മൂവാറ്റുപുഴയിൽ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കുടിയേറ്റ തൊഴിലാളി വളര്‍ന്നുവരുന്ന ഒരു യൂട്യൂബര്‍ (വീഡിയോ കാണുക)

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കൊല ചെയ്യപ്പെട്ട കുടിയേറ്റ തൊഴിലാളി അശോക് ദാസ് ആൾക്കൂട്ടക്കൊലയുടെ വ്യക്തമായ ഉദാഹരണമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 24 കാരനായ അശോക് ദാസ് വളർന്നുവരുന്ന യൂട്യൂബറും അരുണാചൽ പ്രദേശ് സ്വദേശിയുമായിരുന്നു. വാളകത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. ആൾക്കൂട്ട ആക്രമണത്തിൽ യൂട്യൂബർക്ക് ഉണ്ടായ പരിക്കുകൾ മൂലമാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.

വളർന്നുവരുന്ന ഒരു യൂട്യൂബറും കഴിവുള്ള ഗായകനുമായിരുന്നു അശോക്. ‘MC MuNNu’ എന്ന പേരിൽ അദ്ദേഹത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ടായിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ അദ്ദേഹം റാപ്പർ എംസി സ്റ്റാൻ്റെ ആരാധകനാണെന്ന് തോന്നുന്നു. കൂടാതെ, പ്രശസ്ത റാപ്പറുടെ രൂപസാദൃശ്യവുമുണ്ട്.

ഏകദേശം 13 വീഡിയോകൾ അശോക് ദാസിന്റെ ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നിരവധി കാഴ്ചക്കാരുമുണ്ട്. 600-ലധികം സബ്‌സ്‌ക്രൈബർമാരുണ്ട്. അവസാന മ്യൂസിക് വീഡിയോ ‘ലോസ്റ്റ് ഓഫ് ടൈം’ മരിക്കുന്നതിന് ഏകദേശം 10 ദിവസം മുമ്പാണ് യുട്യൂബിൽ അപ്‌ലോഡ് ചെയ്തത്. 8,000-ത്തിലധികം കാഴ്ചക്കാരാണ് വീഡിയോ നേടിയത്.

കഴിവുള്ള ഒരു ഗായകനായിരുന്നു അശോക് എന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംഗീത മേഖലയിൽ ഒരു മികച്ച കരിയർ ഉണ്ടാകാന്‍ സാധ്യതയുള്ള കലാകാരനായിരുന്നു. എന്നാൽ, ആക്രമണത്തിൽ ആള്‍ക്കൂട്ടം ഈ കലാകാരനെ നിര്‍ദ്ദയം അടിച്ചു കൊല്ലുകയായിരുന്നു. ആരാധകർ അദ്ദേഹത്തിൻ്റെ യൂട്യൂബ് ചാനൽ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി.

വ്യാഴാഴ്‌ച രാത്രി പതിനൊന്നരയോടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം പെൺ സുഹൃത്തിൻ്റെ വീട്ടിലെത്തിയ അശോക് ദാസിനെ നാട്ടുകാർ മർദ്ദിക്കുകയായിരുന്നു. ഇതിനിടെ പൊലീസിൽ വിവരമറിയിച്ചതോടെ അശോക് ദാസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെയാണ് ഒരു സംഘമാളുകൾ ചേർന്ന് അശോക് ദാസിനെ കെട്ടിയിടുകയും വീണ്ടും ക്രൂരമായി മർദിക്കുകയും ചെയ്‌തത്. സംഭവത്തിൽ പ്രദേശവാസികളായ ബിജീഷ് (44), അമൽ (39), സനൽ (38), ഏലിയാസ് കെ പോൾ (55), അനീഷ് (40), സത്യകുമാർ (56), കേശവ് സത്യൻ (20), സൂരജ് സത്യൻ (26), എമിൽ (27), അതുൽ കൃഷ്ണ (23) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

മര്‍ദ്ദനമേറ്റ് അവശനായ അശോക് ദാസിനെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്‌ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെട്ടു. വാളകത്തെ ഒരു ഹോട്ടലില്‍ ജോലി ചെയ്‌തു വരുകയായിരുന്നു അശോക് ദാസ്.

നെഞ്ചിലും തലയ്ക്കുമേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾ എത്തിയ ശേഷം വിട്ടുകൊടുക്കും. കുടിയേറ്റ തൊഴിലാളിയെ മർദിച്ചവർക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News