ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ കെ. പവൻ കല്യാൺ മടങ്ങുന്നത് ഹൃദയം നിറയെ ഓർമകളുമായി. ചികിത്സ പൂർത്തിയാക്കിയതിന് പിന്നാലെ കേരളത്തിനും മലയാളികൾക്കും നന്ദി അറിയിച്ച അദ്ദേഹം, സംസ്ഥാനത്ത് ലഭിച്ച സ്നേഹവും ഊഷ്മളമായ ആതിഥ്യമര്യാദയും ഏറെ ഹൃദയസ്പർശിയായിരുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
രോഗശാന്തിയും മനസ്സമാധാനവും ഒപ്പം മറക്കാനാവാത്ത നിരവധി അനുഭവങ്ങളും സമ്മാനിച്ച യാത്രയായിരുന്നു കേരളത്തിലേതെന്ന് പവൻ കല്യാൺ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ സ്നേഹവും ആതിഥ്യമര്യാദയും നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചികിത്സാ കാലയളവിലുടനീളം ആത്മാർത്ഥമായ പരിചരണവും പിന്തുണയും നൽകിയ ‘ഡോ. സീതാറാം ആയുർവേദിക് റിട്രീറ്റിലെ’ ഡോക്ടർമാർക്കും മാനേജ്മെന്റിനും മുഴുവൻ ജീവനക്കാർക്കും പവൻ കല്യാൺ ഹൃദയംഗമമായ നന്ദിയും അറിയിച്ചു.
കേരള സന്ദർശനത്തിനിടെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്താനുള്ള ഭാഗ്യം ലഭിച്ചതായും പവൻ കല്യാൺ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. നൂറ്റാണ്ടുകളുടെ പാരമ്പര്യവും സമ്പന്നമായ ആത്മീയ പൈതൃകവും കാത്തുസൂക്ഷിക്കുന്ന ഈ പുരാതന ക്ഷേത്രങ്ങളിലെ സന്ദർശനം ഭക്തിയുടെയും മനസ്സമാധാനത്തിന്റെയും ആത്മപരിശോധനയുടെയും വിലപ്പെട്ട നിമിഷങ്ങൾ സമ്മാനിച്ചതായും അദ്ദേഹം കുറിച്ചു.
കേരള സന്ദർശനത്തിനിടെ ലഭിച്ച സഹകരണത്തിനും പിന്തുണയ്ക്കും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനും അദ്ദേഹം ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. സന്ദർശന കാലയളവിൽ തനിക്ക് നൽകിയ പരിഗണനയും സഹായവും ഏറെ വിലമതിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
