നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) റദ്ദാക്കിയ നടപടി രാജ്യത്തെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നതാണ്. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഇത് വലിയ ആഘാതമാണ്. അവരുടെ ദീര്‍ഘനാളത്തെ പരിശ്രമം ചെലവഴിച്ച സമയം, പണം എല്ലാം വെറുതെയായി.
വിദ്യാർത്ഥികളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു. NEET പോലെയുള്ള അതീവ സുരക്ഷയും പ്രാധാന്യവും ആവശ്യമായ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോരുന്നത്, സർക്കാർ സംവിധാനങ്ങളുടെ നിസ്സംഗതയും കഴിവുകേടും തുറന്നുകാട്ടുന്നു. അതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി, നിയമാനുസൃതമായ ശിക്ഷ നൽകി, അവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണം. പരീക്ഷ വീണ്ടും നടത്താന്‍ തീയ്യതി പ്രഖ്യാപിക്കുമ്പോള്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയ്ക്ക് ഒരുങ്ങാന്‍ ആവശ്യമായ സമയം നല്‍കേണ്ടതാണ്. പരീക്ഷ എഴുതാനായി വിദേശത്തുനിന്ന് എത്തുന്ന കുട്ടികൾ നേരിടുന്ന യാത്രാചെലവ്, താമസച്ചെലവ്, മാനസിക സമ്മർദ്ദം എന്നിവയെ സർക്കാർ ഗൗരവമായി പരിഗണിക്കേണ്ടതും നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടികൾ ഉറപ്പാക്കുകയും വേണം.
വിദ്യാഭ്യാസം കുട്ടികളുടെ സ്വപ്നങ്ങളും ഭാവിയും നിർണയിക്കുന്ന മേഖലയാണ്. അതിനാൽ ഇത്തരം അനീതികൾക്കെതിരെ പ്രവാസി വെൽഫെയർ ഖത്തർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം, വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനാവശ്യമായ അടിയന്തര ഇടപെടൽ സർക്കാർ നടത്തണമെന്നും ആവശ്യപ്പെടുന്നു.
