കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ,
കുഞ്ഞു കിടന്നു കരഞ്ഞീടും..
കുഞ്ഞേ കുഞ്ഞേ നീ തരുമോ..
നിന്നുടെ കയ്യിലെ നെയ്യപ്പം?
ഇല്ല തരില്ലീ നെയ്യപ്പം..
അയ്യോ കാക്കേ പറ്റിച്ചോ!!!!”
ഉള്ളൂർ എസ്. പരമേശ്വര അയ്യരുടെ ഒരു ചെറിയ കവിതയാണിത്. അധികമാരും ചർച്ചാ വിഷയമാക്കാത്ത ഈ അർത്ഥസമ്പുഷ്ടമായ വരികളെ ബാലസാഹിത്യപ്പട്ടികയിലെ വരികളായി അദ്ധ്യാപകരും, കളരികളിലും, മാതാപിതാക്കളും, അപ്പൂപ്പന്മാരും അമ്മൂമ്മമാരും ചെറിയ കുട്ടികൾക്ക് പാടിക്കൊടുക്കുന്ന ഒന്ന്. ഒരു ബാലസാഹിത്യം എന്ന് നാം വിശേഷിപ്പിക്കുകയും, പാടിപ്പാടി തലമുറകൾ കൈമാറിയ ഈ കവിതയുടെ അന്തരാർത്ഥ വിശാലത ചർച്ച ചെയ്യപ്പെടേണ്ട ഒന്നല്ലേ? പ്രത്യേകിച്ച് ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളിൽ. അങ്ങനെ ഒന്നാണ് ഇന്നിവിടെ കുറിക്കുവാൻ ആഗ്രഹിക്കുന്നത്.
കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും കാണുന്ന പക്ഷികളിലൊന്നാണ് കാക്ക. തൊടിയിലെ മരത്തിൽ എവിടെനിന്നോ പറന്നുവന്നിരിക്കുന്ന ഒരു കാക്ക. അതേ തൊടിയിൽ കളിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടി. ആ കുട്ടിയുടെ കൈയിൽ ഒരു നെയ്യപ്പവും ഉണ്ട്. ഇതാണ് ഉള്ളൂർ തെരഞ്ഞെടുത്ത വരികളുടെ പശ്ചാത്തലം.
1877 ജൂൺ 06ന് മലയാള സാഹിത്യ ലോകത്ത് ജന്മം കൊണ്ട അദ്ദേഹം 1949-ൽ ഇഹലോകവാസം വെടിഞ്ഞു. ഈ കാലഘട്ടത്തിൽ കേരളത്തിൽ ജാതി, മത വ്യത്യാസങ്ങളും അയിത്തവും കൊടികുത്തി വാണിരുന്നു. നവോത്ഥാന നായകരുടെ പ്രവർത്തനങ്ങൾ അതിഗംഭീരമായി നടന്ന കാലയളവുകൂടിയാണ് ഈ കാലഘട്ടം. ഈ കാലഘട്ടത്തിൽ എഴുതപ്പെട്ട വരികളായതുകൊണ്ടുതന്നെയാണ് ഈ പാഠ്യശകലം ഒരു ബാലസാഹിത്യമല്ല, മറിച്ച് കാലഘട്ടത്തിലെ അസമത്വത്തോടുള്ള താരതമ്യപ്പെടുത്തലാണ് എന്ന് മാറ്റിപ്പറയുവാൻ കാരണം.
എങ്ങോ നിന്ന് ഭക്ഷണം തേടി അലഞ്ഞുവന്ന ഒരു കാക്കയോട് വളരെ പ്രസക്തമായ ഒരു സാമൂഹിക വിഷയമാണ് ഈ കുട്ടി അറിയുവാൻ ശ്രമിക്കുന്നത്. കാക്ക എന്ന പക്ഷി കാണുവാൻ ഭംഗിയില്ലാത്ത, നല്ല ശബ്ദമില്ലാത്ത, അഴുക്കു ചാലിൽ നിന്നും ഭക്ഷണം കഴിക്കുന്ന കറുത്ത പക്ഷിയാണ് എന്ന് കൂടി ഓർക്കുക. അങ്ങനെയുള്ള പക്ഷിയോട് നെയ്യപ്പം കഴിക്കുന്ന കുട്ടിയാണ് വിശേഷം തിരക്കുന്നത്.
നാട്ടിൽ പട്ടിണിയും അരി ക്ഷാമവും ദാരിദ്ര്യവും അയിത്തവും ഉള്ള കാലഘട്ടത്തിൽ ഒരു കുട്ടി നെയ്യപ്പം കഴിക്കണമെങ്കിൽ അവർ സമ്പന്നരും സവർണരും ആണെന്നുള്ള അർത്ഥവും ഇവിടെ ഒളിഞ്ഞിരിക്കുന്നു. ഒരു പരിചയവും ഇല്ലാത്ത കറുത്തവനായ കാക്കയുടെ കൂടെവിടെയാണ്? കൂട്ടിൽ കുഞ്ഞുണ്ടോ? കുഞ്ഞിന് തീറ്റ കൊടുത്തില്ലെങ്കിൽ അത് കരയില്ലേ? എന്ന വളരെയേറെ സാമൂഹിക പ്രസക്തിയുള്ള ചില ചോദ്യങ്ങളാണ് ആ കുട്ടി ചോദിക്കുന്നത്.
അതിനുത്തരമായി ആ “കറുത്ത കാക്ക” പറയുന്ന മറുപടിയും അതിമനോഹരമാണ്. കുഞ്ഞേ, കുഞ്ഞേ നീ തരുമോ… എത്ര സ്നേഹത്തോടെയും ഭവ്യതയോടെയും ആർദ്രവുമായ സംബോധനയാണെന്ന് നോക്കുക. അങ്ങനെ ആ കാക്ക കുട്ടിയുടെ കൈയിലെ നെയ്യപ്പം കൂട്ടിനകത്തുള്ള തന്റെ കുഞ്ഞിനായി ചോദിക്കുമ്പോൾ, കാക്കയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തിരക്കി അറിഞ്ഞ കുട്ടി പറയുകയാണ്: “ഇല്ല തരില്ല നെയ്യപ്പം…”
ഇവിടെയാണ് അദ്ധ്യാപകരും മാതാപിതാക്കളും അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കുവാൻ വിട്ടുപോയ ഏറ്റവും പ്രധാന കാര്യം ഒളിഞ്ഞിരിക്കുന്നത്. വഴിയേ പോയ ഒരു പട്ടിണിക്കാരന്റെ, അവന്റെ കുട്ടിയുടെ, കുടുംബത്തിന്റെ എല്ലാ ദാരിദ്ര്യവും ചോദിച്ചറിഞ്ഞിട്ടും സമ്പത്തിന്റെ നടുവിൽ നിൽക്കുന്ന കുട്ടിക്ക് ആ പട്ടിണിക്കാരനെ സഹായിക്കുവാനുള്ള സന്നദ്ധതയും മനസ്സും ഉണ്ടാകുന്നത്, അല്ലെങ്കിൽ നാം പാകപ്പെടേണ്ടത് എങ്ങനെ എന്ന് പറഞ്ഞു കൊടുക്കുവാൻ അദ്ധ്യാപകർ അടക്കമുള്ള മുതിർന്നവർക്കും സാമൂഹിക പ്രവർത്തകർക്കും നാളിതുവരെയും കഴിഞ്ഞിട്ടില്ല.
ഉള്ളതുകൊണ്ട് ഇല്ലാത്തവനെയും നമ്മുടെ സഹജീവികളെയും സഹായിക്കുക, പങ്കുവയ്ക്കുക എന്ന ശീലം പഠിപ്പിക്കുവാൻ ഉതകുന്ന ഉള്ളൂരിന്റെ ഈ വരികളെ ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനും ഉറക്കുപാട്ടായും പാടിക്കൊടുത്ത് ഒരു നൂറ്റാണ്ടിലധികം മലയാളിയും മലയാള ബാലസാഹിത്യവും കടന്നുപോകുന്നു. എത്ര ശോചനീയമാണ് നമ്മുടെ സാഹിത്യത്തിന്റെ രേഖപ്പെടുത്തലുകൾ എന്ന് നോക്കൂ.
നമ്മുടെ ചുറ്റുപാടുകളിൽ നമുക്കിതുപോലെ ഒട്ടനവധി കുശലാന്വേഷകരെ ദിനംപ്രതി കാണുവാൻ കഴിയും. പക്ഷേ, അവർ “പങ്കുവയ്ക്കുക” എന്ന ശീലത്തിൽ നിന്നും സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവരാണ് എന്ന് നമുക്ക് കാണുവാൻ കഴിയും.
അതുപോലെ ഒരു കവിയോ സാഹിത്യകാരനോ മനസ്സിൽ എന്ത് ഉദ്ദേശിച്ചുകൊണ്ടാണോ വരികൾ എഴുതുന്നത് എന്നത് പലരും പല രീതിയിലും വ്യാഖ്യാനിച്ച് അതിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതായും കാണാം.
ഇത് വായിച്ച നിങ്ങൾക്കും ഇപ്പോൾ തോന്നിയില്ലേ, ഉള്ളൂരിന്റെ ഈ വരികളെ വ്യാഖ്യാനിച്ച് എവിടെ വരെ എത്തിച്ചു എന്ന്.
അക്ഷരങ്ങൾക്ക് മരണമില്ല, അത് വരികൾക്കിടയിലെ വരികളെ വളർത്തിയെടുക്കുന്നു.

