സിയാറ്റിലിൽ ഭക്ഷ്യമേളയ്ക്കിടെ നടന്ന വെടിവെയ്പ്പില്‍ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സിയാറ്റിൽ: യുഎസിലെ സിയാറ്റിലിൽ ഒരു ഭക്ഷ്യമേളയ്ക്കിടെ നടന്ന വെടിവെയ്പ്പില്‍ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ പ്രശസ്തമായ സ്പേസ് നീഡിലിനടുത്തുള്ള സിയാറ്റിൽ സെന്ററിലാണ് സംഭവം. പോലീസ് പറയുന്നതനുസരിച്ച് (പ്രാദേശിക സമയം) വൈകുന്നേരം 6 മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്.
“ബൈറ്റ് ഓഫ് സിയാറ്റിൽ” ഉത്സവം നടക്കുന്ന സമയത്തായിരുന്നു പെട്ടെന്ന് വെടിവെയ്പ്പ് നടന്നത്. ഇത് ജനക്കൂട്ടത്തില്‍ പരിഭ്രാന്തി പരത്തി. പോലീസ് പറയുന്നതനുസരിച്ച്, ഒരു കുട്ടി ഉൾപ്പെടെ ഇതുവരെ ആറ് പേർക്ക് വെടിയേറ്റു.
ആഷ്ലി വൈറ്റ്ഹെഡ് (56), കാർലോസ് ഇസ്രായേൽ സാഞ്ചസ് വില്ലാൽബ (44), ജൂനിയർ സീ നിക്കോ സെമോ (19) എന്നിവരാണ് മരിച്ചതെന്ന് സിയാറ്റിൽ പോലീസ് തിരിച്ചറിഞ്ഞു. ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് വൈറ്റ്ഹെഡ് മരിച്ചത്. വില്ലാൽബയും സെമോയും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, 7-8 വെടിയൊച്ചകൾ കേട്ടു. ജനങ്ങള്‍ പരിഭ്രാന്തരായി ചിതറി ഓടി. തിക്കിലും തിരക്കിലും പെട്ട് പലരും വീണു. പരിക്കേറ്റവരെ ഉടൻ തന്നെ ഹാർബർവ്യൂ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. പോലീസ് ഇപ്പോഴും അന്വേഷണം നടത്തുന്നുണ്ട്. അക്രമികളിലൊരാള്‍ ഒരു 15 വയസ്സുകാരനാണെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റൊരാള്‍ മരണപ്പെട്ട 19-കാരനാണ്. മൂന്നാമനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
വെടിവയ്പ്പ് ഗുണ്ടാസംഘവുമായി ബന്ധപ്പെട്ടതായിരിക്കാമെന്നും രണ്ട് ഗ്രൂപ്പുകൾ പരസ്പരം വെടിയുതിർത്തതായും അന്വേഷകർ വിശ്വസിക്കുന്നുവെന്ന് സിയാറ്റിൽ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ അസിസ്റ്റന്റ് ചീഫ് ആയ നിക്കോൾ പവൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
15 വയസ്സുകാരനെ തോക്ക് നിയമലംഘനം, ഫസ്റ്റ് ഡിഗ്രി ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി ജുവനൈൽ തടങ്കലിൽ വയ്ക്കാൻ ജഡ്ജി ഉത്തരവിട്ടു. കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള തീരുമാനത്തിനായി ബുധനാഴ്ച സിയാറ്റിൽ പോലീസിൽ നിന്ന് കേസ് റിപ്പോര്‍ട്ട് വാങ്ങുമെന്ന് കിംഗ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
“ബൈറ്റ് ഓഫ് സിയാറ്റിൽ” എന്നത് വർഷം തോറും നടത്തുന്ന ഒരു വലിയ ഭക്ഷ്യമേളയാണ്, നൂറുകണക്കിന് ഭക്ഷണ സ്റ്റാളുകളും സംഗീത പരിപാടികളും ഇതിൽ ഉൾപ്പെടുന്നു. 1982 ൽ ആരംഭിച്ച ഈ ഉത്സവം എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്നു. അന്വേഷണത്തെ തടസ്സപ്പെടുത്താതിരിക്കാൻ സംഭവസ്ഥലത്ത് നിന്ന് വിട്ടുനിൽക്കാൻ പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
