മഹാഭാരതത്തിലെ ഏകലവ്യൻ എന്ന കഥാപാത്രം എക്കാലവും, മനുഷ്യ രാശിയെ ചിന്തിപ്പിക്കുന്ന, മനുഷ്യന്റെ കഴിവിനും സ്വപ്നങ്ങൾക്കും മുന്നിൽ സമൂഹം ഉയർത്തുന്ന അദൃശ്യ മതിലുകളെക്കുറിച്ചുള്ള ശക്തമായ ഒരു ചോദ്യമാണ്. കാട്ടിൽ വളർന്ന ഒരു നിഷാദ യുവാവായ ഏകലവ്യന് അസ്ത്ര വിദ്യ പഠിക്കണമെന്ന അതിയായ ആഗ്രഹമുണ്ടാകുന്നു. ശക്തനും, പ്രഗത്ഭനായ ദ്രോണാചാര്യരെ ഗുരുവായി മനസ്സിൽ സ്വീകരിച്ച്, നേരിട്ടുള്ള പരിശീലനം ലഭിക്കാതിരുന്നിട്ടും, അദ്ദേഹത്തിന്റെ മൺപ്രതിമയ്ക്കു മുമ്പിൽ അഭ്യസിച്ച് ഏകലവ്യൻ അതുല്യനായ വില്ലാളിയായി മാറി. എന്നാൽ, തന്റെ കഴിവ് തെളിയിച്ചപ്പോൾ, അത് തന്റെ ഗുരുസ്ഥാനീയൻ തിരിച്ചറിഞ്ഞപ്പോൾ, ഗുരുദക്ഷിണയായി വലതു കൈയിലെ പെരുവിരൽ ആവശ്യപ്പെടുകയും, യാതൊരു മടിയും കൂടാതെ അത് സമർപ്പിക്കുകയും ചെയ്ത ഏകലവ്യന്റെ കഥ ചരിത്രത്തിന്റെ മനസ്സിൽ ഇന്നും മായാത്ത ചോദ്യമായി നിലകൊള്ളുന്നു.
“ഏകലവ്യന്റെ പെരുവിരൽ” എന്ന തലക്കെട്ടോടെ ഇവിടെ പറയുവാനുദ്ദേശിക്കുന്നത് കേവലം ഒരു ശരീരത്തിന്റെ അവയഭാഗം മാത്രമല്ല. അത് ഒരു മനുഷ്യന്റെ അഹോരാത്ര പരിശ്രമത്തിന്റെയും, കഴിവിന്റെയും, സ്വപ്നത്തിന്റെയും സ്വാഭിമാനത്തിന്റെയും, ആത്മസാക്ഷാത്കാരത്തിന്റെയും പ്രതീകമാണ്. അവസരം നിഷേധിക്കപ്പെട്ട ഒരാൾ സ്വന്തം പരിശ്രമത്തിലൂടെ ഉയരുമ്പോൾ, അവന്റെ മുന്നേറ്റത്തെ തടയാൻ അധികാരവും സാമൂഹിക പദവിയും ഉപയോഗിക്കപ്പെടുന്ന അവസ്ഥയുടെ പ്രതീകമായും അതിനെ വായിക്കാം. അതുകൊണ്ടുതന്നെ ഏകലവ്യന്റെ കഥയെ പഴയൊരു ഇതിഹാസ സംഭവമായി മാത്രം കാണാതെ, ഇന്നത്തെ സമൂഹത്തിന്റെ കണ്ണാടിയായി, അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ, കഴിവുകൾ എൻറെ ഉണ്ടായിട്ടും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ പ്രതീകമായി കൂട്ടി വായിക്കേണ്ടതുണ്ട്.
ഇന്നും, സമകാലിക സമൂഹത്തിൽ ഏകലവ്യന്മാർ ഏറെയുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾ, ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള പ്രതിഭകൾ, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, ആവശ്യമായ സൗകര്യങ്ങൾ, പരിഗണനകൾ ലഭിക്കാത്ത യുവാക്കൾ, കായിക താരങ്ങൾ, കലാ, സാഹിത്യ പ്രവർത്തകർ.. ഇവരിൽ പലർക്കും കഴിവുണ്ട്. പക്ഷേ, ആ കഴിവിനെ വളർത്താനുള്ള അവസരങ്ങൾ ഒരുപോലെ ലഭിക്കുന്നില്ല. ചിലർക്ക് മികച്ച വിദ്യാഭ്യാസവും പരിശീലനവും സാങ്കേതിക, സാമ്പത്തീക സൗകര്യങ്ങളും ലഭിക്കുമ്പോൾ, മറ്റു ചിലർ അടിസ്ഥാന സൗകര്യങ്ങൾക്കു പോലും വേണ്ടി പോരാടുന്നു. കഴിവിന്റെ കുറവല്ല പലപ്പോഴും ഈ പിന്നാക്കാവസ്ഥയ്ക്ക് കാരണം, അവസരങ്ങളിൽ ഉള്ള അസമത്വമാണ്. ആധുനിക ലോകം മെറിറ്റിനെയും കഴിവിനെയും കുറിച്ച് സംസാരിക്കുന്നു. എന്നാൽ കഴിവ് തെളിയിക്കാനുള്ള അവസരം എല്ലാവർക്കും ഒരുപോലെ ലഭിക്കുന്നുണ്ടോ എന്നതാണ് കൂടുതൽ പ്രധാനപ്പെട്ട ചോദ്യം. ഒരു പരീക്ഷയിൽ വിജയിക്കാൻ ആവശ്യമായ കഴിവിനൊപ്പം സാമ്പത്തിക സാഹചര്യം, കുടുംബപശ്ചാത്തലം, വിദ്യാഭ്യാസ സൗകര്യം, പരിശീലനം, ഭാഷ, സാമൂഹിക ബന്ധങ്ങൾ, രാഷ്ട്രീയ ഇടപെടലുകൾ, ജാതി,മതം തുടങ്ങിയ പല ഘടകങ്ങളും പലപ്പോഴും സ്വാധീനം ചെലുത്തുന്നു. അതിനാൽ “ആരാണ് മികച്ചത്?” എന്ന ചോദ്യത്തോടൊപ്പം “ആർക്കാണ് മികച്ചതാകാനുള്ള അവസരം ലഭിച്ചത്?” എന്ന ചോദ്യവും സമൂഹം ചോദിക്കണം.
ഏകലവ്യന്റെ കഥയിലെ ഏറ്റവും വേദനാജനകമായ ഭാഗം അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹത്തോട് ഗുരുദക്ഷിണ ആവശ്യപ്പെടുന്നത്. കഴിവ് അംഗീകരിക്കുകയും അതേ സമയം അതിന്റെ വളർച്ച തടയുകയും ചെയ്യുന്ന ഈ വിരോധാഭാസം ഇന്നും വിവിധ രൂപങ്ങളിൽ നമുക്ക് കാണാം. സ്ഥാപനങ്ങളിലെ അവസര നിഷേധം, പരിചയമില്ലാത്തവരെ അവഗണിക്കൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സ്വപ്നങ്ങളെ ചെറുതാക്കൽ, അധികാരബന്ധങ്ങൾ ഉപയോഗിച്ച് മറ്റൊരാളുടെ മുന്നേറ്റം തടയൽ, സ്ഥാനമാനങ്ങൾ പിൻവാതിലിലൂടെ തട്ടിയെടുക്കൽ, രാഷ്ട്രീയ ജാതി, മത ഇടപെടലുകൾ, കൈക്കൂലി, പിൻവാതിൽ നിയമനങ്ങൾ, തൊഴിൽ അനീതികൾ ഇവയെല്ലാം ആധുനിക കാലത്തെ “പെരുവിരലുകൾ” ആയി നമുക്ക് കാണാം.
ഏകലവ്യൻ തന്റെ കഴിവ് സ്വയം കണ്ടെത്തിയ വ്യക്തിയാണ്. ഗുരുവിന്റെ നേരിട്ടുള്ള പരിശീലനം ലഭിക്കാതിരുന്നിട്ടും നിരന്തരമായ പരിശ്രമത്തിലൂടെ, സാങ്കല്പീകമായ ഗുരു സാന്നിധ്യത്തിൽ അദ്ദേഹം തന്റെ കഴിവ് വികസിപ്പിച്ചു. അതാണ് ഈ കഥയുടെ മറ്റൊരു വലിയ സന്ദേശം. അവസരം നിഷേധിക്കപ്പെടുമ്പോഴും ലക്ഷ്യവും,സ്വപ്നങ്ങളും, മാനസീകമായ കരുത്തും, ഉപേക്ഷിക്കരുത് എന്ന ആത്മവിശ്വാസം ഏകലവ്യനിൽ നിന്ന് നമുക്ക് പഠിക്കാം. എന്നാൽ അതിനൊപ്പം, ഒരു വ്യക്തിക്ക് സ്വയം പോരാടി മുന്നേറേണ്ടി വരുന്നത് മാത്രം മഹത്വവൽക്കരിക്കാതെ, എല്ലാവർക്കും തുല്യമായ അവസരങ്ങൾ സൃഷ്ടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും മനസ്സിലാക്കണം. സാമൂഹിക, സാങ്കേതിക വിദ്യയുടെയും,ഇടപെടലുകളുടെയും ഒക്കെ ആധുനീക വത്കരിച്ച ലോകത്തിൽ പോലും തുല്യ നീതി എന്നത് വെള്ളത്തിൽ വരച്ച വരപോലെയാണ്. വിദ്യാഭ്യാസരംഗത്താണ് ഈ സന്ദേശത്തിന് ഏറ്റവും വലിയ പ്രസക്തി. ഒരു കുട്ടിയുടെ കഴിവ് കുടുംബത്തിന്റെ സാമ്പത്തിക ശേഷിയെ ആശ്രയിച്ച് വളരുകയോ തളരുകയോ ചെയ്യരുത്. മികച്ച അധ്യാപകരും ഗ്രന്ഥശാലകളും ഡിജിറ്റൽ സൗകര്യങ്ങളും പരിശീലനവും ലഭിക്കുന്ന കുട്ടിക്ക് ലഭിക്കുന്ന അവസരം, അതേ കഴിവുള്ള മറ്റൊരു കുട്ടിക്കും ലഭിക്കണം. ഒരു കുട്ടിയുടെ ജനനം അവന്റെ സ്വപ്നങ്ങളുടെ പരിധി നിശ്ചയിക്കുന്ന സമൂഹം പുരോഗമിച്ച സമൂഹമാകില്ല. കഴിവിനെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സംവിധാനമാണ് യഥാർത്ഥ സാമൂഹിക നവോത്ഥാനത്തിന്റെ അടിത്തറ. തൊഴിൽ ലഭ്യതയ്ക്കുള്ള മാനദണ്ഡങ്ങൾ ഏകീകൃതമാണ്, എന്ന് പറയുന്നുണ്ട് എങ്കിലും,അലിഖിത വ്യവസ്ഥകൾ നടപ്പിലാക്കപ്പെടുന്നത് ഒരു സ്വാഭാവിക സംഭവമായി മാറിയിരിയ്ക്കുന്നു. അതുകൊണ്ടു,തൊഴിൽരംഗത്തും ഏകലവ്യന്റെ പെരുവിരൽ പ്രസക്തമാണ്. ചിലപ്പോൾ കഴിവിനേക്കാൾ ബന്ധങ്ങളും പരിചയങ്ങളും സാമൂഹിക സ്വാധീനവും അവസരങ്ങൾ നിർണ്ണയിക്കുന്നതായി ആരോപണങ്ങൾ ഉയരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ചോദിക്കേണ്ടത് ഒരാളുടെ കുടുംബപശ്ചാത്തലം എന്താണെന്നല്ല, അയാളുടെ കഴിവും അധ്വാനവും എന്താണെന്നതാണ്. സുതാര്യമായ നിയമനവും തുല്യാവസരവും കഴിവിനെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലും സമൂഹത്തിൽ ശക്തിപ്പെടേണ്ടത് ആവശ്യമാകുന്നതും അതിന്നായി കാലങ്ങളായി നടന്നുവരുന്ന പോരാട്ടങ്ങൾ തുടരുകയും ചെയ്യുന്നു..
അതേസമയം, ഏകലവ്യന്റെ കഥയെ ഏകപക്ഷീയമായി വായിച്ചു മനസ്സിലാക്കാതെ . മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളും സംഭവങ്ങളും വിവിധ കാലഘട്ടങ്ങളിൽ വിവിധ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ആ കഥയെ ഇന്നത്തെ സാമൂഹിക മാനദണ്ഡങ്ങളിലേക്ക് നേരിട്ട് മാറ്റിവയ്ക്കുന്നതിനുപകരം, അതിൽ ഉയരുന്ന ധാർമ്മികവും സാമൂഹികവുമായ ചോദ്യങ്ങളെ വിമർശനാത്മകമായി പരിശോധിക്കുകയാണ് ഉചിതം. ഗുരുഭക്തി, കർത്തവ്യം, സാമൂഹിക ക്രമം, വ്യക്തിയുടെ സ്വാതന്ത്ര്യം, തുല്യ നീതി, ചൂഷണം, ധർമ്മം, കർമ്മപഥം, ലക്ഷ്യബോധം, ആത്മാഭിമാനം, ഇവ തമ്മിലുള്ള ഇന്നുകളിലും നിലയ്ക്കാത്ത സംഘർഷമാണ് ഏകലവ്യന്റെ കഥയെ ഇന്നും പ്രസക്തമാക്കുന്നത്.
ഇന്ന് സമൂഹത്തിന് ആവശ്യം പുതിയ ഏകലവ്യന്മാരുടെ പെരുവിരൽ മുറിച്ചെടുക്കുന്ന സംവിധാനങ്ങളല്ല. അവരുടെ കഴിവിന് വേദി ഒരുക്കുന്ന സംവിധാനങ്ങളാണ് വേണ്ടത് . ഒരു കുട്ടി ദാരിദ്ര്യത്തിൽ ജനിച്ചതുകൊണ്ടും, ഒരു യുവാവ് ഗ്രാമത്തിൽ വളർന്നതുകൊണ്ടും, അനാഥൻ ആയതു കൊണ്ടോ,ഒരു കുടുംബത്തിന് സാമ്പത്തിക ശക്തി കുറവായതുകൊണ്ടും, അവന്റെ മതമോ,ജാതിയോ കുലമോ നോക്കാതെ അവരുടെ സ്വപ്നങ്ങൾക്ക് പരിധികൾ വയ്ക്കാതെ സ്വപ്നങ്ങൾക്ക് നിറം പകരുന്ന . കഴിവ് എവിടെയുണ്ടെങ്കിലും അതിനെ കണ്ടെത്തി വളർത്തുക എന്നതാണ് ഒരു ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വം,വ്യക്തിഗത വികസനത്തിന്റെ അടിത്തറയും
“ഏകലവ്യന്റെ പെരുവിരൽ” കാലങ്ങൾ മാറി മറിയുമ്പോഴും ഓരോ തലമുറയോടും ചോദിക്കുന്ന ഒരു ചോദ്യമാണ്. “കഴിവുള്ളവന്റെ വഴി നാം തുറക്കുകയാണോ, അതോ അടയ്ക്കുകയാണോ?” സമൂഹത്തിലെ അധികാരവും വിദ്യാഭ്യാസവും സമ്പത്തും അവസരങ്ങളും കുറച്ചുപേർക്കു വേണ്ടി മാത്രം കേന്ദ്രീകരിക്കുമ്പോൾ പുതിയ ഏകലവ്യന്മാർ വീണ്ടും ഉണ്ടാകും. എന്നാൽ അവരുടെ കഴിവുകളെ അംഗീകരിക്കുകയും പരിശീലിപ്പിക്കുകയും മുന്നോട്ട് കൊണ്ടുവരികയും ചെയ്യുന്ന ഒരു സമൂഹം സൃഷ്ടിക്കാനായാൽ, ഏകലവ്യന്റെ പെരുവിരൽ ഒരു നഷ്ടത്തിന്റെ, സമര,സാമൂഹിക വിപ്ലവത്തിന്റെ പ്രതീകത്തിൽ നിന്ന് ഒരു വലിയ സാമൂഹിക പാഠത്തിന്റെ പ്രതീകമായി മാറും.
ഏകലവ്യൻ എന്ന കഥാപാത്രം പൊതുസമൂഹത്തോടു പറയുന്നത് ഒരു ലളിതമായ സത്യമാണ്. അവസരം നിഷേധിക്കപ്പെട്ടാലും സ്വന്തം കഴിവുകൾ നിഷേധിക്കപ്പെടുന്നില്ല. എന്നാൽ കഴിവിന് അവസരം നൽകുക എന്നത് വ്യക്തിയുടെ മാത്രം പോരാട്ടമല്ല, അത് സമൂഹത്തിന്റെ കൂട്ട്ഉത്തരവാദിത്വമാണ്. ഒരു മനുഷ്യന്റെ സ്വപ്നം, ലക്ഷ്യം, കർമ്മം,ധർമ്മം മറ്റൊരാളുടെ അധികാരത്തിന്റെ വിലയായി മാറാത്ത ഒരു സമൂഹമാണ് യഥാർത്ഥ നീതിയുള്ള സമൂഹം. അതുകൊണ്ടുതന്നെ, സമകാലിക ദിനങ്ങളിൽ “ഏകലവ്യന്റെ പെരുവിരൽ” നമ്മെ ഓർമ്മിപ്പിക്കുന്നത് ത്യാഗത്തെക്കാൾ ശക്തമായി തുല്യാവസരത്തിന്റെ ആവശ്യകതയും,അതിനു വേണ്ടിയുള്ള നിരന്തര പരിശ്രമവുമാണ്.
