കുവൈത്ത്, യുഎഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ വിസ-റെസിഡൻസി നിയന്ത്രണങ്ങൾ കടുപ്പിച്ചതായി റിപ്പോർട്ട്; നിഷ്പക്ഷ നയവും നിക്ഷേപ സൗഹൃദ വിസയും ഒമാനെ പുതിയ അഭയകേന്ദ്രമാക്കുന്നു
മസ്കറ്റ്: മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയും സുരക്ഷാ നിയന്ത്രണങ്ങളും ശക്തമായതോടെ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇറാനിയൻ പ്രവാസികളിൽ ഒരു വിഭാഗം ഒമാനിലേക്ക് മാറുന്നതായി റിപ്പോർട്ടുകൾ. കുടുംബങ്ങൾക്കൊപ്പം ബിസിനസും മൂലധനവും മാറ്റുന്ന പ്രവണത ശക്തമായതോടെ മസ്കറ്റ്, സോഹാർ തുടങ്ങിയ നഗരങ്ങളിലെ വാടക-വ്യാപാര മേഖലയിലും മാറ്റങ്ങൾ പ്രകടമാകുന്നു.
2026 ഫെബ്രുവരിയിൽ അമേരിക്ക, ഇസ്രയേൽ, ഇറാൻ എന്നിവർക്കിടയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ കുവൈത്ത്, ബഹ്റൈൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ഇറാനിയൻ പൗരന്മാരുടെ വിസ പുതുക്കലും താമസാനുമതിയുമായി ബന്ധപ്പെട്ട നടപടികളും കൂടുതൽ കർശനമായതായാണ് റിപ്പോർട്ട്.
കുവൈത്തിലാണ് നിയന്ത്രണങ്ങളുടെ പ്രതിഫലനം കൂടുതൽ പ്രകടമായത്. 2026 ജൂണിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിന് പിന്നാലെ സർക്കാർ സുരക്ഷാ നടപടികൾ ശക്തമാക്കി. രണ്ട് ഇറാനിയൻ നയതന്ത്ര പ്രതിനിധികളെ ‘പേഴ്സോണ നോൺ ഗ്രാറ്റ’യായി പ്രഖ്യാപിച്ച് 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശിച്ചതായും ഇറാനിയൻ പൗരന്മാരുടെ റെസിഡൻസി രേഖകൾ കൂടുതൽ വിശദമായി പരിശോധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
യുഎഇയിലും ബഹ്റൈനിലും വലിയ തോതിലുള്ള നാടുകടത്തൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചില ഇറാനിയൻ പ്രവാസികൾക്ക് വിസ പുതുക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് വിവരം. ദുബായ്, അബുദാബി എന്നിവിടങ്ങളിലെ ബാങ്കിങ്, റസ്റ്റോറന്റ് ഉൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന ചില ഇറാനിയൻ സംരംഭകർ ഒമാനിലേക്ക് ശ്രദ്ധ തിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
അന്താരാഷ്ട്ര സംഘർഷങ്ങളിൽ ഒമാൻ സ്വീകരിക്കുന്ന നിഷ്പക്ഷ നിലപാടും ഇറാനുമായുള്ള ദീർഘകാല നയതന്ത്ര ബന്ധവുമാണ് പ്രധാന ആകർഷണം. നിക്ഷേപകർക്കും സ്വത്ത് ഉടമകൾക്കും അനുകൂലമായ വിസ സംവിധാനങ്ങളും ഫ്രീ സോണുകളും സ്പെഷ്യൽ ഇക്കണോമിക് സോണുകളും ഒമാന്റെ ആകർഷണം വർധിപ്പിക്കുന്നു.
ഇറാനിയൻ കുടുംബങ്ങളും സംരംഭകരും എത്തുന്നതോടെ മസ്കറ്റ്, സോഹാർ തുടങ്ങിയ നഗരങ്ങളിലെ ഷെയർഡ് ഫ്ലാറ്റുകളുടെയും സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളുടെയും വാടകയിൽ വർധന അനുഭവപ്പെടുന്നതായും റിപ്പോർട്ടുണ്ട്. ദുബായിലും അബുദാബിയിലുമുണ്ടായിരുന്ന മൂലധനത്തിന്റെ ഒരു ഭാഗം മസ്കറ്റിലേക്ക് മാറുന്നത് ബാങ്കിങ് ഇടപാടുകളെയും സ്വാധീനിക്കുന്നുണ്ട്. റസ്റ്റോറന്റ് മേഖലയിലും മത്സരം ശക്തമാകുന്നു.
അതേസമയം, ഒമാൻ തൊഴിൽ പരിശോധനകൾ ശക്തമാക്കുകയും സ്വദേശിവത്കരണമായ ‘ഒമാനൈസേഷൻ’ നയം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രവാസികൾ തൊഴിൽ, വിസ, വാടക തുടങ്ങിയ കാര്യങ്ങളിൽ ഔദ്യോഗിക നടപടിക്രമങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. സർക്കാർ അംഗീകൃത ഏജൻസികളുടെ സേവനം മാത്രം ഉപയോഗിക്കുകയും സാമ്പത്തിക-വാടക കരാറുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് രേഖകൾ വിശദമായി പരിശോധിക്കുകയും ചെയ്യുന്നതാണ് സുരക്ഷിതം.
