കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 28): ജോണ്‍ ഇളമത

അറുപത്തേഴു വയസ്സ്‌ പ്രായമായിട്ടും തളരാതെ മറ്റൊരു മഹാദാത്യം ഏറ്റെടുത്ത മൈക്കിള്‍ആന്‍ജലോയുടെ മനസ്സില്‍ മറ്റൊരാശങ്ക കൊള്ളിമീന്‍പോലെ പാഞ്ഞുപോയി. അറുപതുകഴിഞ്ഞവരാരും ഇത്ര കടുത്ത ഉത്തരവാദിത്വം ഏറ്റെടുത്തതായി കേട്ടുകേള്‍വിപോലുമില്ല. എങ്കിലും സാഹസികത മൈക്കിള്‍ആന്‍ജലോയെ ഉന്മേഷവാനാക്കി. തന്റെ ജീവിതത്തില്‍ എത്രയ്രെത പോപ്പുമാര്‍ കടന്നുപോയി. നാല്‍പ്പത്തെട്ട്‌, അമ്പത്‌, അങ്ങേയറ്റം അറുപത്‌ എന്നീ പ്രായങ്ങളില്‍. ഒരു ചെറിയ പനി മതി വാര്‍ദ്ധക്യത്തില്‍ ജീവിതം അവസാനിക്കാന്‍.

സെസ്റ്റീന്‍ ചാപ്പലിന്റെ ഉള്ളിലേക്ക്‌ പ്രവേശിച്ചപ്പോള്‍ ഇരുപത്തിരണ്ടില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പു വരച്ച ചിത്രങ്ങള്‍, വൃദ്ധനായ മൈക്കിള്‍ആന്‍ജലോയുടെ നയനങ്ങളില്‍ ആവേശം പടര്‍ത്തി. അന്നു ചെറുപ്പമായിരുന്നു. യൗവനത്തിന്റെ കുതിപ്പ്‌ കുഞ്ചിരോമങ്ങള്‍ ഉളക്കി പായുന്ന ഒരു കുതിരയുടേതുപോലെയും. ഇവയെല്ലാം വരച്ച നിമിഷങ്ങള്‍ അസ്വസ്ഥതയുടേതായിരുന്നു. സൃഷ്ടിയുടെ അസ്വസ്ഥത! ശില്‍പിയില്‍നിന്നും ചിത്രകാരന്റെ വേഷം ആദ്യമല്പം കഠിനമായിരുന്നു. കടുംചായങ്ങളുടെ രൂക്ഷഗന്ധം. കയറിനിന്ന്‌ എത്തിവരയ്ക്കുമ്പോഴുണ്ടാകുന്ന പിടലികഴപ്പ്‌, വേദന. കൈകളുടെയും വിരലുകളുടെയും മരവിപ്പ്‌, എന്നാല്‍ എല്ലാം വരച്ചു തീര്‍ന്നപ്പോള്‍ ആര്‍ത്തലച്ച്‌ ഒഴുകി കടലിന്റെ അഗാധതയില്‍ പതിച്ച നദിപോലെ ശാന്തവും.

എങ്കിലും ഒരാശ്വാസം തോന്നി. ഇപ്പോള്‍ സഹായത്തിന്‌ തോമാസോ ഡി കാവലിറി എന്ന ചെറുപ്പക്കാരന്‍ ഉണ്ട്‌. എന്നാണ്‌ ആ യുവാവിനെ ആദ്യമായി കണ്ടുമുട്ടിയ നാള്‍? മൈക്കിള്‍ആന്‍ജലോയുടെ ഓര്‍മ്മയിലേക്കൊഴുകി എത്തി. റോമിലെ മെക്കേല്‍ഡി കോര്‍വി തെരുവിലെ സ്വന്തം ഭവനത്തില്‍ വെച്ച്‌. ഡേവിഡിന്റെ പ്രതിമ കൊത്തിയിട്ട്‌ ഇരുപത്തെട്ട്‌ വര്‍ഷം കഴിയുന്നു. സെസ്റ്റീന്‍ ചാപ്പലിലെ വരകള്‍ മുഴുവന്‍ പൂര്‍ത്തിയായതിനുശേഷം മറ്റൊരു ദൌത്യം അവശേഷിക്കുകയായിരുന്നു. പണി ഇടയ്ക്കുവച്ച്‌ മുടങ്ങിപ്പോയ പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെ ശവകുടീരത്തിന്റെ പൂര്‍ത്തീകരണത്തെപ്പറ്റി തിരക്കിട്ട പുനരാലോചനകളിലിരിക്കവേ അവന്‍ പ്രത്യക്ഷനായി.

അതൊരു ശരത്കാലമായിരുന്നു. മഞ്ഞുകാലത്തിനുമുമ്പ്‌, പ്രകൃതി ചായക്കൂട്ടുകള്‍കൊണ്ട്‌ ചിത്രങ്ങള്‍ വരയ്ക്കുംകാലം. വസന്തത്തിലെ പുക്കള്‍ കായായി, കായ്കള്‍ പഴുത്തു പഴമായി ഒരു ജതുവിന്റെ അന്ത്യം. അപ്പോള്‍ വൃക്ഷലതാദികളുടെ പച്ചനിറങ്ങളില്‍ പല വര്‍ണ്ണങ്ങള്‍ നിറഞ്ഞ്‌ മനോഹാര്യത നിറയുന്ന നയനാനന്ദകാലം. അക്കാലത്താണ്‌ ആ യുവാവിന്റെ വരവ്‌.
സ്ത്രീ സൗന്ദര്യത്തിന്റെ സ്ത്രൈണത നാണത്തില്‍ പൊതിഞ്ഞ പുഞ്ചിരി. എങ്കിലും ആകാരവടിവുള്ള അവന്റെ മാംസപേശികളുടെ ചലനങ്ങള്‍ തന്നിലേക്കിറങ്ങിവന്നു. താന്‍ മുമ്പ്‌ കൊത്തിയ ഡേവിഡിനെപ്പോലെ ആകാരവടിവും കൂടെ സ്ത്രൈണഭാവമുള്ള ചലനങ്ങളും അവനെ ഏറെ സുന്ദരനാക്കുന്നു.

ശില്പിയും ചിരകാലസുഹൃത്തുമായ അന്റേണിയാ സെക്കിനിയുടെ കൂടെയാണവന്‍ വന്നത്‌. അന്റേണിയോ അവനെ പരിചയപ്പെടുത്തി:

ഈ ചെറുപ്പക്കാരന്‍, തോമാസോ ഡി കാവലിറി എന്റെ അയല്‍ക്കാരനാണ്‌. താങ്കളുടെ ആരാധകനും. ഞാന്‍ താങ്കളെ സന്ദര്‍ശിക്കുന്നു എന്നു കേട്ടപ്പോള്‍ ഈ യുവാവിന്‌ താങ്കളെ കാണാനും പരിചയപ്പെടാനും തിടുക്കമായി. ഉന്നതകുലജാതനും ബുദ്ധിമാനും ശില്പകലയിലും ചിത്രകലയിലും കവിതയിലും തത്ത്വശാസ്ത്രത്തിലൂമൊക്കെ അതീവതല്പരനുമാണ്‌.

ആദ്യ ദര്‍ശനത്തില്‍ത്തന്നെ ആ ചെറുപ്പക്കാരന്‍ തന്റെ ഹൃദയത്തിലേക്ക്‌ ഇറങ്ങിവന്നു. മുമ്പെങ്ങും ഇത്ര സുന്ദരനും ആകാര സൗഷ്ഠവവുമുള്ള ഒരു ചെറുപ്പക്കാരനെ കണ്ടുമൂട്ടിയിട്ടേയില്ല. എന്തുകൊണ്ടോ പണ്ടേ ചെറുപ്പക്കാരോടുള്ള ഇഷ്ടം ബലഹീനതയായി. സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും തനിക്ക്‌ കല്‍പിച്ചിട്ടുണ്ടാകുമോ എന്നൊരു തോന്നല്‍ ഇടയ്ക്കിടെ ഉണ്ടാകതെയിരുന്നിട്ടില്ല. ഒരുപക്ഷേ, അത്‌ ശരിയായിരിക്കാം! അതുകൊണ്ടായിരിക്കുമല്ലോ താന്‍ വരച്ച ചിധ്രങ്ങളിലേറെ നഗ്നരായ യുവാക്കള്‍. അതിനൊരു ദൃഷ്ടാന്തംതന്നെ, ഡേവിഡ്‌! ഡേവിഡില്‍ പുരുഷ സൗന്ദര്യത്തിന്റെ ആകാര
ചേഷ്ടയുടെ പൂര്‍ണ്ണതയല്ലേ പ്രതിഫലിക്കുന്നത്‌?

ഡാവിന്‍ചിയും റാഫേലും ടിറ്റിനുമൊക്കെ നഗ്നസ്ത്രീസന്ദര്യങ്ങളെ ത്രസിപ്പിക്കുമ്പോള്‍ തനിക്ക്‌ അതിലേറെ ഹരം പുരുഷ സന്ദര്യത്തിലേക്ക്‌ ഈളിയിടാനും അവരുമായി സല്ലപിക്കുവാനുമാണ്‌. അതിലെന്ത്‌ തെറ്റ്‌? അല്ലെങ്കില്‍ തന്നെ ഇതൊക്കെ സ്വതന്ത്ര ചിന്തകളുടെ ഭാഗമല്ലേ!

അന്നുമുതല്‍ തോമാസോ, പ്രിയസുഹൃത്തും സന്തതസഹചാരിയുമാണ്‌. അവനുവേണ്ടി കുറേയേറെ കവിതകളെഴുതിയിട്ടുണ്ട്‌. അതില്‍ അവനെപ്പറ്റിയുള്ള വര്‍ണ്ണനകള്‍ തന്റെ അന്തരാത്മാവിലെ മര്‍മ്മരങ്ങള്‍ പോലെ സ്നേഹ സന്ദിഗ്ദ്ധമാണ്‌.

“ലൌ ടേക്സ്‌ മി കാപ്റ്റീവ്‌, ബ്യൂട്ടി ബയിന്‍ഡ്സ്‌ മൈ സോള്‍
പിറ്റി ആന്‍ഡ്‌ മേഴ്‌സി വിത്ത്‌ ദയര്‍ ജന്റില്‍ ഐസ്‌
വേക്ക്‌ ഇന്‍ മൈ ഹാര്‍ട്ട്‌ എ ഹോപ്പ്‌ ദാറ്റ്‌ കനോട്ട്‌ ചീറ്റ്‌!”

അവനുവേണ്ടി വിശേഷപ്പെട്ട ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്‌.

പണിഷ്മെന്റ്‌ ഓപ്‌ ടിറ്റസ്‌ – ദൃഢ മാംസപേശികളുള്ള നഗ്നനായ ഒരു യുവാവിനെ പരുന്ത്‌ ആക്രമിക്കുന്നു. ഗ്രീക്കു പുരാണങ്ങളില്‍ നിന്നൊരു ആശയമുണര്‍ത്തുന്ന ദൃശ്യാവിഷ്കരണം. സ്യൂസ്‌ മഹാദേവന്റെ പുത്രന്‍ ടിറ്റൂസ്‌, ഒരു ദേവതയെ ബലാല്‍സംഗം ചെയ്യാന്‍ ഉദ്യമിക്കുമ്പോള്‍ പരുന്തിന്റെ രൂപത്തില്‍ ഒരു ദേവന്‍, ടിറ്റുസിനെ ആക്രമിച്ച്‌ വകവരുത്തുന്ന ചിത്രം.

മറ്റൊന്ന്‌, റേപ്പ്‌ ഓഫ്‌ ഗാനീമിഡേ — അതും ഏതാണ്ട്‌ അപ്രകാരം തന്നെ. ട്രോയിയിലെ ടോറസ്‌ എന്ന ബലിഷ്ഠനായ ആട്ടിടയ യുവാവ്‌ ജൂപിറ്റര്‍ ദേവിയെ പ്രണയിക്കുന്നതില്‍ കോപം പൂണ്ട ഒരു ദേവന്റെ പരാക്രമം. പരുന്തിന്റെ രൂപം പൂണ്ട ദേവന്‍ ഇടയ യുവാവിനെ ഒളിമ്പസ്‌ മലമുകളില്‍ കൊത്തിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന ദൃശ്യം! അങ്ങനെ പലതും സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും ലഹരിയുടെയും അപൂര്‍‌വ്വ ദൃശ്യങ്ങള്‍!

അപ്പോള്‍ മൈക്കിള്‍ആന്‍ജലോയുടെ മനസ്സ്‌ വളരെ പുറകോട്ടൊന്നു പോയി, ഇരുപത്തിരണ്ടില്‍പ്പരം വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക്‌. പോപ്പ്‌ ജൂലിയസ്‌ രണ്ടാമനെ പണ്ട്‌ റോമില്‍ മുഖം കാണിക്കാനെത്തിയ കാലത്തേക്ക്‌. പോപ്പായി
അവരോധിക്കപ്പെട്ട മുന്നാംവര്‍ഷമായിരുന്നു അത്‌. പിടിവാശിക്കാരനും മുന്‍കോപക്കാരനുമായ പോപ്പ്‌. റോമന്‍ ചക്രവര്‍ത്തിമാരുടെ ആജ്ഞാശക്തിയും പ്രൌഡിയും പ്രതിഫലിക്കുമാറുള്ള അദ്ദേഹത്തിന്റെ ഉത്തരവുകള്‍ കര്‍ക്കശമായിരുന്നു. എന്നാല്‍ അടുത്തപ്പോഴും കൂടുതല്‍ ഇടപഴകിയതോടു കൂടിയും അദ്ദേഹത്തോട്‌ ഏറെ ബഹുമാനവും ആദരവും വര്‍ദ്ധിക്കുകയാണുണ്ടായത്‌. നവോത്ഥാനകാലത്തിന്റെ കുലപതിയായിത്തന്നെ അദ്ദേഹം തന്റെ മനസ്സില്‍
ഇന്നും പതിഞ്ഞുനില്‍ക്കുന്നു.

ഒരുപക്ഷേ, ആദ്യകാലങ്ങളില്‍ അദ്ദേഹത്തെപ്പറ്റി മറ്റൊരു ധാരണയായിരുന്നു. പോപ്പിന്റെ വാക്കുകള്‍ക്ക്‌ ഒരു
സ്ഥിരതയില്ലാത്തതുപോലെ തോന്നി. എല്ലാറ്റിനും കാരണങ്ങളുണ്ടെന്ന്‌ മനസ്സിലാക്കിവരാന്‍ തനിക്ക്‌ അല്പസമയം വേണ്ടിവന്നു. സെസ്റ്റീന്‍ ചാപ്പലിന്റെ മുകള്‍ത്തട്ടില്‍ ചിത്രങ്ങള്‍ വരച്ചിടാന്‍ കരാറില്‍ ഒപ്പു വച്ചതിന്റെ കുറേ ദിനങ്ങള്‍ക്കുശേഷം വീണ്ടും വിളിപ്പിച്ചു പറഞ്ഞു:

സെസ്റ്റീന്‍ ചാപ്പലിലെ ചിത്രരചന തല്ക്കാലമൊന്ന്‌ മാറ്റിവെക്കാന്‍ നാം ഉദ്ദേശിക്കുന്നു. നമ്മുടെ മനസ്സില്‍ മറ്റൊരാശയം അടിയന്തിരമായി നമ്മെ നിര്‍ബ്ബന്ധിക്കുന്നു. അറുപതു വയസ്സു കഴിഞ്ഞ സ്ഥിതിക്ക്‌ നാമിനി അമാന്തിക്കുന്നത്‌
ബുദ്ധിമോശമായിരിക്കില്ലേ എന്നൊരു തോന്നല്‍!

എന്താണ്‌ അവിടത്തെ മനസ്സില്‍?

നമുക്കൊരു സ്മാരകം, അതു തുടങ്ങിവെച്ചില്ലെങ്കില്‍, അല്ല അത്‌ നാം ജീവിച്ചിരിക്കുമ്പോള്‍ തീര്‍ക്കുന്നതുതന്നെ അഭികാമ്യമെന്നാണ്‌ നമുക്കിപ്പോള്‍ തോന്നുന്നത്‌.

അല്ല, അതിപ്പോള്‍ ചിത്രരചനയ്ക്കുവേണ്ടി സെസ്റ്റീന്‍ ചാപ്പലില്‍ പടങ്ങുകള്‍ കെട്ടുകയും ചായയ്ക്കുട്ടുകളും കുമ്മായവും പശയും ഒക്കെ വാങ്ങി ശേഖരിക്കുകയും ചെയ്തല്ലോ. പടങ്ങുകള്‍ അഴിച്ചുവെക്കാം. കലര്‍ത്തി വെച്ചിരിക്കുന്ന കുമ്മായ കൂട്ടുകളും നിറക്കൂട്ടുകളും താമസംവിനാ ഉപയോഗിക്കുന്നില്ലെങ്കില്‍ ഉപയോഗശുന്യമാകാം.

അത്‌ നഷ്ടപ്പെടുമെങ്കില്‍ നഷ്ടപ്പെടട്ടെ. ഇതാണിപ്പോള്‍ നമുക്ക്‌ മുഖ്യം!

ആര്‍ക്കും ദേഷ്യമുളവാക്കുന്ന അവസരോചിതമായ വാക്കുമാറ്റവും സമയനഷ്ടവും.

മൈക്കിള്‍ആന്‍ജലോയ്ക്ക്‌ വന്ന ദേഷ്യം അപ്രതീക്ഷിതവും അവസരോചിതവുമല്ലാതെ വാക്കുകളിലൂടെ ഒഴുകി:

പിതാവിങ്ങനെ വാക്ക്‌ മാറ്റിപ്പറഞ്ഞാല്‍, ഞാനൊരു പാദസേവകനെന്ന്‌ കരുതേണ്ട.

ഒറ്റ ദേഷ്യത്തിന്‌ വായില്‍നിന്ന്‌ പുറപ്പെട്ടതാണ്‌. പറഞ്ഞുകഴിഞ്ഞപ്പോഴാണ്‌ പരിസരബോധമുണ്ടായത്‌.

നാമാരാണെന്നാ നിന്റെ ഭാവം? തിരുസഭയുടെ മുഴുവന്‍ തലവന്‍. നാം പറയുന്നത്‌ നീ അനുസരിച്ചാല്‍ മതി. തിരിച്ചുത്തരം വേണ്ട.

കര്‍ക്കശമായ ഒരു ഗര്‍ജ്ജനം!

തല താഴ്ത്തേണ്ടിവന്നു. അപ്പോള്‍ പിതാവ്‌ പൊറുപൊറുക്കുന്നുണ്ടായിരുന്നു. അല്ലെങ്കിലും ഹൃദയത്തിലുള്ള അഹങ്കാരമാണല്ലോ അധരത്തിലൂടെ പുറത്തേക്കുവരുന്നത്‌.

പിതാവേ, ക്ഷമിക്കണം. അവിടത്തെ താല്പര്യംപോലെയാകട്ടെ.

ശരിയാണ്‌, അറുപതു കഴിഞ്ഞ പിതാവ്‌ എപ്പോള്‍ വേണമെങ്കിലും കാലം ചെയ്യാം. തീര്‍ച്ചയായും ഈ പോപ്പിന്‌ ഒരു സ്മാരകം വേണം. നവോത്ഥാന കാലത്തെ പ്രമുഖനായ പോപ്പ്‌ ജൂലിയസ്‌ രണ്ടാമനെ വരുംതലമുറയ്ക്ക്‌ മറക്കാനാവില്ല. അല്ലെങ്കില്‍ത്തന്നെ അടുത്തു സ്ഥാനാരോഹിതനാകുന്ന പോപ്പിന്‌ ഇക്കാര്യത്തില്‍ എന്തായിരിക്കും നിലപാട്‌? എന്നാല്‍ തുടങ്ങി
വെച്ചാല്‍ അത്‌ പില്‍ക്കാലത്തെങ്കിലും പൂര്‍ത്തിയാക്കേണ്ടിവരുമല്ലേോ.

പെട്ടെന്ന്‌ മറ്റൊരു കരാറിലൊപ്പിട്ടു പ്രവര്‍ത്തി ആരംഭിച്ചു–പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെ ശവകൂടീരനിര്‍മ്മാണം. വലുതും ചെറുതുമായി നാല്പതിലേറെ പ്രതിമകള്‍. അതില്‍ പ്രധാനമായി മോശയുടെ വലിയ പൂര്‍ണ്ണകായ പ്രതിമ. ആരാണ്‌ മോശ? പഴയ നിയമത്തിലെ അടിമകളുടെ ഉദ്ധാരകനായ മോശ. വലിയ പ്രവാചകന്‍! ഭൂമിയിലെ അടിമത്തത്തിന്റെ ആദ്യത്തെ വക്താവ്‌.
പാലും തേനുമൊഴുകുന്ന കാനാന്‍ ദേശത്തേക്ക്‌ യഹോവയുടെ സ്വന്തം ജനത്തെ നയിച്ച ധീരയോദ്ധാവ്‌. ഫറവോന്റെ കൊട്ടാരത്തില്‍ വളര്‍ന്ന അടിമയുടെ പുത്രന്‍.

എങ്ങനെയായിരിക്കണം ആ പ്രതിമ? എന്തൊക്കെ പ്രത്യേകതകള്‍ ഉണ്ടായിരിക്കണം? അസമാധാനത്തിന്റെ ഖമുദ്രപോലെയൊരു കത്തിജ്ജലിക്കുന്ന ഒരു പ്രതിമ. വീണ്ടും പ്രതിമാ നിര്‍മ്മാണത്തിലേക്കുള്ള പലായനം
മൈക്കിള്‍ആന്‍ജലോയില്‍ ആവേശം പടര്‍ത്തി. എത്രയ്രെത പ്രതിമകളെ സൃഷ്ടിച്ചു. ഓരോന്നും നിമിത്തംപോലെ രൂപപ്പെടുന്നു. ഇരിക്കുന്ന ഒരു പൂര്‍ണ്ണകായ പ്രതിമ, എട്ടടി ഉയരത്തില്‍. മുഖഭാവം എങ്ങനെയിരിക്കണം? ഇടത്തേക്ക്‌ തലതിരിച്ച്‌ വാഗ്ദത്ത ഭൂമിയെ മനസ്സില്‍ ധ്യാനിച്ച്‌ യഹോവയുടെ പത്തു കല്പനകള്‍ പേറിയിരിക്കുന്ന മോശ, തീക്ഷ്ണമായി ജ്വലിക്കുന്ന ദൃഷ്ടികള്‍ — അവ മനുഷകുലത്തിന്റെ മുഴുവന്‍ അടിമത്തത്തിന്റെ ചങ്ങലകള്‍ ഭേദിക്കുംവിധമായിരിക്കണം.

മോശയെ കൊത്താനുള്ള കല്ല്‌ അന്വേഷിച്ച്‌ കറാറാ പാറയിടുക്കില്‍ തിരക്കിട്ടുപോകാന്‍ തയ്യാറായി നില്‍ക്കവേ പോപ്പ്‌ ജൂലിയസിന്റെ ദുതന്‍ അപ്രതീക്ഷിതമായി കൂതിരവണ്ടിയിലെത്തി അറിയിച്ചു;

സെഞ്ഞ്വോര്‍! മൈക്കിള്‍ആന്‍ജലോയെ അടിയന്തിരമായി കൂട്ടിക്കൊണ്ടു ചെല്ലാന്‍ പോപ്പ്‌ തിരുമനസ്സുകൊണ്ട്‌ കല്പിച്ചിരിക്കുന്നു.

മൈക്കിള്‍ അത്ഭുതവും ആകാംക്ഷയും കുറി പോപ്പിനെ മുഖം കാണിക്കാനെത്തി. ഇനി എന്താണാവോ കല്‍പിക്കുക! പണികള്‍ എല്ലാംതന്നെ നിര്‍ത്തിവയ്ക്കണമെന്ന്‌ കല്പിക്കാനാകുമോ!

താടിക്ക്‌ കൈയൂന്നി ദൃഷ്ടികള്‍ക്ക്‌ കടുപ്പം കൂട്ടി സിംഹാസനത്തില്‍ ചേര്‍ന്നിരുന്ന പോപ്പ്‌ കല്പിച്ചു;

നാം തീരുമാനം വീണ്ടും മാറ്റി.

എന്ത്‌, കല്‍പിച്ചാലും!

നമ്മുടെ ശവകൂടീരത്തിന്റെ പണി സെസ്റ്റീന്‍ ചാപ്പലിലെ ചിത്രരചനകള്‍ കഴിഞ്ഞിട്ടു മതി. അതാ ഇപ്പോ പ്രധാനം. ആരു കണ്ടു, അടുത്ത പോപ്പിന്‌ നമ്മുടെ ആശയം ഇല്ലെങ്കില്‍ ഈ നവോത്ഥാന്രശമം പാഴാകില്ല! ഏതു കാര്യവും തുടങ്ങിവെച്ചാല്‍ അതങ്ങു നടന്നുകൊള്ളും. അതു കഴിഞ്ഞു മതി നമ്മുടെ ശവകുടീരനിര്‍മ്മാണം!

തിരുവിഷ്ടംപോലെ! ഈര്‍ഷ്യയോടെ മൈക്കിള്‍ ഉത്തരമേകി.

മൈക്കിള്‍ആന്‍ജലോ, മനസ്സില്‍ ശപിച്ചു. സ്ഥിരതയില്ലാത്ത ദേഷ്യക്കാരന്‍ വയസ്സന്‍ പോപ്പ്‌! എങ്കിലും ഒന്നോര്‍ത്തടങ്ങി, തിരുവായ്ക്ക്‌ എതിര്‍വായ്‌ ഇല്ലല്ലോ!

Print Friendly, PDF & Email

Leave a Comment

More News