തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിലെ ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സും കേരള ന്യൂസ്‌പേപ്പർ എംപ്ലോയീസ് ഫെഡറേഷനും ചേർന്ന് 12 കേന്ദ്ര-സംസ്ഥാന ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച രാപ്പകൽ പ്രക്ഷോഭത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ എൽഡിഎഫ് സർക്കാർ വിഷയത്തിൽ ഇടപെട്ട് താൽക്കാലിക ഒത്തുതീർപ്പിന് വഴിയൊരുക്കിയിരുന്നുവെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ജീവനക്കാർക്ക് സ്വീകാര്യമല്ലാത്ത നിലപാടുകളിൽ നിന്ന് മാധ്യമം മാനേജ്‌മെന്റിനെ പിന്തിരിപ്പിക്കാൻ ഇപ്പോഴത്തെ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജീവനക്കാർ ആവശ്യപ്പെടുന്നത് അർഹമായ ശമ്പളവും തൊഴിൽ അവകാശങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമം സ്ഥാപനത്തിൽ നടക്കുന്നതായി ജീവനക്കാർ ഉന്നയിക്കുന്ന കാര്യങ്ങൾ ഒരു മാധ്യമ സ്ഥാപനത്തിൽ മാത്രമല്ല, ഏതൊരു ആധുനിക തൊഴിൽ സ്ഥാപനത്തിലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്ഥിരം ജീവനക്കാരെ രാജിവയ്ക്കാൻ സമ്മർദ്ദം ചെലുത്തുകയും പിന്നീട് കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയും ചെയ്യുന്ന രീതിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. നവലിബറൽ കാലഘട്ടത്തിൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾ പിന്തുടരുന്ന തൊഴിൽനയങ്ങൾ ഒരു മാധ്യമ സ്ഥാപനം നടപ്പാക്കുന്നത് ഗൗരവമായി കാണേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം തൊഴിൽനയങ്ങൾ സമരത്തിലുള്ള മാധ്യമം ജീവനക്കാർക്ക് മാത്രമല്ല, കേരളത്തിലെ മറ്റ് സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ പിണറായി വിജയൻ സമരത്തിന് പിന്തുണയും അറിയിച്ചു.
