മുഖ്യമന്ത്രി കസേര ചെന്നിത്തലയ്ക്കും സതീശനും ‘പപ്പാതി’ വീതിച്ച് ഖാര്‍ഗെ; വേണുഗോപാലിനെ മാറ്റി നിര്‍ത്തുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

ന്യൂഡൽഹി/തിരുവനന്തപുരം: സംസ്ഥാനത്ത് യുഡി‌എഫ് നേടിയ അത്യുജ്ജ്വല വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതിനായി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പുതിയ ‘ഏകകണ്ഠമായ പരിഹാര ഫോർമുല’ മുന്നോട്ടു വെച്ചു. മുഖ്യമന്ത്രി സ്ഥാനം പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ‘പപ്പാതി’ പങ്കിടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചതായി സൂചന. അതായത് രണ്ടര വര്‍ഷം വീതം ഇരുവരും കസേര പങ്കിടണം.

തർക്കം ഒഴിവാക്കാൻ സീനിയോറിറ്റി അടിസ്ഥാനമാക്കി ആദ്യത്തെ രണ്ടര വർഷം രമേശ് ചെന്നിത്തലയ്ക്കും ബാക്കി രണ്ടര വർഷം വി.ഡി. സതീശനും നൽകണമെന്നാണ് ഖാർഗെ നിർദ്ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച സതീശനെയും പാർട്ടിയിലെ മുതിർന്ന നേതാവായ ചെന്നിത്തലയെയും തൃപ്തിപ്പെടുത്താനാണ് ഖാര്‍ഗെയും ഈ നീക്കം.

അതേസമയം, ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ ഒഴിവാക്കുന്നതിനോട് രാഹുൽ ഗാന്ധി വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. വേണുഗോപാലിനെ അകറ്റി നിര്‍ത്തുന്നത് ശരിയായ നടപടിയല്ലെന്നാണ് രാഹുലിന്റെ നിലപാട്. എന്നാല്‍, ഡൽഹിയിൽ നിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കുന്നത് കേരളത്തിൽ പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമാകുമെന്ന് ഒരു വിഭാഗം നേതാക്കൾ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതോടൊപ്പം, കെ.സി മുഖ്യമന്ത്രിയാകുന്നതിനോടുള്ള വിയോജിപ്പ് വി.ഡി. സതീശൻ രാഹുലിനെ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളും അണികളും അമർഷത്തിലാണ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് മടങ്ങിയ സതീശൻ പറവൂരിലും ചെന്നിത്തല തിരുവനന്തപുരത്തും എത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ബെംഗളൂരുവിലുണ്ടായിരുന്ന മല്ലികാർജുൻ ഖാർഗെ ഇന്ന് വൈകുന്നേരം ഡൽഹിയിലേക്ക് മടങ്ങും. തുടർന്ന്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ.കെ. ആന്റണി എന്നിവരുമായി അവസാന ഘട്ട ചർച്ചകൾ നടത്തിയ ശേഷം, മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നാണ് സൂചന.

Leave a Comment

More News