ന്യൂയോർക്ക്: മാധ്യമപ്രവർത്തകരുമായി വ്യാഴാഴ്ച രാത്രി നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിക്ക് പരിക്കേറ്റു. 35 കാരനായ മംദാനിയുടെ കുതികാൽ ഭാഗത്തെ ടെൻഡോൺ പൊട്ടിയതിനെത്തുടർന്ന് ആറ് മുതൽ എട്ട് ആഴ്ച വരെ പ്രത്യേക മെഡിക്കൽ ബൂട്ട് ധരിക്കേണ്ടിവരുമെന്നാണ് വിവരം. പൂർണമായി സുഖം പ്രാപിച്ച് വീണ്ടും ഫുട്ബോൾ കളിക്കാൻ ഏകദേശം ഒമ്പത് മാസമെടുത്തേക്കും.
വെള്ളിയാഴ്ച ഊന്നുവടികളുടെ സഹായത്തോടെ വാർത്താസമ്മേളനത്തിനെത്തിയ മംദാനി തന്റെ പരിക്കിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു. പരിക്ക് സംഭവിക്കാനുള്ള കാരണമെന്താണെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, മത്സരത്തിന് മുമ്പ് ആവശ്യമായ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്തില്ലെന്ന് തമാശ രൂപേണ അദ്ദേഹം മറുപടി നൽകി.
കടുത്ത ഫുട്ബോൾ പ്രേമിയായ മംദാനി മത്സരത്തിൽ പങ്കെടുക്കാൻ മൈതാനത്തിറങ്ങിയ ഉടൻ തന്നെ ഒരു ഗോൾ നേടിയതായി പറഞ്ഞു. എന്നാൽ, അതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി പരിക്കേറ്റത്. തനിക്ക് 35 വയസ്സായെന്ന കാര്യം കളിയുടെ ആവേശത്തിനിടെ മറന്നുപോയെന്നും അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. പരിക്കിനെത്തുടർന്ന് മത്സരത്തിൽ തുടരാനായില്ലെങ്കിലും മാധ്യമപ്രവർത്തകരുടെ ടീമിനെ തന്റെ ടീം പരാജയപ്പെടുത്തിയതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
മാൻഹട്ടനിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള ഇൻഡോർ ഫുട്ബോൾ കോർട്ടിലാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. മേയറുടെ ഓഫീസിലെ ജീവനക്കാരും വിവിധ മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള ഇരുപത്തിനാലോളം മാധ്യമപ്രവർത്തകരും മത്സരത്തിൽ പങ്കെടുത്തു. വൈകിട്ട് ഏഴു മണിയോടെ ആരംഭിച്ച മത്സരത്തിൽ പങ്കെടുക്കാൻ അൽപ്പസമയത്തിനകം മംദാനിയും എത്തിച്ചേർന്നു.
ചെറിയ മൈതാനത്ത് ഏഴു കളിക്കാർ വീതമുള്ള ടീമുകളാണ് ഏറ്റുമുട്ടിയത്. മേയറുടെ ഓഫീസ് പുറത്തുവിട്ട വിവരമനുസരിച്ച് മംദാനിയുടെ ടീം 10–5 എന്ന സ്കോറിനാണ് വിജയിച്ചത്. അതേസമയം, മത്സരത്തിന്റെ അന്തിമ സ്കോർ 8–4 അല്ലെങ്കിൽ 8–5 ആയിരുന്നുവെന്നും ചില മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം, പന്തിന് പിന്നാലെ ഓടുന്നതിനിടെയാണ് മംദാനിക്ക് പരിക്കേറ്റത്. മറ്റു കളിക്കാരുമായി കൂട്ടിയിടിക്കുകയോ ശാരീരിക സമ്പർക്കമുണ്ടാകുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം. ഓട്ടത്തിനിടെ കുതികാൽ ഭാഗത്തെ ടെൻഡോണിന് ക്ഷതം സംഭവിക്കുകയായിരുന്നു.
പരിക്കേറ്റ ഭാഗത്തിന് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ഏതാനും ആഴ്ചകൾ മെഡിക്കൽ ബൂട്ട് ധരിക്കാൻ നിർദേശിച്ചിരിക്കുന്നത്. പരിക്കിൽനിന്ന് പൂർണമായി മുക്തനാകുന്നതിനും കായികക്ഷമത വീണ്ടെടുക്കുന്നതിനും മാസങ്ങൾ നീണ്ട പുനരധിവാസ പരിശീലനം ആവശ്യമായി വന്നേക്കും. ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനു മുമ്പ് ശരിയായ സന്നാഹ വ്യായാമങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യവും സംഭവം ഓർമിപ്പിക്കുന്നു.
