ഫ്ലൂ (അദ്ധ്യായം – 2‌): ജോണ്‍ ഇളമത

ഫ്ലോറന്‍സിലെ അതിപുരാതനമായ സാന്താമറിയാ ഹോസ്പ്പിറ്റലില്‍ സെലീനാക്ക്‌ ജോലികിട്ടിയതില്‍ സെലീനയേക്കാളേറെ സന്തോഷം പ്രകടിപ്പിച്ചയ്ജ്, അമ്മായി മദര്‍ ഏവുപ്രാസിയാമ്മയായിരുന്നു.

എല്ലാം ഞാനറിഞ്ഞു, ആ ഡേവിഡ്‌ എന്ന ചെമ്മാച്ചനില്‍ നിന്ന്‌. ഇനി സെലീനാ, നിന്റെ കാര്യങ്ങള്‍ എല്ലാം തന്നെ നേരെയാകും. നിന്റെ എളേത്തുങ്ങളെ എല്ലാം മാന്യമായിതന്നെ കെട്ടിച്ചയക്കണം. നിനക്കും നല്ല രീതിയില്‍ ഒരു കല്ല്യാണമൊക്കെ വേണമല്ലോ. അമ്മായിയുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. നിര്‍മ്മലമായ വിശുദ്ധ ജീവിതവും, സഹനവും, അര്‍പ്പണവും ആണ്‌ ആ മനസ്സുനിറയെ. കളങ്കമില്ലാത്ത ഹൃദയം. ആരെയും സംശയിക്കാത്ത പ്രകൃതം. എന്നാല്‍ എപ്പോഴും സെലീനായൂടെ മനസ്സില്‍ ഒരേ ചോദ്യമായിരുന്നു. എന്തിനാണ്‌ ആ ചെമ്മാച്ചന്‍ എന്റെ കാര്യത്തില്‍ ഇത താല്പര്യം കാട്ടുന്നത്! എന്നില്‍ നിന്ന്‌ എന്താണ്‌ പ്രതീക്ഷിക്കുന്നത്‌! എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടായിരിക്കുമോ? അല്ലങ്കില്‍ ഒരു സന്മനസ്സിന്റെ പ്രതിഫലനമായിരിക്കുമോ. എന്തായാലും ഈ അവസരത്തില്‍ എനിക്കതാശ്രയമായി. കരകയറി എന്റെ കുടുംബത്തെ സഹായിക്കാനുള്ള ഒരു അത്താണി കണക്കെ. ഡേവ്‌ എന്ന ചെമ്മാച്ചന്‍, അതിനൊക്കെ നിമിത്തമായി. പ്രശസ്തമായ ഈ ഹോസ്പിറ്റലില്‍ ഒരു ചുവടുറപ്പിക്കാന്‍. ചെമ്മാച്ചന്‍ തന്നെ ആപ്ലിക്കേഷന്‍ തന്നു, കൂടെ തിരഞ്ഞെടുപ്പു കമ്മറ്റിയിലെ ഡോക്ടര്‍ മാത്യൂവിന്റെ ശുപാര്‍ശയും തരമാക്കി തന്നു. എല്ലാം ആശ്വാസത്തിന്‍ വഴികള്‍.

അങ്ങനെ ഇരിക്കെ ഒരിക്കല്‍ ഡേവിഡ്‌ എന്ന ചെമ്മാച്ചന്‍, ഡോക്ടര്‍ മാത്യൂവിനെ കാണാനെത്തി, അക്കൂട്ടത്തില്‍ സെലീനായേയും. അവള്‍ അത്ഭുതപ്പെട്ടുപോയി. ഇതെന്തൊരു മാറ്റം ?

എങ്ങനെ ഒരാള്‍ക്ക്‌ ഇപ്രകാരം വേഷം മാറാനാകും. ചെമ്മാച്ചന്‍ ആ സന്യാസക്കുപ്പായം ഉപേക്ഷിച്ചിരുന്നു. ഒരു കറുത്ത പാന്‍റും, ചെങ്കല്‍ നിറമുള്ള ഒരു ചെക്ക്സ്ലാക്ക്‌ ഷര്‍ട്ട്‌ പാന്‍റിനൂമീതെ ഇട്ട കേരള ലൂക്കുള്ള ഒരു യുവകോമളനെപോലെ. സമാന്യം ചുരുണ്ട മൂടി വാസന തൈലം പുരട്ടി ഒതുക്കി ഭംഗിയായി വകഞ്ഞ്ചീകി ഒതുക്കി വെച്ചിരിക്കുന്നു. അപ്പോള്‍ അവളോര്‍ത്തത്‌ ഈ വശീകരണ പുഞ്ചിരിക്ക്‌ അനുയോജ്യമായ ഒരു വീതി കുറഞ്ഞ ചെറു മേല്‍മീശ കൂടി ഉണ്ടായിരുന്നെങ്കിലെന്ന്‌! അത്തരം ഒരു ചെറുപ്പക്കാരന്‍ നഴ്സിംഗിനു മുമ്പ് പ്രീഡിഗ്രിക്ക്‌ പഠിച്ചുകൊണ്ടിരുന്ന കാലത്ത്‌ തന്നെ വശീകരിച്ചട്ടുണ്ട്‌. ഒരു പെണ്‍മനസ്സിന്റെ ചാഞ്ചല്യം തന്റെ ജീവിതത്തിലെപ്പോഴും ഉണ്ടായിട്ടില്ലന്ന്‌ പറയാന്‍ എനിക്കാവില്ല. ഓ, അതൊക്കെ ഒരു തമാശ പോലെ തോന്നുന്നു. വലിയ കഴമ്പുണ്ടായിരുന്ന ഒരു സ്നേഹമോ, പ്രണയമോ ഒന്നുമല്ലായിരുന്നു അത്‌. ആഴത്തിലേക്കില്ലാതെ ഒരുതരം അനുഭൂതി. അതിനെ പ്രണയമെന്നുതന്നെ പറയനാവില്ല. ഒരു തമാശ പോലെ, ഒരു നേരമ്പോക്കെന്നു മാത്രം കണക്കാക്കിയാല്‍ തീരാനുള്ളതേയുള്ളൂ. അല്ലങ്കില്‍ ആ പ്രായത്തിലെ പ്രണയത്തിനൊക്കെ എന്തര്‍ത്ഥം!

എന്നാല്‍, ഇന്ന്‌ ഡേവിനെ കണ്ടപ്പോള്‍, ആ പഴയ ഓര്‍മ്മകള്‍ തികട്ടി വന്നു. ഓ, അല്ലങ്കില്‍ എന്തിനിതൊക്കെ ഓര്‍ക്കുന്നു. ങാ, ആര്‍ക്കറിയാം ഈ ചെറുപ്പക്കാരന്‌ എന്തുപറ്റിയെന്ന്‌. അങ്ങനെ ചിന്തിച്ച് വിസ്മയിച്ചു നിന്നപ്പോള്‍ ഡേവിഡ്‌ പറഞ്ഞു തുടങ്ങി;

“സെലിനാ, തീര്‍ച്ചയായും എന്റെ ഇത്തരം വേഷപകര്‍ച്ചയില്‍ അത്ഭുതപ്പെടുന്നുണ്ടാകാം. എന്നാല്‍, ഞാന്‍ അങ്ങനെയങ്ങു തീരുമാനിച്ചു. പൗരോഹിത്യലേക്ക്‌ പ്രവേശിക്കേണ്ടാ എന്ന തീരുമാനം. മുമ്പ്‌ അങ്ങനെയൊക്കെ തീരുമാനം എടുത്തിരുന്നെങ്കിലും ഇപ്പോള്‍ മറ്റൊരു വഴിയെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അല്ല, രണ്ടും സാമൂഹ്യ സേവനം തന്നെ. ഒരു തരത്തില്‍ രണ്ടു വഴികളെന്ന്‌ എന്നുതന്നെ കണക്കാക്കാം. ഒന്ന്‌ തീര്‍ത്തും ആദ്ധ്യാത്മിക വഴി, മറ്റേത്‌ ലൗകീകം കൂടി ചേര്‍ന്നതെന്ന്‌ കരുതാനാണെനിക്കിഷ്ടം. അതിനൊക്കെ ഒരു കാരണം കൂടിയുമുണ്ട്‌. എന്റെ മാതാപിതാക്കളേക്കൂടി എനിക്ക്‌ കരുതണമെന്ന്‌ ഇപ്പോള്‍ ഒരു തോന്നല്‍. അവര്‍ക്ക്‌ പ്രായമായി വരുന്നു. എനിക്കൊരു അനുജനുണ്ട്‌. പറഞ്ഞിട്ട് കാര്യമില്ല. വിവാഹ ശേഷം,അവന്‍ അവന്റെ ഭാര്യയുടെ പാദസേവ ചെയ്യുന്ന പുരുഷനാണന്നാണ്‌ എന്റെ മാതാപിതാക്കളുടെ ഭാഷ്യം. എന്നു പറഞ്ഞാല്‍ അവന്‍ അവരെ അന്വേഷിക്കാറില്ലെത്രെ. അതുകൊണ്ട്‌ അവരെ നോക്കണമെങ്കില്‍ എനിക്കൊരു വരുമാനം വേണം. അതാണ്‌ ഞാനിപ്പോള്‍ ആലോചിക്കുന്നത്‌. അതിന്‌ എനിക്ക്‌ എന്തെങ്കിലും നല്ല നിലയില്‍ പഠിക്കണമെന്നുണ്ട്‌. സത്യം പറയാമല്ലോ യൂണിവേഴ്‌സിറ്റി ഓഫ്‌ ഫ്ലോറന്‍സില്‍ മെഡിസിന്‌ ഒരു അഡ്മിഷന്‍ കിട്ടി. അതും ഡോക്ടര്‍ മാത്യൂവിന്റെ സഹായത്താല്‍ തന്നെ. അതിന് അദ്ദേഹത്തോട്‌ ഒരു നന്ദി പറയാന്‍ വന്നതാണിവിടെ. കൂട്ടത്തില്‍ സെലീനയെ കൂടി ഒന്ന്‌ കണ്ടേക്കാമെന്നു കരുതി.”

“നല്ലകാര്യം!”

സെലിന ഉത്തരമേകി. എങ്കിലും മറ്റൊന്നാണ്‌ ചിന്തിച്ചത്‌. ആര്‍ക്കറിയാം! ഈ ചെറുപ്പക്കാരന്‍ പറയുന്നതു മുഴുവന്‍ സത്യംതന്നയോ എന്ന്‌. ചിലപ്പോള്‍ ശരിയാകാം. കാലം മാറിവരികയല്ലേ. അതിന്റെ ചലനങ്ങള്‍ ജന്മനാട്ടില്‍ നിന്ന്‌ ഇടക്കിടെ വരുന്ന വാര്‍ത്തകളില്‍ കേള്‍ക്കാറുമുണ്ട്‌. സ്രതീപൂരുഷസമത്വം, ചുംബന സമരം എന്നൊക്കെ. ഇതൊക്കെ ന്യൂ ജനറേഷന്‍ ചിന്തകളും, വ്യാഖ്യാനങ്ങളുമാകാം. നോക്ക്‌, ജനാധിപത്യം തന്നെ എത്ര മാറിയിരിക്കുന്നു!

“സെലീനാ എന്താണ്‌ എന്നെപ്പറ്റി ചിന്തിക്കുന്നതെന്ന്‌ എനിക്കു മനസ്സിലാകും. അല്ല, ഇതൊക്കെ മാനുഷിക അവസ്തകളുടെ ബലഹീനത എന്നുള്ള ചിന്ത എനിക്കില്ല. ചിന്തകള്‍ മാറിമാറി വരുന്നത്‌ സ്വാഭാവിക മനുഷ്യചിന്തതന്നെയല്ലേ! അല്ലങ്കിലും നമ്മളാരെങ്കിലും ചിട്ട പെടുത്തുന്നതുപോലാണോ നമ്മുടെ ഒക്കെ ഭാവി വന്നവസ്സാനിക്കുന്നത്‌. മാറിമാറി വരുന്ന ചിന്തകള്‍ നെഗറ്റീവ്‌ ആകാതിരുന്നാല്‍, അതല്ലേ ധന്യം! ഒരുപക്ഷേ നാം ജനിച്ചു കുട്ടിയായിരുന്ന കാലത്തെ ചിന്തകള്‍ യുവത്വത്തിലേക്ക്‌ പ്രവേശിച്ചപ്പോള്‍ മാറിയില്ലേ. നമ്മുക്കിന്ന്‌ ആ കാലങ്ങള്‍ മരീചിക പോലെ താന്നാറില്ലേ. എന്നാല്‍ തുടര്‍ന്നുള്ള പൂര്‍ണ്ണതയിലേക്കുള്ള പ്രയാണത്തില്‍ പല പോസിറ്റാവായ ചിന്തകളിലും നാം സംതൃപ്തി കണ്ടെത്തുന്നില്ലേ!”

ഡേവിഡിന്റെ തത്വചിന്തക്കു മുമ്പില്‍ മുകത പാലിച്ചു. ഈ ചെറുപ്പക്കാരനെ താന്‍ കുറ്റപ്പെടുത്തുന്നില്ല. അയാള്‍ കാലത്തിനൊത്തുമാത്രം ചിന്തിക്കുന്നു എന്ന്‌ കരുതാനാണ്‌ എനിക്ക്‌ തോന്നുന്നത്‌. അല്ല, അങ്ങനെതന്നെയല്ലേ. കാലവും, കാഴ്ച്ചപ്പാടുകളും ചിട്ടപ്പെടുത്തിയതല്ലേ തന്റെ ജീവിതവും. കടല്‍ കടന്ന്‌ നഴ്സിംഗിന് നേരെ ഇറങ്ങിപുറപ്പെട്ടതൊന്നുമില്ല. ഒറ്റക്ക്‌ വിദേശത്തേക്ക്‌ യാത്ര ചെയ്യാനെനിക്കു ഭയമായിരുന്നു. പിന്നെ നഴ്സിംഗ് എന്ന ജോലി അത്ര സ്റ്റാറ്റസ്സ്‌ ഉണ്ടന്നും തോന്നിയിരുന്നില്ല. ഒരു കോളജ്‌ പ്രഫസറോ, ഹൈസ്കൂള്‍ പ്രിന്‍സിപ്പലോ അതുമല്ലങ്കിൽ ഒരു നല്ല ജേര്‍ണ്ണലിസ്‌റ്റോ അങ്ങനെ നാട്ടില്‍തന്നെ എത്ര എത്ര മാന്യതയുള്ള പ്രവര്‍ത്തികളില്‍ വ്യാപരിക്കാന്‍ മോഹമുണ്ടായിരുന്നിട്ടും അതൊന്നും നടന്നിരുന്നില്ലല്ലോ. അങ്ങനെയല്ലേ മനുഷ്യജീവിതം!ഒന്നു ചിന്തിക്കുന്നു, എന്നാല്‍ സംഭവിക്കുന്നതോ പ്രതീക്ഷിക്കാത്ത മറ്റുപലതും.

അപ്പോഴേക്കും ഡേവ്‌ യാര്രപറഞ്ഞ്‌ പിരിയാന്‍ തിടുക്കപ്പെട്ടു.

“എന്തായാലും ഞാന്‍ പുതിയ ജീവിതം തുടങ്ങി. യൂണിവേഴസിറ്റി കാമ്പസില്‍ തന്നെ ഒരു ബെഡ്റും അപ്പാര്‍ട്ട്മെന്റ് തരപ്പെട്ടു കിട്ടിയിട്ടുണ്ട്‌. വാടക തുഛമെങ്കിലും അതു കൊടുക്കണ്ടേ, പിന്നെ ഭക്ഷണത്തിനുള്ളതും മറ്റു ചിലവുകളും. അതുകൊണ്ട്‌ ഒരു
റസ്റ്റോറന്‍റില്‍ ബാറില്‍ ഒരു ജോലി തരപ്പെടുത്തിയട്ടുണ്ട്‌. അങ്ങനെയല്ലേ, ധനാഢ്യരല്ലാതെ മിക്ക യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെയും ജീവിതം. ഫീസും, പുസ്തകം വാങ്ങാനുള്ള തുകക്കും വിദേശ വിദ്യാര്‍ത്ഥിക്കുള്ള സ്കോളര്‍ഷിപ്പിന്റെ പേരില്‍ നല്ല ഇളവും കിട്ടിയിട്ടുണ്ട്. ബാക്കി വരുന്ന ചിലവുകള്‍, വിശാലമനസ്ക്കനായ ഡോക്ടര്‍ മാത്യു വഹിക്കാമെന്നേറ്റിരിക്കുന്നു. എങ്കിലും ഞാന്‍ ആ തുക എനിക്ക്‌ ജോലി തരപ്പെടുമ്പോള്‍ ഡോകടര്‍ക്ക്‌ മടക്കികൊടുക്കക്കുക തന്നെ ചെയ്യും. അതാണല്ലോ മര്യാദ! ഇന്ന്‌ എന്റെ പുതിയ ജോലി ആരംഭിക്കുകയാണ്‌, റസ്റ്റോറന്റില്‍ ബാര്‍ടെന്‍ഡര്‍ ട്രെയിനിയായി. അല്ല, അറിയാമല്ലേോ ബാര്‍ എപ്പോഴും തുറക്കുക വൈകിട്ട്‌ ആറു മണി മുതല്‍ അര്‍ദ്ധരാത്രി വരെ. ഒരുതരം സെമി നൈറ്റ് ഡ്യൂട്ടി തന്നെ. പകല്‍ പഠനത്തിനും, അതിനുശേഷം ആറു മണിക്കൂര്‍ ഈവനിംഗ് ഷിഫ്റ്റും ചെയ്താലെ ഒരു ലക്ഷ്യസഥാനത്ത്‌ എത്താനാകൂ. അല്ല, എന്തെല്ലാം രീതിയില്‍ കഴിഞ്ഞാലാണ്‌ മനുഷ്യര്‍ക്ക്‌ ജീവിക്കാനാകുക! ഡ്യൂട്ടി തുടങ്ങാറായി ഞാന്‍ പോകട്ടെ. അടുത്തുതന്നെ വീണ്ടും കാണാം.”

ധൃതിയില്‍ അയാള്‍ നടന്നു മറഞ്ഞപ്പോള്‍, എന്തോ ബാക്കിവെച്ച്‌ പിരിഞ്ഞുപോയ പ്രതീതി എന്നില്‍ ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചു. വിചിത്രമായ സംഭാഷണ രീതിയും, തത്വജ്ഞാനം പറച്ചിലും, പിന്നെ വീണ്ടും കാണാമെന്നുമൊക്കെയുള്ള പ്രസ്താവനയും മറ്റ്‌ എന്തൊക്കെയോ സൂചിപ്പിക്കും പോലെയും എനിക്കു തോന്നി.

അന്നു രാത്രി വളരെ വൈകിയിട്ടും എനിക്കുറങ്ങാനായില്ല. ഡേവ്‌ എന്ന ചെറുപ്പക്കാരന്‍ എങ്ങുനിന്നോ ഓടിവന്ന്‌ എന്റെ മനസ്സിലേക്ക്‌ ചേക്കേറാന്‍ പരിശ്രമിക്കുന്നുവോ! അയാള്‍ക്ക്‌ എന്നോട്‌ എന്താണ്‌ പറയാനുള്ളത്‌. വിചിത്രനായ ചെറുപ്പക്കാരന്‍. വളരെ വിചിത്ര സ്വഭാവമുള്ള പലരേയും ജീവിതത്തില്‍ കണ്ടുമുട്ടാറുണ്ട്‌. ഹൃദയം പെട്ടന്നു തുറക്കുന്നവര്‍, അല്ലാത്തവര്‍. ഈ രണ്ടിനത്തിലും പെടാത്തവരുമുണ്ട്‌. എങ്കിലും അയാള്‍ സുന്ദരനാണ്‌, സുമുഖനാണ്‌. ആദ്യം സംപൂര്‍ണ്ണ ആദ്ധ്യാത്മിക ജീവിതം തിരഞ്ഞെടുത്തു. പിന്നീടതു വേണ്ടന്നുവച്ചു. നല്ല ഭാവിക്കും സുരക്ഷിതത്വത്തിനും വേണ്ടി. മെഡിസിന്‍ പഠിക്കാന്‍ കഷ്ടപ്പെട്ടെങ്കിലും കയറികൂടിയിരിക്കുന്നു. അതിനു മുമ്പിലും വാര്‍ദ്ധ്യക്യത്തില്‍ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള മനഃസ്ഥിതിയാണ്‌. അതും ജീവകാരുണ്യ പ്രവര്‍ത്തനം തന്നെ. ‘മോട്ടിവേഷന്‍’ ധാരാളമുള്ള നല്ല ചെറുപ്പക്കാരന്‍!

വാസ്തവത്തില്‍ അയാള്‍ ചെയ്യുന്ന പ്രവര്‍ത്തിയല്ലേ ഞാനും ചെയ്യുന്നത്‌. എനിക്കൊരു ആങ്ങള പിറന്നില്ല, അമ്മ എവിടെയെല്ലാം നേര്‍ച്ചകാഴ്ച്ചകള്‍ നടത്തി എന്നിട്ടും. അപ്പനെ സംബന്ധിച്ച്‌ പെണ്‍മക്കള്‍ പിറന്നു കൂടുന്നതില്‍ വലിയ വ്യാകുലതകളൊന്നും കണ്ടില്ല. കഠിനമായ കഷ്ടപ്പാടുകളിലൂടെയാണ്‌ അപ്പന്‍ ജീവിച്ചത്‌. സ്വന്തം സ്ഥലത്ത്‌ തനിയെ ഉഴുതും കിളച്ചും, അന്തിയോളം അദ്ധ്വാനിച്ചിരുന്ന കൃഷീവലന്‍. മലബാറിലേക്ക്‌ കുടിയേറിയ ഒരു മലയോര കര്‍ഷകരുടെ നിഖണ്ടുവില്‍ പല വാക്കുകളും, പ്രമാണങ്ങളും, രീതികളും, ശീലങ്ങളും എഴുതപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍പ്പെട്ട ഒരുവനാണ്‌ എന്റെ അപ്പന്‍. അതുകൊണ്ട്‌ അന്തിക്ക് “ദീനവും ദണ്ഡവും” മറക്കാനെന്നു പറഞ്ഞ്‌ വാറ്റ്‌ ചാരായം കുടിക്കുക പതിവായിരുന്നു. അപ്പന്ന ഉന്മാദമേറിടുമ്പോള്‍ അമിതമായി സന്തോഷിക്കുക പതിവായിരുന്നു. അപ്പോള്‍ ചെറുപ്രായത്തില്‍ ഞങ്ങള്‍, പെണ്‍മക്കളെ ഒക്കെ വാരിപുണര്‍ന്നിട്ടു അമ്മയോട്‌ പറയുമായിരുന്നു;

“എടീ, അക്കാമ്മെ പെണ്ണൂന്നു പറഞ്ഞാ പൊന്നല്ലേ! നീ കണ്ടോ നമ്മടെ മക്കളു പഠിച്ച്‌ കാശൊണ്ടാക്കി നമ്മളെ നോക്കിക്കൊള്ളും. അതിന്‌ ഒരാണ്‍തരി ഇല്ലേന്നും പറഞ്ഞ നീ വിലപിക്കണ്ട കാര്യോല്ല!”

പെണ്‍മക്കള്‍ എങ്ങനെ എങ്കിലും പിഴക്കുമെന്ന പ്രമാണമായിരുന്നു അപ്പന്‌. ‘വായ കീറിയ തമ്പുരാന്‍ എരയേം തരും’ എന്ന പ്രമാണക്കാരന്‍!

ഡേവിനെപ്പോലെ ഞാനും ഇറങ്ങി പുറപ്പെട്ടു, കടലിനക്കരെയെങ്കില്‍ അങ്ങനെ. എന്റെ അമ്മയുടെ സങ്കടങ്ങളെ ഞാനിന്നതിജീവിച്ചിരിക്കുന്നു. ആണ്‍മക്കളില്ലാത്ത കുറവ് ഞാന്‍ പരിഹരിച്ചിരിക്കുന്നു. അത്തരം കരുത്താര്‍ജ്ജിച്ച മനസ്സുണ്ടെങ്കില്‍ സാധിക്കാത്തതെന്തുണ്ട്! അതുകൊണ്ട്‌ ആണെന്നും, പെണ്ണുന്നുമള്ള വകതിരിവുകളെയെല്ലാം തിരുത്തിയെഴുതാന്‍ ഞാനിന്നു ശ്രമിക്കുന്നു.

പുറത്ത്‌ കുളിര്‍കാറ്റ വീശിയടിക്കുന്നു. അര്‍നോ നദിയില്‍ നിന്നുള്ള കാറ്റ്‌. ഫ്ലോറൻസ്‌ നഗരത്തെ മനോഹരമാക്കുന്ന നദി. വേനല്‍ക്കാലങ്ങളില്‍ അവിടെ ധാരാളം സന്ദര്‍ശകരെത്തും. അവിടെ നദിക്കരയിലേക്ക്‌ കെട്ടി ഇറക്കിയ ധാരാളം റസ്റ്റോറന്റുകളും, ബാറുകളുമുണ്ട്‌. പ്രാവുകള്‍ കൂട്ടം കൂടി പറന്നിറങ്ങുന്ന വെണ്‍കല്‍പ്പടവുളില്‍ അവയ്ക്ക്‌ തീറ്റകള്‍ കൊടുക്കുന്ന സന്ദര്‍ശകരെ കാണാം. ജിപ്സികളായ വാദ്യമേളക്കാര്‍, അവര്‍ ഉതിര്‍ത്തിവിടുന്ന മാസ്മര സംഗീത ധാര നദിയുടെ നേര്‍ത്ത ഓളങ്ങളില്‍ അലിഞ്ഞലിഞ്ഞ്‌ ഇഴുകിചേരുന്നു. ഫ്ലോറന്‍സിന്റെ രാജ്ഞിയാണവള്‍, മദ്ധ്യകാലഘട്ട യൂറോപ്പിലെ കഥകളുടെ റാണി! അപ്പോള്‍ എന്നില്‍ ഗൃഹാതുരത്വം ഉണര്‍ന്നു. താമരശ്ശേരി ചുരത്തില്‍ നിന്ന്‌ പൊട്ടി ഒഴുകുന്ന ചെറുപുഴയാണ്‌ മനസ്സിലേക്ക്‌ ഒഴുകി എത്തിയത്. തിരുവിതാംകൂറില്‍ നിന്നെത്തിയ ചേട്ടന്മാരുടെ , മലയോര കര്‍ഷകരുടെ അത്താണിയായിരുന്ന ചെറുപുഴ! ആ നദിയിലെ പളുങ്കു മണികള്‍ പോലെയുള്ള ജലധാര മലനിരകളെ മുറിച്ച്‌ പാറക്കെട്ടുകളുടെ വിള്ളലുകളിലൂടെ ഒലിച്ചിറങ്ങുന്ന കാഴ്ച എത്ര മനോഹരം! തിങ്ങിവളരുന്ന മണ്‍സൂണ്‍ വനങ്ങളില്‍ വെള്ളിക്കിരണങ്ങള്‍ പൊഴിച്ച്‌ ശാന്തയായി അവള്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക്‌ ഒഴുകി വരുന്നു. അവിടെയാണ്‌ ബാല്യത്തിലും, കരമാരത്തിലുമൊക്കെ ഞങ്ങള്‍ നീന്തിത്തുടിച്ചത്. അപ്പോള്‍ ചുറ്റിലും അടുത്തു കൂടുന്ന ചെറിയ പരല്‍മീനുകള്‍. കിന്നാരം പറയാന്‍ ഞൊറിഞ്ഞെത്തുന്ന കുഞ്ഞലകള്‍. അവയൊക്കെ ഓര്‍ക്കുമ്പോള്‍, അല്ലലില്ലാതിരുന്ന ബാല്യകൗമാരങ്ങളിലേക്ക്‌ വീണ്ടും ഒഴുകിപോകാന്‍ ഒരിക്കല്‍ കൂടി മനസ്സു ദാഹിക്കുന്നു. നിദ്ര എന്നെ തഴുകി വരുന്നു, മറ്റൊരു പുലരിക്കായ്‌….

ഇനി ഞാന്‍ ഉറങ്ങട്ടെ!

(……തുടരും)

 

Print Friendly, PDF & Email

Leave a Comment

More News