മലപ്പുറം: സംസ്ഥാന ബജറ്റിൽ മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ആവശ്യങ്ങളായ മണ്ണെണ്ണ സബ്സിഡി ഉയർത്തിയ നടപടിയെയും പാവപ്പെട്ട തൊഴിലാളികൾക്കായുള്ള പ്രത്യേക ഭവനപദ്ധതി പ്രഖ്യാപനത്തെയും ഓൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (FITU) സ്വാഗതം ചെയ്യുന്നു. തീരദേശ ജനതയുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കി സർക്കാർ നടപ്പിലാക്കിയ ഈ ആശ്വാസ പദ്ധതികൾ അഭിനന്ദനാർഹമാണ്. എന്നാൽ, ഇതേ ബജറ്റിൽ തന്നെ പ്രഖ്യാപിച്ച ‘അപൂർവ്വ ധാതു ഇടനാഴി’ പദ്ധതി കേരളത്തിന്റെ തീരദേശത്തെയും ലക്ഷക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തെയും പൂർണ്ണമായി തുടച്ചുനീക്കാനുള്ള കോർപ്പറേറ്റ് അജണ്ടയാണെന്ന് യൂണിയൻ ചൂണ്ടിക്കാണിച്ചു. ഒരു കൈകൊണ്ട് ആശ്വാസമേകി മറുകൈകൊണ്ട് തീരദേശവാസികളുടെ നിലനിൽപ്പിന്റെ അടിവേരറുക്കുന്ന ഈ ജനവിരുദ്ധ നിർദ്ദേശം സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
വികസനത്തിന്റെ പകിട്ടേറിയ വാഗ്ദാനങ്ങൾ നൽകി കരിമണൽ-ധാതു ഖനന ലോബികൾക്ക് കേരളത്തിന്റെ കടൽത്തീരം അടിയറവ് വെക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം. തീരദേശ ജനതയുടെ ജീവനും തൊഴിലിനും കരിനിഴൽ വീഴ്ത്തുന്ന ഈ പദ്ധതിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തിക്കൊണ്ടുവരുമെന്ന് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, സംസ്ഥാന ജനറൽ സെക്രട്ടറി അഫ്സൽ നവാസ് കെ.പി. എന്നിവർ സംയുക്ത പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
നിലവിൽ തന്നെ കടുത്ത കടലാക്രമണവും രൂക്ഷമായ തീരശോഷണവും മൂലം ഭവനരഹിതരായി മാറുന്ന വലിയൊരു ജനവിഭാഗം നമ്മുടെ തീരദേശത്തുണ്ട്. അവർക്കായി സർക്കാർ പുതിയ ഭവനപദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ തന്നെ, വൻതോതിലുള്ള കരിമണൽ ഖനനത്തിന് അനുമതി നൽകുന്നത് പരസ്പരവിരുദ്ധമാണ്. കടൽ കയറി തീരഭൂമി ഇല്ലാതാകുന്നതോടെ തീരദേശവാസികളുടെ ജീവനും അവശേഷിക്കുന്ന സ്വത്തിനും യാതൊരു സുരക്ഷിതത്വവും ഇല്ലാതാവുകയും, സർക്കാർ നൽകുന്ന വീടുകൾ പോലും വീണ്ടും കടലെടുക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും.
വിഴിഞ്ഞം, ചവറ, കൊച്ചി തുടങ്ങിയ പ്രഭവകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുണ്ടാക്കുന്ന വ്യവസായിക ഇടനാഴിയും വൻകിട കപ്പലുകളുടെ നിയന്ത്രണങ്ങളും പരമ്പരാഗത മത്സ്യബന്ധന മേഖലകളെ പാടെ തകർക്കുന്നതാണ്. കടലിൽ കപ്പൽ ഗതാഗതത്തിന് പ്രത്യേക സുരക്ഷാ മേഖലകൾ വരുന്നതോടെ പരമ്പരാഗത വള്ളങ്ങൾക്ക് കടലിൽ പോകുന്നതിന് കർശന നിയന്ത്രണങ്ങൾ വരും. ഇതിനുപുറമേ സമുദ്ര പരിസ്ഥിതിയിലുണ്ടാകുന്ന ഗുരുതരമായ വ്യതിയാനം മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുകയും, മണ്ണെണ്ണ സബ്സിഡി കൂട്ടി നൽകിയാൽ പോലും കടലിൽ ഇറങ്ങാൻ പറ്റാത്ത വിധം തൊഴിലാളികളുടെ പട്ടിണിക്കഞ്ഞിക്ക് വഴിതുറക്കുകയും ചെയ്യും.
വ്യവസായ പ്ലാന്റുകൾക്കായും ഖനനത്തിനായും തീരദേശ ഭൂമി ഏറ്റെടുക്കാനുള്ള നീക്കം തലമുറകളായി കടലോരത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ സ്വന്തം മണ്ണിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും ആട്ടിയോടിക്കുന്നതിന് തുല്യമാണ്. ‘മിനിമൽ കോറിഡോർ’, ‘മിഷൻ സമുദ്ര’ തുടങ്ങിയ പദ്ധതികൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുമെന്ന പ്രഖ്യാപനം സമുദ്രത്തിന്മേലുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സ്വതന്ത്രമായ അവകാശത്തെ ഇല്ലാതാക്കാനും കോർപ്പറേറ്റുകൾക്ക് കടൽ കൊള്ളയടിക്കാൻ നിയമസാധുത നൽകാനുമേ ഉപകരിക്കൂ.
സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പാക്കേജുകളോ തൊഴിൽ വാഗ്ദാനങ്ങളോ കടലോരത്തെ മനുഷ്യരുടെ ജീവനും ജന്മനാടിനും പകരമാവില്ല. തീരദേശത്തെ കോർപ്പറേറ്റുകൾക്ക് വിട്ടുനൽകുന്ന ഈ ബജറ്റ് നിർദ്ദേശം പിൻവലിക്കുന്നത് വരെ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമരപോരാട്ടങ്ങളുമായി മുന്നോട്ട് പോകാൻ ഓൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (FITU) തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.
