വയനാട്: വയനാട്ടിൽ മാലകവർച്ച നടത്തി മുങ്ങിയ അന്തർസംസ്ഥാന സംഘത്തിലെ മൂന്ന് പേരെ കർണാടകയിൽ പിന്തുടർന്നെത്തി വയനാട് പൊലീസ് പിടികൂടി. തമിഴ്‌നാട് സേലം അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു (47), ദേവി എന്ന തിലോത്തമ (53), മധുര സ്വദേശി മുത്തുപ്പട്ടി പൊന്നി (39) എന്നിവരാണ് മൽപേ ബീച്ചിന് സമീപം പിടിയിലായത്.
കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ കവർച്ച നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. വയനാട് ജില്ലാ പൊലീസ് മേധാവി ദേവമനോഹർ ഐപിഎസിന്റെ കീഴിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡാണ് (SAGOC) പ്രതികളെ പിടികൂടിയത്. ഇവർ കൂടി പിടിയിലായതോടെ ജില്ലയിലെ മാലകവർച്ചാ കേസുകളിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
ഓഗസ്റ്റ് 12ന് തിരുനെല്ലി ക്ഷേത്രത്തിൽ കർക്കടക വാവുബലിക്കെത്തിയ സ്ത്രീയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണമാല കവർന്ന കേസിലെ അന്വേഷണമാണ് മോഷ്ടാക്കളിലേക്കെത്തിയത്. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഘം കേരളം വിട്ടതായി പൊലീസ് കണ്ടെത്തി.
തുടർന്ന് ചെന്നൈയിൽ നടത്തിയ അന്വേഷണത്തിൽ വിനായക ചതുർഥി ആഘോഷങ്ങളിലെ തിരക്ക് മുതലെടുത്ത് മോഷണം നടത്താൻ സംഘം കർണാടകയിലെ മംഗളൂരുവിലേക്ക് നീങ്ങിയതായി വിവരം ലഭിച്ചു. പൊലീസ് അവിടെയെത്തിയപ്പോഴേക്കും അവര്‍ ഉഡുപ്പിയിലേക്ക് കടന്നിരുന്നു. തുടർന്ന് വേഷം മാറി നടത്തിയ പരിശോധനയിലാണ് മൽപേ ബീച്ചിന് സമീപം ഇവരെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
ഉത്സവങ്ങൾ, ആഘോഷങ്ങൾ, തിരക്കേറിയ ബസുകൾ എന്നിവിടങ്ങളാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. സ്ത്രീകളുടെ സ്വർണാഭരണങ്ങൾ പൊട്ടിച്ചെടുക്കുകയും പോക്കറ്റടിച്ച് പണം കവരുകയും ചെയ്ത ശേഷം മോഷണമുതൽ അതിവേഗം സംഘത്തിലെ മറ്റുള്ളവർക്ക് കൈമാറുന്നതായിരുന്നു രീതി.
കേരളത്തിലെ ഓണാഘോഷങ്ങളും കർണാടകയിലെ വിനായക ചതുർഥി ആഘോഷങ്ങളും ലക്ഷ്യമിട്ട് സംഘം വ്യാപക കവർച്ചയ്ക്ക് പദ്ധതിയിട്ടിരുന്നതായും പൊലീസ് അറിയിച്ചു. ഉഡുപ്പിയിലും പരിസരപ്രദേശങ്ങളിലും നടന്ന മാലപൊട്ടിക്കൽ കേസുകളിലും പിടിയിലായവർക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
മാനന്തവാടി എഎസ്‌പി വി. കാർത്തിക് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പിടികൂടിയവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
