നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഗവർണറുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എം‌എല്‍‌എമാരുടെ പിന്തുണാ കത്ത് നല്‍കി; സത്യപ്രതിജ്ഞ മെയ് 18ന്

കടപ്പാട്: X

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് (മെയ് 14 വ്യാഴാഴ്ച) ലോക് ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എംഎൽഎമാരുടെ പിന്തുണാ കത്ത് അദ്ദേഹം ഗവർണർക്ക് കൈമാറി. പുതിയ സർക്കാർ രൂപീകരിക്കാൻ വി.ഡി. സതീശനെയും അർലേക്കർ ക്ഷണിച്ചു. പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹം പങ്കെടുത്തില്ലെങ്കിലും, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല സതീശന് പിന്തുണ അറിയിച്ചുകൊണ്ട് കത്തയച്ചിരുന്നു.

തിങ്കളാഴ്‌ച(മെയ് 18) സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റ് 20 മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്യും. സത്യ പ്രതിജ്ഞാ ചടങ്ങില്‍ ആന്ധ്ര ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെത്തും. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയേക്കുമെന്നൊരു സൂചനയുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയായി എഐസിസി പ്രഖ്യാപിച്ചതിനു പിന്നാലെ വി ഡി സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആൻ്റണിയെ അദ്ദേഹത്തിൻ്റെ വഴുതക്കാട്ടെ വസതിയിലെത്തി അനുഗ്രഹം തേടിയിരുന്നു.

കടപ്പാട്: X

കൊടിക്കുന്നില്‍ സുരേഷ് എംപിയും കെ പി നൗഷാദലിയും മുഹമ്മദ് ഷിയാസും ഒപ്പമുണ്ടായിരുന്നു. പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനെയും അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശനെ നിരവധി എംഎല്‍എമാരും കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി അനുമോദനം അറിയിച്ചു.

രമേശ് ചെന്നിത്തലയോട് അടുപ്പം പുലര്‍ത്തുന്ന എംഎല്‍എ മാരായ അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി, റോണി കെ ബേബി, മുന്‍ എംഎല്‍ എ ജോസഫ് വാഴയ്ക്കന്‍ എന്നിവരും സതീശനെ കാണാനെത്തി. സിഎംപി നേതാവ് സിപി ജോണ്‍, പാലായില്‍ നിന്നു വിജയിച്ച മാണി സി കാപ്പന്‍ എന്നിവരും അനുമോദനങ്ങളുമായി എത്തി. സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖര്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥ സംഘവും നിയുക്ത മുഖ്യമന്ത്രിയെ കണ്ട് ആശംസ കൈമാറി. ഗവര്‍ണറെ സന്ദർശിച്ച ശേഷം വി ഡി സതീശന്‍ ശ്രീപത്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. നാളെ യുഡിഎഫ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗം യുഡിഎഫ് നേതാവായി വി ഡി സതീശനെ തെരഞ്ഞടുക്കും.

കോൺഗ്രസിലെയും സഖ്യകക്ഷികളിലെയും എല്ലാ മന്ത്രിമാരും ഒരേ ദിവസം സത്യപ്രതിജ്ഞ ചെയ്യും. മുഴുവൻ മന്ത്രിസഭയും ഒരുമിച്ച് അധികാരമേൽക്കണമെന്നാണ് കോൺഗ്രസിന്റെ നിർദ്ദേശം.

മുഖ്യമന്ത്രിയും സ്പീക്കറും ഉൾപ്പെടെ കോണ്‍ഗ്രസ്സില്‍ നിന്ന് 11 മന്ത്രിമാരുണ്ടായിരിക്കും. മന്ത്രിമാരുടെ നിയമനവും വകുപ്പുകളുടെ വിഭജനവുമാണ് ഇപ്പോൾ കോൺഗ്രസിന് മുന്നിലുള്ള വെല്ലുവിളി. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം നൽകുന്നതിനൊപ്പം മുതിർന്ന നേതാക്കളെയും പരിഗണിക്കണം. സാമുദായിക സമവാക്യങ്ങളിൽ സന്തുലിതാവസ്ഥ നിലനിർത്തണം.

അതേസമയം, മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് അവസാന നിമിഷം അവഗണിക്കട്ടതിനെതിരെ പ്രതിഷേധിക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കുകയും വേണം. അച്ചടക്കത്തോടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും, ഹൈക്കമാൻഡ് തന്റെ സീനിയോറിറ്റി മാനദണ്ഡങ്ങൾ അവഗണിച്ചതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ട്.

Leave a Comment

More News