ന്യൂയോര്‍ക്ക്: അമേരിക്കയിൽ 93 മില്യൺ ഡോളറിന്റെ മെഡികെയർ തട്ടിപ്പ് നടത്തിയെന്ന കേസിൽ ഇന്ത്യൻ വംശജനായ ലാബ് ഉടമ ഖദീർ ഖാൻ മുഹമ്മദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 46 കാരനായ ഖദീറിനെ യുഎസ് ആരോഗ്യ-മനുഷ്യ സേവന വകുപ്പ് (HHS) ഔദ്യോഗികമായി പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
അറസ്റ്റ് ഒഴിവാക്കുന്നതിനായി ഖദീർ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നതായാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. നിലവിൽ ഹൈദരാബാദ് കേന്ദ്രീകരിച്ച് ഇയാൾ ഒളിവിൽ കഴിയുന്നതായും സംശയിക്കുന്നു.
തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് യുഎസ് ആരോഗ്യ വകുപ്പും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (FBI) അന്വേഷണം ശക്തമാക്കി. അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് ഖദീറിന്റെ സാധ്യതയുള്ള ഒളിത്താവളങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി ഖദീറുമായി ബന്ധമുള്ള വിവിധ ബാങ്ക് അക്കൗണ്ടുകൾ അധികൃതർ കണ്ടെത്തുകയും ഏകദേശം 6 മില്യൺ ഡോളർ മരവിപ്പിക്കുകയും ചെയ്തു.
വെറും പത്ത് ദിവസത്തിനിടെ വ്യാജ ക്ലെയിമുകളിലൂടെ മെഡികെയർ സംവിധാനത്തിൽ നിന്ന് ഏകദേശം 13 മില്യൺ ഡോളർ തട്ടിയെടുത്തതായാണ് ആരോപണം. ഖദീറിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ പ്രീമിയർ ലാബ്സ് എൽഎൽസി മൊത്തം 93 മില്യൺ ഡോളറിന്റെ ക്ലെയിമുകൾ സമർപ്പിച്ചതായും ഇതിൽ ഏകദേശം 65 മില്യൺ ഡോളർ അനുവദിക്കപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
ടെക്സസിലെ റിച്ചാർഡ്സൺ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അമേരിക്കൻ പ്രീമിയർ ലാബ്സ് എൽഎൽസി വഴിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. 2023 ഓഗസ്റ്റ് മുതൽ 2024 ഒക്ടോബർ വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പാക്കിയതെന്നാണ് കേസ് രേഖകൾ വ്യക്തമാക്കുന്നത്.
തട്ടിപ്പിന്റെ ഭാഗമായി നിരവധി അമേരിക്കൻ ഡോക്ടർമാരുടെ വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങളും രഹസ്യ വിവരങ്ങളും അവരുടെ അനുമതിയില്ലാതെ ഉപയോഗിച്ചതായും ആരോപണമുണ്ട്. തുടർന്ന്, ഡോക്ടർമാർ നിർദേശിച്ചിട്ടില്ലാത്ത ജനിതക പരിശോധനകൾ നടത്തിയതായി രേഖകൾ സൃഷ്ടിച്ച് അവരുടെ പേരിൽ മെഡികെയറിന് വൻതുകയുടെ ബില്ലുകൾ സമർപ്പിച്ചുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ക്ലെയിമുകളിൽ ഉൾപ്പെടുത്തിയ പല പരിശോധനകളും ബന്ധപ്പെട്ട ഡോക്ടർമാർ നിർദേശിച്ചിരുന്നില്ലെന്നും രോഗികളുടെ ചികിത്സയിൽ അവ ഉപയോഗിച്ചിരുന്നില്ലെന്നും അന്വേഷണ ഏജൻസികൾ പറയുന്നു. എന്നാൽ രേഖകളിൽ പരിശോധനകളും സേവനങ്ങളും നിയമാനുസൃതമാണെന്ന് തോന്നിക്കുന്ന തരത്തിൽ വ്യാജ സംവിധാനമൊരുക്കി സർക്കാർ ആരോഗ്യ പദ്ധതിയിൽ നിന്ന് വൻതുക കൈപ്പറ്റിയെന്നാണ് ആരോപണം.
ഒളിവിലുള്ള ഖദീറിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ യുഎസ് അധികൃതർ ഇന്ത്യൻ അന്വേഷണ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായാണ് വിവരം.
