നിതിൻരാജിന്റെ മരണം: അധികാരികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: കെ. ആനന്ദകുമാർ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ ക്രൂര പീഡനങ്ങൾക്കിരയായി നിതിൻരാജ് എന്ന വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ, ആരോപണ വിധേയനായ ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. കെ. റാമിനും, പരാതി ലഭിച്ചിട്ടും നടപടി എടുക്കാത്ത അക്കാദമിക് ഡീനിനും പ്രിൻസിപ്പലിനും മാനേജ്‍മെന്റിനുമെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളെ അപമാനിക്കുന്നതും ശാരീരിക – മാനസിക പീഡനങ്ങൾക്കിരയാക്കുന്നതുമായ ഒരു സാഡിസ്റ് മനോഭാവമുള്ളയാളാണ് ഡോ. റാം എന്നാണ് മനസ്സിലാകുന്നത്. എന്ത് ഭയപ്പാടിന്റെ പേരിലായാലും തെറ്റ് കണ്ടാൽ പ്രതികരിക്കാനുള്ള യുവതയുടെ വീര്യം ചോർന്ന് പോയത് നിരാശാജനകമാണ്.

പ്രൊഫഷണൽ കോളേജുകളിൽ, വിദ്യാർഥികളെ അപമാനിക്കുന്നതും ശാരീരിക – മാനസിക പീഡനങ്ങളും നിത്യസംഭവം ആണ്. മെരിറ്റിൽ അഡ്മിഷൻ നേടുന്ന പാവപ്പെട്ട വിദ്യാർഥികളാണ് ഇത്തരം പീഡനങ്ങൾക്ക് ഇരയാകുന്നതിൽ ഏറിയ പങ്കും.

ഇത്തരം സംഭവങ്ങളുണ്ടായാൽ നിർഭയമായി പരാതി നൽകാനുള്ള സർക്കാർ സംവിധാനമാണ് വേണ്ടത്. അക്കാര്യത്തിൽ പരാതിക്കാരനെ കുറ്റവാളിയാക്കുന്ന സ്ഥിതിയല്ല; മറിച്ച് പരാതിക്ക് മേൽ കർശന നടപടി ഉണ്ടാകും എന്ന് അധികാരികൾക്ക് ഉറപ്പ് നൽകാനാവണം.

അഞ്ചരക്കണ്ടി കോളേജിൽ വിദ്യാർത്ഥികൾ ഇത്രയധികം പീഡനങ്ങൾ നേരിട്ടിട്ടും, വിദ്യാർത്ഥി സംഘടനകൾ ഇക്കാര്യം അറിയുകയോ പ്രതികരിക്കുകയോ ചെയ്തില്ല എന്നതും അത്ഭുതപ്പെടുത്തുന്നു. ഇക്കാര്യത്തിൽ വിദ്യാർത്ഥി സംഘടനകളുടെയും യുവജന സംഘടനകളുടെയും ജനപ്രതിനിധികളുടെയും ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രക്ഷോഭങ്ങളും അക്രമങ്ങളും നടത്തുകയല്ല, സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ നിരീക്ഷിച്ച് ഇടപെടുകയും പ്രതികരിക്കുകയുമാണ് വിദ്യാർത്ഥി – യുവജന സംഘടനകളിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്: ആനന്ദകുമാർ ഓർമ്മിപ്പിച്ചു.

 

Leave a Comment

More News