പിണറായി വിജയന്‍ വാടക വീട്ടിലേക്ക് താമസം മാറ്റി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കേരള മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച പിണറായി വിജയൻ തലസ്ഥാന നഗരിയിൽ വാടക വീട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചു. ന്യൂഡൽഹിയിൽ നടന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക് താമസം മാറി.

മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഉടനെ ക്ലിഫ് ഹൗസ് ഒഴിഞ്ഞു കൊടുത്ത് തലസ്ഥാന നഗരത്തിലെ ചിന്ത ഫ്ലാറ്റിലേക്ക് അദ്ദേഹം താമസം മാറി. മുൻ മുഖ്യമന്ത്രിമാര്‍ക്കുള്ള അപ്പാർട്ട്മെന്റിൽ തന്നെ തുടരുമെന്ന് കരുതിയിരുന്നെങ്കിലും, തീരുമാനത്തിൽ മാറ്റം വരുത്തി, അടുത്ത അഞ്ച് വർഷത്തേക്ക് അദ്ദേഹവും കുടുംബവും നഗരത്തിലെ വാടക വീട്ടിലായിരിക്കും താമസം.

അതേസമയം, പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ പോളിറ്റ് ബ്യൂറോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പിബി യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഒഴിഞ്ഞുമാറി.

തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടെങ്കിലും പിണറായി വിജയനെ പിന്തുണയ്ക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം പിണറായി വിജയൻ മാത്രം ഏറ്റെടുക്കരുതെന്നും, അത് കൂട്ടായ ഉത്തരവാദിത്തമാണെന്നും എം എ ബേബി പറഞ്ഞു. തെറ്റുകൾ തിരുത്തുമെന്നും നേതൃത്വത്തിൽ മാറ്റം ആവശ്യമുണ്ടോ എന്ന് പാർട്ടി ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Comment

More News