തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചയ്ക്ക് രമേശ് ചെന്നിത്തല മറുപടി നൽകി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയോ ഫ്ലക്സുകളോ അല്ലെന്നും, എംഎൽഎമാരുടെ പിന്തുണക്ക് വേണ്ടി മത്സരമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
“എല്ലാം നന്നായി പോകുന്നു. യുഡിഎഫ് മികച്ച വിജയം നേടി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയല്ല. ഹൈക്കമാൻഡാണ്,” അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയാകാനുള്ള മാനദണ്ഡം ഫ്ലക്സുകളല്ല. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനമെടുക്കും. ഡൽഹി സന്ദർശനം മഹാരാഷ്ട്ര കോൺഗ്രസുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഭാഗമല്ല സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യനാണെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണ്. പ്രധാന സ്ഥാനങ്ങൾ പോലുള്ള വിഷയങ്ങളിൽ എൻഎസ്എസ് പ്രസ്താവനകൾ പുറപ്പെടുവിക്കാറില്ല. ആ പ്രസ്താവന നടത്തിയത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. ചിലർ സമുദായപരമായ ആവശ്യങ്ങൾ ഉന്നയിച്ചപ്പോൾ മാത്രമാണ് എതിർത്തത്. മുതിർന്ന നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
