മെസ്സിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്: അഞ്ച് കേന്ദ്രങ്ങളിൽ ഒരേസമയം എസ്‌ഐടി റെയ്ഡ്

കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോർട്ടർ ചാനലിന്റെ പേരില്‍ കേസെടുത്തു. കളമശ്ശേരി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആരംഭിച്ച പരിശോധന കൊച്ചി, വയനാട് ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിൽ ഒരേസമയം തുടരുകയാണ്. പരിപാടിയുടെ മുഖ്യ സ്പോൺസറായ റിപ്പോർട്ടർ ചാനലിന്റെ ഓഫീസിലും ഉടമ ആന്റോ അഗസ്റ്റിന്റെ വസതിയിലും പരിശോധന നടക്കുന്നുണ്ട്.

മെസ്സിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളുടെ മറവിൽ 549.22 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ജിഎസ്ടി വകുപ്പ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കൽ, നിയമവിരുദ്ധ വിദേശനാണ്യ ഇടപാടുകൾ, രഹസ്യ യുഎസ് ഡോളർ അക്കൗണ്ട് ഇടപാടുകൾ, കണക്കിൽപ്പെടാത്ത വായ്പകൾ, ആദായനികുതി വെട്ടിപ്പ് തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് നേരത്തെ സർക്കാരിന് കൈമാറിയിരുന്നു.

ആർബിസി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ വസതിയിലും അദ്ദേഹത്തിന്റെ സഹോദരന്മാരും സ്ഥാപനത്തിന്റെ സഹ ഉടമകളുമായ റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരുടെ വീടുകളിലും അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ഷാഫീന മെഹർ അലിയുടെ വസതിയിലും പൊലീസ് പരിശോധന നടത്തി.

തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സി.കെ. ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാവിലെ ആറുമണിയോടെയാണ് കമ്പനിയുടെ വാർത്താ ചാനലായ റിപ്പോർട്ടർ ടിവി പ്രവർത്തിക്കുന്ന ആർബിസി ആസ്ഥാനത്ത് പരിശോധന ആരംഭിച്ചത്. പ്രതിഷേധങ്ങൾക്കിടെ പൊലീസ് സംഘം ന്യൂസ് റൂമിൽ പ്രവേശിക്കുകയും മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തതായി ആരോപണമുയർന്നു.

കോടതി പുറപ്പെടുവിച്ച സെർച്ച് വാറന്റിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ജോയ് ചന്ദ്രൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് പരിശോധിക്കുന്നതിനുള്ള നോട്ടീസ് നൽകാൻ ശ്രമിച്ചെങ്കിലും ആർബിസി അധികൃതർ അത് സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥ ഉടൻ സ്ഥലത്തെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ കോളുകൾക്ക് മറുപടി ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ന്യൂസ് റൂമിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും എന്നാൽ പരിശോധനയുമായി ആർബിസി അധികൃതർ സഹകരിക്കുന്നില്ലെന്നും ജോയ് ചന്ദ്രൻ പറഞ്ഞു.

കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പൊലീസ് സംഘം ന്യൂസ് റൂമിലേക്ക് കടന്നുകയറി പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും ഇൻപുട്ട് കോളുകളുടെ നിയന്ത്രണം ഏറ്റെടുത്തെന്നും ആർബിസി വൃത്തങ്ങൾ ആരോപിച്ചു. ഷാഫീന മെഹർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സ്ഥാപനവുമായി ബന്ധപ്പെട്ടവർ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

പൊലീസ് നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധവും ഉയർന്നു. ന്യൂസ് റൂമിനുള്ളിൽ പൊലീസ് സൃഷ്ടിച്ചത് ‘ഒന്നര മണിക്കൂർ നീണ്ട ഭീകരാന്തരീക്ഷം’ ആയിരുന്നെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Leave a Comment

More News