സിനിമാ തിയേറ്ററുകൾക്ക് നിയന്ത്രണം വേണം : കെ. ആനന്ദകുമാർ

മൾട്ടിപ്ലക്സുകൾ അടക്കമുള്ള സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിലെ ടിക്കറ്റ് / ഭക്ഷണ നിരക്കുകൾ നിയന്ത്രിക്കാൻ സർക്കാർ നിയമനിർമ്മാനം നടത്തണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.

തിയേറ്ററുകളിലെ ടിക്കറ്റ്‌ നിരക്കിന് യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയാണ്. ഓരോ തിയേറ്റർ ഉടമയും അവരവർക്കിഷ്ടമുള്ള പോലെ ടിക്കറ്റ്‌ ചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ ചലച്ചിത്ര നിർമ്മാണ – വിതരണ സംഘടനകളും ഇടപെടണം.

അതുപോലെ പുറത്തുനിന്നുള്ള ഭക്ഷണ സാധനങ്ങൾ വിലക്കുകയും തീയേറ്ററിൽ ലഭിക്കുന്ന ഭക്ഷണത്തിന് പുറത്ത് ഉള്ളതിനേക്കാൾ പലമടങ്ങ് വില ഈടാക്കുകയും ചെയ്യുന്ന പ്രവണത കർശനമായി തടയണം. വില നിയന്ത്രിക്കാനും വില വിവരപ്പട്ടിക പ്രദർശിപ്പിക്കാനും അതനുസ്സരിച്ചാണോ വിൽക്കുന്നത് എന്നത് നിരീക്ഷിക്കാനും സർക്കാർ സംവിധാനം ഏർപ്പെടുത്തണം.

തിയേറ്ററുകൾ സ്വകാര്യ സ്വത്താണെന്ന സുപ്രീം കോടതി നിരീക്ഷണത്തിനെതിരെ, തിയേറ്ററുകൾ പൊതുഇടമായി പ്രഖ്യാപിക്കുന്നതിന് നിയമനിർമ്മാണം നടത്തുകയോ കോടതിയെ സമീപിക്കുകയോ വേണം.

തിയേറ്ററുകൾക്ക്, ലഭ്യമാക്കുന്ന സൗകര്യങ്ങളുടെയും വിവിധ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ ഗ്രേഡ് നിശ്ചയിക്കുകയും അതനുസ്സരിച്ച് ഏകീകൃത ടിക്കറ്റ്‌ നിരക്ക് സർക്കാർ നിശ്ചയിക്കുകയും വേണം.

തിയേറ്ററുകൾ വാഹനങ്ങൾക്ക് പാർക്കിംഗ് ചാർജ് ഒഴിവാക്കണം. പ്രേക്ഷകർക്ക് സൗജന്യമായി വാഹന പാർക്കിംഗ് സൗകര്യം ഒരുക്കാൻ തിയേറ്ററുകൾ ബാധ്യസ്ഥരാണ്. പാർക്കിംഗ് ഫീസ് ഈടാക്കുന്ന തിയേറ്ററുകൾക്കെതിരെ കെട്ടിട നിർമ്മാണ ചട്ടം അനുസരിച്ച് കേസ്സെടുക്കുകയും ലൈസൻസ് ക്യാൻസൽ ചെയ്യുകയും വേണം.

ഇക്കാര്യങ്ങൾ സംബന്ധിച്ച് 2025 സെപ്റ്റംബറിൽ തദ്ദേശ ഭരണ – സിവിൽ സപ്ലൈസ് മന്ത്രിമാർക്ക് വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം സമർപ്പിച്ചിരുന്നു.

തങ്ങളെ നിലനിർത്തുന്ന സാധാരണ പ്രേക്ഷകരുടെ പോക്കറ്റ് കൊള്ളയടിക്കുന്ന നയം, തിയേറ്റർ ഉടമകൾ അവസാനിപ്പിക്കണം. പ്രേക്ഷകർ ഉണ്ടെങ്കിലേ സിനിമയും തിയേറ്ററുകളും നിലനിൽക്കൂ എന്ന യാഥാർഥ്യം സിനിമാ സംഘടനകൾ ഉൾക്കൊള്ളണം. ചലച്ചിത്രങ്ങൾ കാണാൻ തിയേറ്ററുകൾ അല്ലാതെതന്നെ നിരവധി മാർഗ്ഗങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ട് എന്ന ബോധ്യവും, സിനിമാ സംഘടനകൾക്ക് ഉണ്ടാകണം: ആനന്ദകുമാർ ഓർമ്മിപ്പിച്ചു.

കെ. ആനന്ദകുമാർ
സംസ്ഥാന ജനറൽ സെക്രട്ടറി
കേരളാ കോൺഗ്രസ്‌ (എം)

Leave a Comment

More News