മലപ്പുറത്ത് ജന്തർ മന്ദർ; ഗ്യാനേഷ് കുമാറിനെ പുറത്താക്കി ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയാൽ മോദി ഭരണകൂടം താഴെ വീഴും: ഹമീദ് വാണിയമ്പലം

ജന്തർ മന്ദർ പ്രക്ഷോഭം വെൽഫെയർ പാർട്ടി ദേശീയ അധ്യക്ഷൻ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

മലപ്പുറം: ജനത്തെ ഭയപ്പെടുത്തി നിർത്തിയിരുന്ന ഭരണകൂടം ജന്തർ മന്ദറുകൾക്ക് ശേഷം ജനതയെ ഭയപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഗ്യാനേഷ് കുമാറിനെ പുറത്താക്കി ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറായാൽ മോദി ഭരണകൂടം താഴെ വീഴുമെന്ന് തീർച്ചയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം.

രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്ന വോട്ടുകൊള്ളക്കെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലവും ഫ്രറ്റേണിറ്റി മൂവ്മെന്റും സംയുക്തമായി മലപ്പുറത്ത് സംഘടിപ്പിച്ച ജന്തർ മന്ദർ പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയുടെ ഭാഗമായി ഡൽഹിയിലെ ജന്തർ മന്ദർ സമരപോരാളിയും ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറിയുമായ ലുബൈബ് ബഷീറിന് സ്വീകരണം നൽകി.

ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, ജില്ലാ പ്രസിഡന്റ് വി.ടി.എസ്. ഉമർ തങ്ങൾ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി ജസീല കെ.പി., ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി ഷാരൂൻ അഹമ്മദ്, ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് അബ്ഷർ, മുനിസിപ്പൽ കൗൺസിലർ ഷിറിൻ ഇർഫാൻ, ബ്ലോക്ക് മെമ്പർ സാജിദ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

മെഹർബ സംഗീത അക്കാദമി കലാകാരികൾ അവതരിപ്പിച്ച സമരഗീതങ്ങൾ അരങ്ങേറി.

വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഷാക്കിർ മോങ്ങം അധ്യക്ഷത വഹിച്ചു. മണ്ഡലം ജോയിന്റ് സെക്രട്ടറി സിയാഹുൽ ഹഖ് സ്വാഗതവും മലപ്പുറം മുനിസിപ്പൽ പ്രസിഡന്റ് അഹമ്മദ് സലീം വാളൻ നന്ദിയും പറഞ്ഞു.

വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ് മഹ്ബൂബ് റഹ്മാൻ പൂക്കോട്ടൂർ, ട്രഷറർ അബ്ദുസ്സമദ് തൂമ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

More News