കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 29): ജോണ്‍ ഇളമത

മൈക്കിള്‍ആന്‍ജലോ, പോപ്പ്‌ ക്ലെമന്റ്‌ ഏഴാമനുമായി “അന്ത്യവിധി” (ലാസ്റ്റ്‌ ജഡ്ജ്മെന്റ്‌) യുടെ കരാറിലൊപ്പിട്ടശേഷം പണി ആരംഭിക്കാന്‍ ഫ്ളോറന്‍സില്‍നിന്ന്‌ റോമിലെത്തി. തിരുമനസ്സിനെ ദര്‍ശിച്ച്‌ ആശീര്‍വ്വാദവും അനുഗ്രഹവും വാങ്ങി. എന്നാല്‍ പണി ആരംഭിക്കുന്നതിന്‌ രണ്ടുദിനംമുമ്പ്‌ കേട്ട വാര്‍ത്ത മൈക്കിളിനെ കനത്ത ആഘാതത്തിലാഴ്ത്തി. തന്റെ കൂടെ
സഹായിയായി എത്തിയ തോമസോ ഡി കാവലിറി എന്ന തന്റെ പ്രിയങ്കരനായ യുവാവില്‍നിന്നാണ്‌ മൈക്കിള്‍ ആ വാര്‍ത്ത ശ്രവിച്ചത്‌.

ഒരു ശനിയാഴ്ച രാത്രി വൈകിയിരുന്നു. വത്തിക്കാനിലാകെ കൂട്ടമണികള്‍ മുഴങ്ങി. ഏതോ ഗുരതരമായ ദുഃസൂചനപോലെ ചുളുപ്പന്‍ തണുപ്പ്‌ ചുരുളഴിയാന്‍ തുടങ്ങുന്ന മഞ്ഞുകാലത്തിന്റെ ആരംഭത്തില്‍, തണുത്ത രാത്രിയില്‍ വൈന്‍ ആസ്വദിച്ചിരുന്ന മൈക്കിള്‍ആന്‍ജലോ, സില്‍ബന്തിയും സഹായിയും സന്തതസഹചാരിയുമായ തോമസോയെ പുറത്തേക്കയച്ചു, കാരണം അന്വേഷിച്ചുവരാന്‍. എന്തോ ഒരു വലിയ വിപത്ത്‌ കാറ്റില്‍ മുളിപ്പറക്കുന്നുണ്ടെന്ന ബോദ്ധ്യത്തോടെ മൈക്കിള്‍, വൈനിന്റെ കെട്ടില്‍ നിന്നുണര്‍ന്ന്‌ വേവലാതിയോടെ ഇരുന്നു.

വിവരമന്വേഷിച്ച്‌ തിരിച്ചുവന്ന തോമാസോ സകങ്കടപൂര്‍വ്വം അറിയിച്ചു:

നമ്മെ, വിട്ടു പോയി!

ആര്‍? മൈക്കിള്‍ ചിതറിയ ശബ്ദത്തില്‍ ചോദിച്ചു.

ഗുരോ, അങ്ങ്‌ കരാറില്‍ ഒപ്പുവെച്ച പണി ഇനി നടക്കുമെന്നു തോന്നുന്നില്ല.

നീ ആരെപ്പറ്റിയാണ്‌ പറയുന്നത്‌? മൈക്കിള്‍ വേവലാതിയോടെ തിടുക്കം കൂട്ടി.

അതേ, പോപ്പ്‌ ക്ലമന്റ്‌ ഏഴാമന്‍ കാലംചെയ്തു!

മൈക്കിള്‍ആന്‍ജലോയുടെ മനസ്സില്‍ വെള്ളിടി വെട്ടി.

തീരുമാനമില്ലാതെ “അന്ത്യവിധി”യുടെ കരാര്‍ മുന്നില്‍ പല്ലിളിച്ചുനിന്നു. അനിശ്ചിതമായ ഒരു വലിയ കരാര്‍ വീണ്ടും തല്ക്കാലം നിന്നമട്ടില്‍ എത്തിയതില്‍ വ്യസനംതോന്നി. പോപ്പ്‌ ക്ലമന്റിനെ ആദ്യകാലങ്ങളില്‍ വെറുത്തു പോയിരുന്നെങ്കില്‍ത്തന്നെ വീണ്ടും തന്നെ തിരഞ്ഞെടുക്കുകയും മുമ്പുണ്ടായ വിദ്വേഷങ്ങളുടെ കാര്യകാരണങ്ങള്‍ വിശദമായി പറഞ്ഞ്‌ തന്നെ അനുനയിപ്പിച്ച് സ്വീകരിക്കുകയും ചെയ്തതില്‍ മൈക്കിള്‍ സന്തോഷവാനായിരുന്നു. എന്നാല്‍, തന്നെക്കാള്‍ പ്രായം കുറഞ്ഞ പോപ്പിന്റെ അകാല വേര്‍പാട്‌ മൈക്കിളിനെ ഏറെ ദുഃഖിപ്പിച്ചു. കുറേ പോപ്പുമാരിങ്ങനെ! ആദ്യമവരെ വെറുക്കാനാണ്‌ തോന്നുക. പക്ഷേ, അടുത്തുകഴിയുമ്പോള്‍ കഠിനഹൃദയനെന്നു തോന്നിക്കുമെങ്കിലും അവരുടെയൊക്കെ തണലില്‍ത്തന്നെയല്ലേ താന്‍ ഇത്രയേറെ പ്രശസ്തനായത്‌?

എന്താണ്‌ സംഭവിച്ചത്‌?

വിഷക്കൂണ്‍ കഴിച്ചതാണ്‌ മരണകാരണം എന്നാണ്‌ വിദഗ്ദ്ധരായ ഭിഷഗ്വരരൂടെ അനുമാനം.

വത്തിക്കാനിലെ ഒരു പ്രൈവറ്റ്‌ സല്‍ക്കാരപാര്‍ട്ടിയില്‍ പോപ്പിന്‌ വിശേഷപ്പെട്ട ഒരുതരം കൂണ്‍ വിളമ്പിയിരുന്നു. അതു കഴിച്ച പോപ്പ്‌ മണിക്കൂറുകള്‍ക്കകം തലകറക്കം, വയറുവേദന, ഛര്‍ദ്ദില്‍ എന്നീ ലക്ഷണത്തില്‍ പരവശനായി. പേപ്പല്‍ ഹൌസിലെ ഭിഷഗ്വരര്‍ അദ്ദേഹത്തെ വേണ്ടവിധം ശുശ്രൂഷിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്താനായില്ല.

അങ്ങനെ എത്രയെത്ര പോപ്പുമാര്‍ തന്റെ ജീവിതത്തിലൂടെ കടന്നുപോയി. പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്‍, പോപ്പ്‌ ലൂയി പത്താമന്‍, പോപ്പ്‌ ഏരിയന്‍ ആറാമന്‍. ഇപ്പോഴിതാ മെഡിസി പ്രഭുകൂടുംബത്തില്‍നിന്ന്‌ പോപ്പ്‌ ലിയോ പത്താമന്റെ ഇരട്ടസഹോദരന്‍ പോപ്പ്‌ ക്ലമന്റ്‌ ഏഴാമന്‍. പിതാക്കന്മാരുടെ എല്ലാം ഇഷ്ടാനിഷ്ടാങ്ങളിലൂടെ കടന്നുപോയപ്പോള്‍ ചിത്രകലയിലും, ശില്പകലയിലും താന്‍ ഉയരങ്ങളില്‍ എത്തിയതില്‍ മൈക്കിള്‍ആന്‍ജലോ ചാരിതാര്‍ത്ഥ്യംപൂണ്ടു. എങ്കിലും പോപ്പ്‌ ക്ലമന്റ്‌ ഏഴാമന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നില്ലേ എന്നത്‌ മൈക്കിള്‍ആന്‍ജലോയെ തളര്‍ത്തി. ഇനി ആരാകാം പോപ്പ്‌? എന്ന്‌ അദ്ദേഹം സ്ഥാനാരോഹിതനാകും? എന്തൊക്കെ മാറ്റങ്ങളാണ്‌ സംഭവിക്കുക? പൂതിയ പോപ്പ്‌ പഴയ പോപ്പിന്റെ കരാറ്‌ പിന്‍തുടരുമോ? ആകെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥത, അനിശ്ചിതത്വം.

കാലം വീണ്ടും കാലഭേദങ്ങളിലൂടെ കറങ്ങി. കര്‍ദിനാള്‍ തിരുസംഘം ഒത്തുകൂടി, കോണ്‍ക്ലേവില്‍ പുതിയ പാപ്പയെ തിരഞ്ഞെടുക്കാന്‍. വീണ്ടും കര്‍ദിനാള്‍ മന്ദിരത്തില്‍ വെള്ളപ്പുക പൊങ്ങി. പുതിയ പോപ്പിന്റെ വിളംബരം പുറത്തുവന്നു. പോള്‍ മൂന്നാമന്‍ എന്ന നാമധേയത്തില്‍. പ്രഗല്ഭനായ കര്‍ദിനാള്‍ അലക്സാണ്ട്രോ ഫര്‍നീസ്‌! സഭാനവീകരണവും പുനരുദ്ധാരണവും
ആരംഭിച്ചിരുന്ന കാലത്തെ സമര്‍ത്ഥനായ പോപ്പ്‌.

എന്തായിരിക്കാം ഇനി പുതിയ പിതാവിന്റെ തീരുമാനങ്ങള്‍? എങ്കിലും നവോത്ഥാനത്തിന്റെ ലഹരിയില്‍ കലയിലും ആധുനിക ചിന്തകളിലും ദര്‍ശനങ്ങളിലും പുതിയ പോപ്പ്‌ കേമനായിരിക്കുമെന്ന്‌ മൈക്കിള്‍ആന്‍ജലോ തോമസോയില്‍നിന്നു കേട്ടു. അപ്രകാരം അതു സംഭവിച്ചു. പോപ്പിന്റെ മനസ്സിലിരുപ്പ്‌ എന്താകാമെന്നൊരു ആശങ്ക പേറിയാണ്‌ മൈക്കിള്‍ പോപ്പിനെ ദര്‍ശിക്കാനെത്തിയത്‌. എങ്കിലും പുതിയ പോപ്പ്‌, മെഡിസീ പോപ്പുമാരുടെ (ലിയോ പത്താമന്റെയും ക്ലമന്റ്‌ ഏഴാമന്റെയും) സഹപാഠിയും സതീര്‍ത്ഥ്യനും ഉന്നതകുലജാതനും വിദ്യാസമ്പനും എന്ന്‌ മൈക്കിളിന്‌ തോന്നുകയും ഏറെ പ്രതീക്ഷ നല്‍കുകയും ചെയ്തു. അപ്രകാരംതന്നെ അതൊരു ഹൃദ്യമായ കൂടിക്കാഴ്ചതന്നെയായിരുന്നു.

അമ്പതു കഴിഞ്ഞ വൃദ്ധനായ പോപ്പ്‌. നീണ്ട നാസിക, നരച്ചു നീണ്ട താടിമീശ, കണ്ടാല്‍ത്തന്നെ അറിയാം, ധിഷണശാലിയും ക്രാന്തദര്‍ശിയുമെന്ന്‌. അദ്ദേഹത്തിന്റെ ചാരക്കണ്ണുകള്‍ വിടര്‍ന്നു മൊഴിഞ്ഞു;

മൈക്കിള്‍ആന്‍ജലോ, താങ്കളെ വിളിച്ചുവരുത്തിയത്‌ പോപ്പ്‌ ക്ലമന്റ്‌ ഏഴാമനുമായി ഉടമ്പടി പുതുക്കാനാണ്‌. നാം എക്കാലവും താങ്കളുടെ ഒരു ആരാധകനാണ്‌. ശില്പത്തിലായാലും ചിത്രത്തിലായാലും താങ്കളുടെ കരവിരുത്‌ അതിശതയിപ്പിക്കുന്നതാണ്‌. എന്നു കരുതി ഡാവിന്‍ചിയോ, റാഫേലോ, ടിറ്റനോ മോശമാണെന്നല്ല. ഓരോന്നിനും ഓരോ തനതു പ്രത്യേകതകളുണ്ട്‌. അതുകൊണ്ട്‌ ഉടമ്പടി നാം പുനര്‍കരാര്‍ ചെയ്യുന്നു. വിശേഷിച്ച്‌, കുറേക്കൂടി മെച്ചപ്പെട്ട വേതനത്തോടെ.

എങ്കിലും വീണ്ടുവിചാരമില്ലാതെയല്ലേ പോപ്പ്‌ ക്ലമന്റ്‌ ഏഴാമനുമായി ഒരു ദീര്‍ഘകരാറിലൊപ്പുവെച്ചതെന്ന തോന്നല്‍ മൈക്കിളിനെ ഇടയ്ക്കിടെ അലോസരപ്പെടുത്തി. താനോ, പോപ്പിനെക്കാളേറെ വൃദ്ധനായിരിക്കുന്നു. ഏതാണ്ട്‌ അറുപത്തഞ്ചു കഴിഞ്ഞു. ആയുര്‍ദൈര്‍ഘ്യം എത്രനാള്‍, എത്രനാള്‍! അത്‌ അജ്ഞാതമാണ്‌. ആകസ്മികമാണ്‌. കൊടുങ്കാറ്റുപോലെ കടന്നുപോകുന്ന രോഗങ്ങള്‍. ചിലവ മാരകമാണ്‌. ഫല്രപ്രദചികിത്സാവിധി ഇല്ലാത്തതും. വരുംപോലെ വരട്ടെ. എപ്പോഴും തന്നെ സഹായിക്കാന്‍ തോമസോ ഡി കാവലിറി എന്ന ചെറുപ്പക്കാരനുമുണ്ട്‌. ഇപ്പോഴവന്‍ ചായങ്ങള്‍ കൂട്ടാനും പശ്ചാത്തലങ്ങള്‍ വരയ്ക്കാനും അതിസമര്‍ത്ഥനായിട്ടുണ്ട്‌.

അന്ത്യവിധി (ലാസ്റ്റ്‌ ജഡ്ജ്മെന്റ്‌ ) എവിടെ ആരംഭിക്കണം. സിസ്റ്റീന്‍ ചാപ്പലിലെ അള്‍ത്താരഭിത്തി അതിനുവേണ്ടി ഒരുങ്ങിക്കിടക്കുന്നു. മുകളില്‍ ഏതാണ്ട്‌ ഇരുപത്തിമുന്ന്‌ വര്‍ഷം മുമ്പ്‌ വരച്ച ചിത്രങ്ങള്‍. അന്ത്യവിധിയുടെ വരകൂടി തീര്‍ന്നു കഴിയുമ്പോള്‍ സിസ്റ്റീന്‍ ചാപ്പല്‍ മുഴുവന്‍ തന്റെ ചിത്രങ്ങള്‍ കൊണ്ടു നിറയും. സൃഷ്ടി മുതല്‍ അന്ത്യവിധി വരെ. അന്ത്യവിധി വരയ്ക്കുക അത്ര എളുപ്പമല്ല. മുകള്‍ത്തട്ടിലെ ചിത്രങ്ങള്‍ വരച്ചപ്പോള്‍ അതിന്‌ അറിയപ്പെടുന്ന പശ്ചാത്തലങ്ങളും വിശുദ്ധഗ്രന്ഥത്തിലെ വിവരണങ്ങളുമുണ്ടായിരുന്നു.

ഇതിപ്പോള്‍ വരയ്ക്കേണ്ടത്‌ മനുഷ്യരാശിയുടെ അന്ത്യവിധിക്കുള്ള ക്രിസ്തുവിന്റെ രണ്ടാം വരവാണ്‌. ചുവരില്ലാതെ ചിത്രമെഴുതും പോലെയൊരു പ്രതീതി. ഭാവനയും സങ്കല്പവും മിത്തും കൂട്ടിയെടുത്താലേ എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കാമെന്ന്‌ ഒരു ഏകദേശധാരണ കിട്ടു. ഗ്രീക്ക്‌ മിത്തോളജിയിലെ മരണാനന്തരസങ്കല്പങ്ങളോടെ തുടങ്ങാമെന്നാണ്‌ മനസ്സിലിരുപ്പ്‌

മുകള്‍ത്തട്ടില്‍ സ്വര്‍ഗ്ഗം, അതെങ്ങനെ വരയ്ക്കാം! മദ്ധ്യത്തില്‍ സര്‍‌വ്വശക്തനായ തമ്പുരാനും വിശുദ്ധമറിയവും. ചുറ്റിലും മാലാഖമാരാലും ഉയര്‍ത്തെഴുന്നേല്‍ക്കപ്പെട്ട വിശുദ്ധരാലും നിറയുന്ന വ്യൂഹം. പെട്ടെന്ന്‌ അന്ത്യവിധിയുടെ അമ്പരപ്പിക്കുന്ന കാഹളമുതുന്ന മാലാഖമാരുടെ ചിറകടികള്‍ മൈക്കിള്‍ആന്‍ജലോയുടെ കാതുകളില്‍ മുഴങ്ങി എന്ന്‌ തോന്നി. മനസ്സ്‌ വിശുദ്ധ യോഹന്നാനു ലഭിച്ച വെളിപാടിലേക്ക്‌ ഈര്‍ന്നിറങ്ങി.

സ്വര്‍ഗ്ഗത്തില്‍ ഒരു തുറന്ന വാതില്‍ ഞാന്‍ കണ്ടു. അതാ, സ്വര്‍ഗ്ഗത്തില്‍ ഒരു സിംഹാസനം ഒരുക്കപ്പെട്ടിരിക്കുന്നു. സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നു. കാഴ്ചയില്‍ സൂര്യകാന്തം പോലെയും, മാണിക്യം പോലെയുമായിരുന്നു. ചുറ്റിലും മരതകം പോലെയുള്ള മഴവില്ല്‌.

ചീകി മിനുക്കി സിമിന്റു കുഴച്ച്‌ ചിത്രങ്ങള്‍ കോറിയിടാന്‍ പാകത്തില്‍ യുവാവായ തോമാസോ ഒരുക്കിയിട്ടിരുന്ന അള്‍ത്താര ഭിത്തിയില്‍ മൈക്കിള്‍ആന്‍ജലോ ആവേശത്തോടെ സ്‌കെച്ചുകള്‍ വരയ്ക്കാനാരംഭിച്ചു. സ്വര്‍ഗ്ഗം മനോഹരമായിരിക്കണം. എങ്ങനെ! മുമ്പ്‌ ചിന്തിച്ചുവെച്ചിരുന്നതിലും അല്പം വൃത്യസ്തതയോടെ, എങ്കിലേ അതു പൂര്‍ണ്ണമാകൂ. മദ്ധ്യത്തില്‍ വിധികര്‍ത്താവായി താടിമീശയില്ലാത്ത യേശു തമ്പുരാന്‍. വലതുഭാഗത്ത്‌ പരിശുദ്ധമാതാവ്‌, ഇടത്‌ സ്നാപകയോഹന്നാന്‍, കരുത്തരായ ആണ്‍മാലാഖമാരുടെ അകമ്പടിയോടെ. ക്രിസ്തുവിന്റെ വലതുകരം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു, നിത്യശിക്ഷയുടെ അടയാളമായി. ഇടതുകൈ അനായാസമായി നീട്ടിയിരിക്കുന്നു, സ്വര്‍ഗ്ഗത്തിലേക്കുള്ള ക്ഷണമായി.

സ്വര്‍ഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ട മരിച്ചുയര്‍ക്കപ്പെട്ടവരുടെ ആത്മാക്കള്‍ക്ക്‌ ചിറകുകളോ തലയ്ക്കുമുകളില്‍ വിശുദ്ധരുടെയോ അടയാളമില്ലാതെ സ്കെച്ചിട്ടു, മനുഷ്യരുപങ്ങളില്‍ത്തന്നെ. പുരുഷരെല്ലാം പൂര്‍ണ്ണനഗ്നര്‍. എന്നാല്‍ സ്ത്രീകളെ വസ്ത്രമണിയിച്ചു. അതിനെന്തു കാരണമെന്ന്‌ മറ്റു പ്രശസ്ത ചിത്രകാരര്‍ ചോദിച്ചേക്കാം. ഉത്തരം എന്റെ പക്കലുണ്ട്‌. യഹോവ ആദിമനുഷ്യനെ സ്വന്തം ഛായയിലും രൂപത്തിലും സൃഷ്ടിച്ചു എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. പിന്നീട്‌ ആദം ഒറ്റപ്പെട്ട്‌ ഇരിക്കേണ്ട എന്നു കരുതി യഹോവാ അവനെ ഉറക്കി അവന്റെ വാരിയെല്ലില്‍നിന്ന്‌ ഹവ്വായെ സൃഷ്ടിച്ചു എന്നല്ലേ എഴുതപ്പേട്ടിരിക്കുന്നത്‌, അപ്പോള്‍ സ്ത്രീകള്‍ സൃഷ്ടിയില്‍ രണ്ടാം തലമുറയുടെ പതിപ്പായി പരിണമിക്കുന്നു. അതുകൊണ്ട്‌ അവരെ വസ്ത്രധാരികളാക്കുന്നതു തന്നെ ഉത്തമം!

ഇനിയും മറ്റൊന്നു കൂടി മാറ്റി അവതരിപ്പിക്കണം. എല്ലാ പ്രശസ്തരായ ചിത്രകാരന്മാരും മാലാഖമാരെ വരച്ചു കണ്ടിട്ടുള്ളത്‌ പൂര്‍ണ്ണ വസ്ത്രധാരികളായത്രെ. പിശാചുക്കളെ നഗ്നരായും. അതിലെന്ത്‌ അതിശയോക്തിയും നയന സുഖവും! കരുത്തരായ അവരെയും യഹോവയുടെ സാദൃശ്യത്തിലും രൂപത്തിലും അരുപിയിലും സൃഷ്ടിച്ചിരിക്കുന്നു എന്നല്ലേ എഴുതപ്പെട്ടിരിക്കുന്നത്‌?
മാറ്റങ്ങള്‍ വരണം, അത്‌ ആദ്ധ്യാത്മിക ദൃശ്യങ്ങളെ മാറ്റിമറിക്കണം. അവിടെയല്ലേ നവോത്ഥാനത്തിന്റെ പ്രസക്തി! പുതിയ പോപ്പ്‌ പോള്‍ മൂന്നാമന്‍ തീര്‍ച്ചയായും മാറ്റങ്ങളെ ഉള്‍ക്കൊള്ളും. അദ്ദേഹം കാലത്തിനൊത്ത പുരോഗമനവാദിയും കലാസ്വാദകനുമാണെന്നാണ്‌ ഇതുവരെയുള്ള പെരുമാറ്റങ്ങളില്‍ നിന്ന്‌ മനസ്സിലാകുന്നത്‌.

സ്‌കെച്ചുകള്‍ വരച്ചുതീരാന്‍ ഏറെ കാലതാമസമെടുത്തു. അതിസൂക്ഷ്മമായി വീക്ഷിച്ച്‌ വീണ്ടും വീണ്ടും വരച്ചു. പിന്നീട്‌ സ്‌കെച്ചിട്ട ചിത്രങ്ങളില്‍ ധൃതഗതിയില്‍ പണി ആരംഭിച്ചു. സിമിന്റുണങ്ങും മുമ്പ്‌ ചേരുംപടി ചായങ്ങള്‍ തേച്ചുപിടിപ്പിച്ചു. ചായ സമ്മിശ്രങ്ങള്‍ രൂപങ്ങളില്‍ തിളങ്ങി നനഞ്ഞ സിമിന്റ്‌ പ്രതലങ്ങളില്‍ അലിഞ്ഞുചേര്‍ന്ന്‌ ഉണങ്ങി വര്‍ണ്ണപ്രഭ ചൊരിഞ്ഞു.
ഏകാന്തമായ മനസ്സിലൂടെ നാള്‍ക്കു നാള്‍ വെളിപാടു പുസ്തകമെഴുതി.

കാലങ്ങള്‍ കൊഴിഞ്ഞുവീണു. സൃഷ്ടിയുടെ വേദന ആത്മനിര്‍വൃതിയിലലിഞ്ഞൊഴുകി. വിയര്‍പ്പു ചാലുകള്‍ വര്‍ണ്ണച്ചായങ്ങളിലലിഞ്ഞു. രാവും പകലും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു. മഞ്ഞും മഴയും വസന്തവും വേനലും കാലംതെറ്റാതെ ജതുക്കളെ പെറ്റു.

ആവേശത്തോടെ മൈക്കിള്‍ആന്‍ജലോയുടെ കരങ്ങള്‍ ചലിച്ചുകൊണ്ടിരുന്നു. ഉറക്കമൊഴിഞ്ഞ്‌, ചില സമയങ്ങളില്‍ ഭക്ഷണം വെടിഞ്ഞ്‌. ഏകാന്തതയുടെയും മൌനത്തിന്റെയും നിമിഷങ്ങള്‍ അടര്‍ന്നുവീണു. ഭാവനയുടെയും ആത്മനിര്‍വൃതിയുടെയും തേരില്‍ കാലങ്ങളിലൂടെ പറന്നുപോയപ്പോള്‍, ന്യായവിധിയുടെ ചിത്രങ്ങള്‍ പുതിയ ആകാരത്തില്‍ പിറന്നുവീണു. ഇത്‌ മനുഷ്യരാശിയുടെ മനഃസാക്ഷിയെ പിടിച്ചുനിര്‍ത്തട്ടെ. അടിതെറ്റിപ്പോകുന്ന മനുഷ്യരാശിയുടെ ആത്മീയചിന്ത ഉണര്‍ത്തട്ടെ.

(തുടരും……)

Print Friendly, PDF & Email

Leave a Comment

More News