തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിക്കെതിരെ സർക്കാർ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്തി എൻ ശംസുദ്ധീന് എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി നിവേദനം നൽകി.
പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയായ നേട്ടങ്ങൾ കൈവരിച്ച കേരളത്തിന്റെ വിദ്യാഭ്യാസ നയങ്ങളിലും പാഠ്യപദ്ധതിയിലും ഈ പദ്ധതിയിലൂടെ കേന്ദ്ര സർക്കാരിന്റെ നയപരമായ അജണ്ടകൾ അടിച്ചേൽപ്പിക്കപ്പെടുമോ എന്ന ആശങ്ക പൊതുസമൂഹത്തിൽ വ്യാപകമായി ഉയർന്നുവരുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയം സമഗ്രമായി നടപ്പിലാക്കുമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി സംസ്ഥാനങ്ങൾക്ക് അനുവദിക്കപ്പെടുന്നതെന്നത് ഈ ആശങ്കകൾക്ക് ആക്കം കൂട്ടുന്നതാണ്.
പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരിൽ ശാസ്ത്രബോധത്തിന് നിരക്കാത്ത ആശയങ്ങളും ചരിത്രപരമായി വിവാദമായ ഉള്ളടക്കങ്ങളും വിദ്യാർത്ഥികൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെടാനുള്ള സാധ്യത, സംസ്ഥാനങ്ങളുടെ സവിശേഷമായ സാമൂഹിക-സാംസ്കാരിക പശ്ചാത്തലങ്ങളെ അവഗണിച്ചുകൊണ്ട് ഏകീകൃത വിദ്യാഭ്യാസ സമീപനം നടപ്പാക്കാനുള്ള ശ്രമങ്ങൾ, കൂടാതെ വികേന്ദ്രീകൃതവും മതേതരവുമായ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന നടപടികൾ ഉണ്ടാകുമോ എന്ന ആശങ്കയും ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതുണ്ട്.
കേരളത്തിന്റെ സമുദായ സൗഹാർദ്ദപരവും വൈവിധ്യങ്ങളിലൂന്നിയതുമായ ചരിത്ര ബോധവും, ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ അന്തസ്സും സ്വഭാവവും സംരക്ഷിക്കുന്നതിന് ശക്തവും ജാഗ്രതാപൂർണവുമായ ഇടപെടൽ ഉണ്ടാകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി മിസ്അബ് ഷിബിലി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇബ്രാഹിം എന്നിവർ കൂടെയുണ്ടായിരുന്നു.
