തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ സമ്മർദത്തിലാക്കാനും അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാനും ലക്ഷ്യമിട്ട് കോൺഗ്രസിലെ ഒരുവിഭാഗം ബോധപൂർവമായ നീക്കം നടത്തുന്നുവെന്ന ആരോപണവുമായി സതീശൻ അനുകൂലികൾ. പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും മന്ത്രിസഭായോഗത്തിലെ അഭിപ്രായവ്യത്യാസങ്ങളും പരസ്യമാക്കുന്നതിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസം പൂർത്തിയാക്കുന്ന ദിവസംതന്നെ മന്ത്രിസഭായോഗത്തിൽ തർക്കം സൃഷ്ടിക്കുകയും അതുസംബന്ധിച്ച വിവരങ്ങൾ ആസൂത്രിതമായി പുറത്തുവിടുകയും ചെയ്തെന്നാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരുടെ ആരോപണം. സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലുള്ള ഈ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഇവർ ആരോപിക്കുന്നു. മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന എംഎൽഎമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും ഇക്കാര്യം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും.
പബ്ലിക് സർവീസ് കമ്മിഷനിലെ (പിഎസ്സി) അഞ്ച് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും മുഖ്യമന്ത്രിയുടെ നിലപാടിനെ ന്യായീകരിക്കുകയാണ് സതീശൻ അനുകൂലികൾ. അഞ്ച് ഒഴിവുകളിലേക്ക് നാലുപേരുടെ പേരുകൾ മാത്രമാണ് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചതെന്നും വിശദമായ ചർച്ചയ്ക്കുശേഷമാണ് അഞ്ചാമത്തെ പേര് തീരുമാനിച്ചതെന്നും ഇവർ വ്യക്തമാക്കുന്നു.
നിലവിലെ പിഎസ്സി പിരിച്ചുവിടാൻ രാഷ്ട്രപതിയുടെ നിർദേശമുണ്ടായാൽ ചെയർമാന്റെ പദവി ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടാകും. പിഎസ്സി അംഗങ്ങളിൽനിന്ന് ചെയർമാനെ തിരഞ്ഞെടുക്കേണ്ടതിനാൽ പുതിയ അംഗങ്ങളുടെ നിയമനം എത്രയുംവേഗം പൂർത്തിയാക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ നിയമനം സംബന്ധിച്ച തീരുമാനമെടുക്കേണ്ടിവന്നതെന്നാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരുടെ വിശദീകരണം.
ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിക്കെതിരെ വസ്തുതാവിരുദ്ധമായ പ്രചാരണം നടന്നതായി ഇവർ ആരോപിക്കുന്നു. മന്ത്രിസഭായോഗത്തിലെ ചർച്ചകളെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നതിലൂടെ മുഖ്യമന്ത്രിക്കെതിരെ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ശ്രമമെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന നേതാക്കളാണ് മുഖ്യമന്ത്രിക്കെതിരായ നീക്കങ്ങൾക്കു പിന്നിലെന്ന പരാതിയും ഹൈക്കമാൻഡിനു മുന്നിൽ ഉന്നയിക്കാനാണ് സതീശൻ വിഭാഗത്തിന്റെ നീക്കം. സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള ആഭ്യന്തര തർക്കങ്ങളിൽ കേന്ദ്ര നേതൃത്വം ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം, മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന ചില സാമൂഹിക വിഭാഗങ്ങൾക്കും നിലവിലെ സംഭവവികാസങ്ങളിൽ അതൃപ്തിയുണ്ടെന്നാണ് സതീശൻ അനുകൂലികൾ പറയുന്നത്. ഇവരും തങ്ങളുടെ പ്രതിഷേധവും ആശങ്കയും കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നാണ് സൂചന.
സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിടുന്നതിനിടെ കോൺഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായത് യുഡിഎഫിനുള്ളിലും പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിഷയത്തിൽ ഹൈക്കമാൻഡ് സ്വീകരിക്കുന്ന നിലപാടും തുടർനടപടികളും നിർണായകമാകും.
