ചൈനയിലെ ഷെൻഷെനിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ചരിത്രപരമായ ത്രിരാഷ്ട്ര ഉച്ചകോടിക്കു ശേഷം ലോകത്തിലെ മൂന്ന് പ്രധാന ശക്തികൾ നിർണായകമായ ചുവടുവയ്പ്പ് നടത്തി. കൂടിക്കാഴ്ചയ്ക്കുശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ എന്നിവർ സംയുക്ത സമാധാന പ്രഖ്യാപനത്തിൽ ഒപ്പു വെച്ചു. ഐക്യരാഷ്ട്രസഭയിൽ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന പ്രതിജ്ഞയും പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ പരിഷ്കരണത്തിനും സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനുമായി ദീർഘകാലമായി ആവശ്യമുന്നയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ നീക്കം ഏറെ പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, യുഎസ്-ചൈന-റഷ്യ ത്രിരാഷ്ട്ര ഉച്ചകോടിയിൽ നിരവധി സുപ്രധാന വിഷയങ്ങളിൽ മൂന്ന് നേതാക്കളും ധാരണയിലെത്തി. ഐക്യരാഷ്ട്രസഭയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട നിർദേശമായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇതിനുപുറമെ, ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉൽപാദനവും വിതരണവും വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും നേതാക്കൾ വിശദീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയും സമാനമായ മറ്റ് സ്ഥാപനങ്ങളും തങ്ങളുടെ അധികാരങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന നിലപാടിലും നേതാക്കൾ യോജിച്ചതായാണ് വിവരം. ആണവയുദ്ധത്തിൽ ആർക്കും വിജയികളാകാൻ കഴിയില്ലെന്ന സന്ദേശവും മൂന്ന് നേതാക്കളും ആവർത്തിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഐക്യരാഷ്ട്രസഭയിൽ, പ്രത്യേകിച്ച് യുഎൻ സുരക്ഷാ കൗൺസിലിൽ, സമയബന്ധിതവും സമഗ്രവുമായ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്ന് ഇന്ത്യ ദീർഘകാലമായി ആവശ്യപ്പെട്ടുവരികയാണ്. 1945-ലെ ആഗോള സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഐക്യരാഷ്ട്രസഭ രൂപീകരിക്കപ്പെട്ടതെന്നും നിലവിലെ ഘടന ഇന്നത്തെ ഭൗമരാഷ്ട്രീയ യാഥാർഥ്യങ്ങളെയും വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യത്തെയും പുതിയ ആഗോള വെല്ലുവിളികളെയും വേണ്ടത്ര പ്രതിഫലിപ്പിക്കുന്നില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.
ഈ സാഹചര്യത്തിൽ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളുടെയും സ്ഥിരമല്ലാത്ത അംഗങ്ങളുടെയും എണ്ണം വർധിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. അംഗരാജ്യങ്ങൾക്ക് കൂടുതൽ നീതിയുക്തമായ പ്രാതിനിധ്യവും അവകാശങ്ങളും ഉറപ്പാക്കുന്ന തരത്തിൽ വീറ്റോ അധികാരവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നും ഇന്ത്യ വാദിക്കുന്നു. പരിഷ്കരണ നടപടികൾ അനിശ്ചിതകാലത്തേക്ക് നീണ്ടുപോകുന്നത് ഒഴിവാക്കാൻ വ്യക്തമായ സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ടു വെച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം നേടാൻ ശ്രമിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യ, ജപ്പാൻ, ബ്രസീൽ, ജർമ്മനി എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ജി-4 കൂട്ടായ്മയിലൂടെയും എൽ.69 ഗ്രൂപ്പ്, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ എന്നിവയുടെ പിന്തുണയോടെയും സുരക്ഷാ കൗൺസിൽ പരിഷ്കരണത്തിനായുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുകയാണ്. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയൻ, ഏഷ്യ, പസഫിക് മേഖലകളിലെ വികസ്വര രാജ്യങ്ങൾ ഉൾപ്പെടുന്ന അന്തർമേഖലാ കൂട്ടായ്മയാണ് എൽ.69 ഗ്രൂപ്പ്.
സുരക്ഷാ കൗൺസിലിൽ പുതിയ സ്ഥിരാംഗങ്ങളെ ഉൾപ്പെടുത്തണമെങ്കിൽ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. ഇതിനായി 193 അംഗങ്ങളുള്ള യുഎൻ ജനറൽ അസംബ്ലിയിൽ കുറഞ്ഞത് മൂന്നിൽ രണ്ട് ഭൂരിപക്ഷം, അതായത് 129 രാജ്യങ്ങളുടെ പിന്തുണ, ആവശ്യമാണ്. കൂടാതെ, അഞ്ച് സ്ഥിരാംഗങ്ങൾ ഉൾപ്പെടെ യുഎന്നിലെ മൂന്നിൽ രണ്ട് അംഗരാജ്യങ്ങൾ ഭേദഗതി അംഗീകരിക്കുകയും വേണം.
എന്നാൽ, സ്ഥിരാംഗത്വ വിപുലീകരണവും വീറ്റോ അധികാരവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളും കാരണം സുരക്ഷാ കൗൺസിൽ പരിഷ്കരണ നടപടികൾ വർഷങ്ങളായി സ്തംഭനാവസ്ഥയിലാണ്. പ്രത്യേകിച്ച് ചൈനയുടെയും അമേരിക്കയുടെയും നിലപാടുകൾ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ ഭിന്നാഭിപ്രായങ്ങൾ പരിഷ്കരണ ശ്രമങ്ങൾക്ക് വെല്ലുവിളിയായി തുടരുകയാണ്. ഈ സാഹചര്യത്തിൽ, യുഎൻ പരിഷ്കരണ വിഷയത്തിൽ അമേരിക്കയും ചൈനയും റഷ്യയും ഷെൻഷെനിൽ നടന്ന ഉച്ചകോടിയിൽ പൊതുധാരണയിലെത്തിയെന്ന റിപ്പോർട്ട് ഇന്ത്യയുടെ പ്രതീക്ഷകൾക്ക് പുതുജീവൻ നൽകുന്നതായാണ് വിലയിരുത്തൽ.
