം നിഷേധിക്കപ്പെട്ട ഒരാളുടെ മനസ്സിന്റെ ഉള്ളിൽ എത്ര വലിയ മാനസിക സമ്മർദ്ദവും,പോരാട്ടമാണ് നടക്കുന്നതെന്ന് കർണ്ണൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
കർണ്ണന്റെ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവായിരുന്നു ദുര്യോധനനുമായുള്ള സൗഹൃദം. രാജസഭയിൽ അപമാനിക്കപ്പെട്ട കർണ്ണന് അങ്കരാജ പദവി നൽകി ബഹുമാനിച്ചത് ദുര്യോധനനായിരുന്നു. ആ നിമിഷം മുതൽ കർണ്ണൻ ദുര്യോധനനോട് അചഞ്ചലമായ കൃതജ്ഞത പുലർത്തി. എന്നാൽ ഇവിടെ കർണ്ണന്റെ ജീവിതത്തിലെ ഏറ്റവും വലിയ ധാർമ്മിക സംഘർഷം ഉഉടലെടുക്കുന്നു. കൃതജ്ഞതയും ധർമ്മവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ മനുഷ്യൻ ഏതു വഴിയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്? ദുര്യോധനൻ തന്റെ സുഹൃത്തായിരുന്നു; പക്ഷേ അവന്റെ പല പ്രവർത്തനങ്ങളും അധർമ്മത്തിലേക്കായിരുന്നു നീങ്ങിയത്. സുഹൃത്തിനോടുള്ള വിശ്വസ്തത കർണ്ണന്റെ മഹത്വമായിരുന്നെങ്കിലും, തെറ്റായ പക്ഷത്തോടുള്ള അതിരുകടന്ന വിശ്വസ്തത അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ ദൗർബല്യവും,പരാജയവുമായി മാറി.
ദാനശീലത്തിന്റെ കാര്യത്തിൽ കർണ്ണന് മഹാഭാരതത്തിൽ അതുല്യമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. “ദാനവീരൻ” എന്ന വിശേഷണം അദ്ദേഹത്തിന്റെ പേരിനോടൊപ്പം ചേർന്നത് വെറും യാദൃച്ഛികമല്ല. സ്വന്തം ജീവൻ സംരക്ഷിക്കാൻ സഹായകമായിരുന്ന കവചവും കുണ്ഡലവും ദാനം ചെയ്യാൻ അദ്ദേഹം തയ്യാറായി എന്നതാണ് മഹത്വവും പരാമവുമായ ധർമ്മം. ഇതിലൂടെ സമ്പത്ത് കൈവശം വയ്ക്കുന്നതിലല്ല, ആവശ്യമുള്ളവർക്ക് പങ്കുവയ്ക്കുന്നതിലാണ് മനുഷ്യന്റെ മഹത്വം എന്ന ആശയം കർണ്ണന്റെ ജീവിതം മുന്നോട്ടുവയ്ക്കുന്നു. എന്നാൽ ദാനവും ധർമ്മവും ഒരേ കാര്യമല്ലെന്നും അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഒരു വ്യക്തി ഉദാരനായിരിക്കാം, എന്നാൽ അതേസമയം ചില ധാർമ്മിക തീരുമാനങ്ങളിൽ തെറ്റുകളിലേക്ക് വഴുതിപ്പോകുന്നു എന്നും ഇത് നമ്മെ സൂചിപ്പിയ്ക്കുന്നു. അതാണ് കർണ്ണനെ കൂടുതൽ മനുഷ്യനാക്കുന്നത്,ആകൃഷ്ടനാക്കുന്നത്.
കുന്തി തന്റെ യഥാർത്ഥ മാതാവാണെന്നും, താൻ പാണ്ഡവരുടെ ജ്യേഷ്ഠ സഹോദരനാണെന്നും, അറിഞ്ഞ നിമിഷം മുതൽ കർണ്ണന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സത്യാവിഷ്കാരമായി മാറുന്നു. രാജ്യം, സഹോദരബന്ധം, ജന്മാവകാശം,കുളം,ധർമ്മം എന്നിവ തിരിച്ചുപിടിക്കാനുള്ള അവസരം അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നു, എന്നിട്ടും ദുര്യോധനനോടുള്ള കൃതജ്ഞത ഉപേക്ഷിക്കാൻ കർണ്ണൻ തയ്യാറാകുന്നില്ല. ഇവിടെ കർണ്ണൻ നമ്മോട് ചോദിക്കുന്ന ചോദ്യങ്ങൾ ഇന്നും സമകാലിക ജീവിതത്തിൽ/സന്ദർഭങ്ങളിൽ പ്രസക്തമാണ്. നമ്മെ നാമായി ഉയർത്തിയ ഒരാളോടുള്ള നന്ദി എത്രത്തോളം നമ്മെ ബന്ധിക്കണം? നന്ദി എന്ന പ്രഥമധർമ്മത്തെ എല്ലാം മറന്നു മറികടക്കണമോ ? ഈ ചോദ്യത്തിന് കർണ്ണന്റെ ജീവിതം വളരെ ലളിതമായ ഉത്തരമല്ല നമുക്ക് നൽകുന്നത്, മറിച്ച് സ്വയം വിശകലനം ചെയ്യാനുള്ള, ആലോചനയ്ക്കുള്ള വാതിൽ നമുക്ക് തുറക്കുകയാണ് ചെയ്യുന്നത്.
സമകാലിക ജീവിതത്തിൽ കർണ്ണന്റെ ഈ ജീവിത സപര്യക്കു വലിയ പ്രസക്തിയുണ്ട്. ഇന്നും കഴിവുണ്ടായിട്ടും അവസരം ലഭിക്കാത്തവർ നമുക്ക് മുന്നിൽ നിരവധിയുണ്ട് , ജന്മം, സാമ്പത്തിക പശ്ചാത്തലം, കുടുംബപദവി, സാമൂഹിക ബന്ധങ്ങൾ, നിറം,വർണ്ണം,കുലം എന്നിവയുടെ പേരിൽ പിന്നിലാക്കപ്പെടുന്നവർ ഒട്ടനവധിയുണ്ട്. അവരുടെ ഉള്ളിലെ കർണ്ണനെ തിരിച്ചറിയുകയും കഴിവിന് അവസരം നൽകുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതേസമയം, ജീവിതത്തിൽ നമുക്ക് കൈത്താങ്ങായവരോടുള്ള നന്ദി വിലപ്പെട്ടതാണെങ്കിലും, നന്ദിയുടെ പേരിൽ തെറ്റിനെയും അനീതിയെയും,അധിനിവേശത്തെയും പിന്തുണയ്ക്കരുതെന്ന പാഠവും കർണ്ണൻ സമൂഹത്തിനു നൽകുന്നു.
ഇന്നത്തെ രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും കർണ്ണന്റെ കഥയെ വായിക്കുമ്പോൾ മറ്റൊരു സന്ദേശവും തെളിഞ്ഞുവരുന്നു. വ്യക്തിയോടുള്ള വിശ്വസ്തതയേക്കാൾ മൂല്യങ്ങളോടുള്ള വിശ്വസ്തതയ്ക്കാണ് വലിയ പ്രാധാന്യവും, സ്ഥാനവും. ഒരു സുഹൃത്ത് / സഹജീവി നമ്മെ സഹായിച്ചുവെന്ന കാരണത്താൽ അവന്റെ എല്ലാ പ്രവൃത്തികളെയും ന്യായീകരിക്കുന്നത് യഥാർത്ഥ സൗഹൃദമല്ല. തെറ്റായ വഴിയിലേക്ക് പോകുന്ന പ്രിയപ്പെട്ടവനെ / സുഹൃത്തിനെ തിരുത്താൻ ശ്രമിക്കുന്നതിലാണ് യഥാർത്ഥ സൗഹൃദത്തിന്റെ മഹത്വം. ഈ തിരിച്ചറിവിൽ കർണ്ണന്റെ ജീവിതം ഒരു മുന്നറിയിപ്പായി സമകാലിക സമൂഹത്തിനു ഒരു ചൂണ്ടുപലകയാവുന്നു.
കർണ്ണൻ അതുകൊണ്ട് സമകാലിക ജീവിതത്തിൽ / മാനുഷിക സങ്കല്പങ്ങളിൽ പൂർണ്ണനായ ഒരു നായകനുമല്ല, പൂർണ്ണനായ പ്രതിനായകനുമല്ല. അവൻ മനുഷ്യന്റെ വൈരുദ്ധ്യങ്ങളുടെ മഹത്തായ പ്രതീകമാണ്,ഒപ്പം അപമാനിക്കപ്പെട്ടവനിൽ നിന്ന് മഹായോദ്ധാവായി ഉയർന്നവൻ, ദാനത്തിൽ മഹാനായവൻ, സൗഹൃദങ്ങൾ പാലിയ്ക്കുന്നവൻ എന്നാൽ തെറ്റായ പക്ഷത്തോടുള്ള വിശ്വസ്തതയിൽ ധാർമ്മികമായി പരാജയപ്പെട്ടവൻ. അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് ഏതു കുലത്തിൽ ,വർഗത്തിൽ ,നിറത്തിൽ പിറന്നു എന്നത് മനുഷ്യന്റെ മഹത്വം നിർണ്ണയിക്കുന്നില്ലെന്നും, കഴിവിനൊപ്പം വിവേകവും ധർമ്മബോധവും,കരുണയും,പരസ്നേഹവും നിർബന്ധമായും മനുഷ്യകുലത്തിൽ ആവശ്യമാണ് എന്നുമാണ്.
കർണ്ണന്റെ ജീവിതത്തെ ഓർക്കേണ്ടത് അദ്ദേഹത്തിന്റെ വീരമരണത്തിന്റെ പേരിൽ മാത്രം അല്ല. അവസരം നിഷേധിക്കപ്പെട്ടവന് അവസരം നൽകുക, അപമാനിക്കപ്പെട്ടവനെ മനുഷ്യനായി കാണുക, സഹായിച്ചവരോട് നന്ദിയുണ്ടാകുക, എന്നാൽ നന്ദിയുടെ പേരിൽ അധർമ്മത്തെ പിന്തുണയ്ക്കാതിരിക്കുക, സ്വന്തം കഴിവിനൊപ്പം ശരിയായ തീരുമാനത്തിനുള്ള വിവേകവും വളർത്തുക ,ഇതാണ് കർണ്ണന്റെ ജീവിതത്തിന്റെ സമകാലിക സന്ദേശം. മഹാഭാരതത്തിലെ കർണ്ണൻ ഒരു പുരാണ കഥാപാത്രമായി മാത്രം അവസാനിക്കുന്നില്ല, മനുഷ്യന്റെ ഉള്ളിലെ ആത്മാഭിമാനവും വേദനയും കൃതജ്ഞതയും ആശയക്കുഴപ്പവും ധർമ്മസംഘർഷവും പ്രതിഫലിപ്പിക്കുന്ന ഒരു ശാശ്വത കഥാപാത്രമായി ഇന്നും നമ്മുടെ മുന്നിൽ “കർണ്ണൻ” ഒരു പാഠ്യവിഷയമായി നിലകൊള്ളുന്നു.
