കൊല്ലം: ശബരിമല സ്വർണ്ണ മോഷണ കേസിൽ ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് കമ്മീഷണർ എൻ വാസുവിനു ജാമ്യം ലഭിച്ചു. അദ്ദേഹം സമർപ്പിച്ച സ്വാഭാവിക ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് മൂന്നാം പ്രതിയായ വാസുവിനും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
90 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് വാസു ജാമ്യം ആവശ്യപ്പെട്ടത്. എസ്ഐടി കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. ഇന്നലെ ഹർജി പരിഗണിച്ച കോടതി, വിവേചനം കാണിക്കാൻ കഴിയില്ലെന്നും ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയുമെന്നും വ്യക്തമാക്കിയിരുന്നു. ഇതുവരെ നാല് പ്രതികൾക്ക് ജാമ്യം ലഭിച്ചു. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യവും ലഭിച്ചു.
അതേസമയം, കേസിലെ കൂട്ടു പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി. കുറ്റപത്രം സമര്‍പ്പിക്കുന്നത് കൂടുതൽ വൈകിയാല്‍ കേസിലെ പ്രതിയായ എ. പത്മകുമാറിനും ജാമ്യം ലഭിക്കും. തന്ത്രി കണ്ഠരര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യാപേക്ഷകളിൽ ഇന്നലെ വാദം പൂർത്തിയായി. ഈ മാസം 18 ന് വിധി പറയും.
