തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ റീജ്യണൽ ട്രാൻസ്‌പോർട് ഓഫീസുകൾക്ക്, ഡ്രൈവിംഗ് സ്കൂളുകളെ ആശ്രയിക്കാതെ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള സ്ഥലസൗകര്യം ഒരുക്കിക്കൊടുക്കാൻ സർക്കാർ തയാറാകണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിലവിലുള്ള എൺപത്തിആറോളം ആർ.ടി ഓഫീസുകളിൽ നടന്നുവരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾക്ക്, സ്വന്തം പണം ഉപയോഗിച്ച് സ്ഥിരമായി സ്ഥലസൗകര്യം ഒരുക്കിക്കൊടുക്കുന്നത് വിവിധ ഡ്രൈവിംഗ് സ്കൂളുകൾ ആണ്. സംസ്ഥാനത്ത് എട്ട് സ്ഥലങ്ങളിൽ മാത്രമാണ് ആർ.ടി ഓഫീസുകൾക്ക് സ്വന്തമായി ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള സ്ഥലസൗകര്യം ഉള്ളത്. ബാക്കി എഴുപത്തി എട്ട് ആർ.ടി ഓഫീസുകളും ഡ്രൈവിംഗ് സ്കൂളുകളുടെ ഔദാര്യത്തിലാണ് ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കുന്നത്. സർക്കാരിനെ സംബന്ധിച്ച് അപമാനകരമായ അവസ്ഥയാണിത്.
ഡ്രൈവിംഗ് ടെസ്റ്റുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകൾക്ക് മുഖ്യ കാരണവും, ഡ്രൈവിംഗ് സ്കൂളുകളുടെ അപ്രമാദിത്വത്തിന് പ്രധാന കാരണവും ഇത് തന്നെയാണ്.
ഡ്രൈവിംഗ് സ്കൂളുകളെ ആശ്രയിക്കാതെ, സംസ്ഥാനത്തെ ആർ.ടി ഓഫീസുകൾക്ക് സ്വന്തമായി ടെസ്റ്റ് ഗ്രൗണ്ടുകൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം: ആനന്ദകുമാർ ആവശ്യപ്പെട്ടു.
