തിരുവനന്തപുരം: ജനങ്ങളെ കേന്ദ്രീകരിച്ചുള്ളതും സേവനാധിഷ്ഠിതവുമായ പോലീസ് സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമവും സുതാര്യവും സൗഹൃദപരവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് സംസ്ഥാന സർക്കാർ ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി നടപ്പിലാക്കുന്നത്. പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം, സേവന നിലവാരം, അടിസ്ഥാന സൗകര്യങ്ങൾ, പൗര കേന്ദ്രീകൃത സമീപനം എന്നിവ സമഗ്രമായി മെച്ചപ്പെടുത്തുന്നതിലൂടെ പോലീസും പൊതുജനങ്ങളും തമ്മിലുള്ള വിശ്വാസവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
മൈ പോലീസ് സ്റ്റേഷൻ പദ്ധതിയോടനുബന്ധിച്ച്, മുൻപ് സർക്കിൾ ഇൻസ്പെക്ടർമാർ വഹിച്ചിരുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ചുമതല ഇനി മുതൽ സബ് ഇൻസ്പെക്ടർമാർക്ക് (എസ്ഐ) നൽകും. നേരിട്ട് ജോലിയിൽ പ്രവേശിക്കുന്ന യുവതീ-യുവാക്കളായ എസ്ഐമാർക്ക് പുതിയ ചുമതലകൾ ലഭിക്കുന്നത് അവരുടെ കാര്യക്ഷമതയും തീരുമാനമെടുക്കാനുള്ള ശേഷിയും കൂടുതൽ ശക്തമാക്കും. സംസ്ഥാനത്തെ 484 ലോ ആൻഡ് ഓർഡർ പൊലീസ് സ്റ്റേഷനുകളിൽ 419 എണ്ണത്തിലാണ് സബ് ഇൻസ്പെക്ടർമാരെ എസ്എച്ച്ഒ മാരായി നിയമിക്കുന്നത്. അതേസമയം സിറ്റികളിലേതുൾപ്പെടെ മറ്റു പ്രാധാനപ്പെട്ട 64 സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടർമാർ തന്നെ എസ്എച്ച്ഒമാരായി തുടരും.
63 പൊലീസ് സ്റ്റേഷനുകളിൽ വനിതാ സബ് ഇൻസ്പെക്ടർ എസ്എച്ച്ഒ സ്‌ഥാനം വഹിക്കും. എസ്ഐ മാർക്ക് മാർഗനിർദേശം നൽകാനും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും സർക്കിൾ ഇൻസ്പെക്ടർമാരുടെ കീഴിൽ 200 പൊലീസ് സർക്കിളുകൾ രൂപീകരിക്കും. സ്റ്റേഷനുകളിൽ എത്തുന്ന ഓരോ വ്യക്തിയുടെയും അന്തസ്സ് മാനിച്ചുകൊണ്ട് സമയബന്ധിതമായി സേവനം നൽകി പൗരന്റെ സംതൃപ്തി ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ഊന്നൽ നൽകുന്നത്. കസ്റ്റഡി മരണങ്ങളും കസ്റ്റഡി മർദ്ദനങ്ങളും പൂർണമായി ഇല്ലാതാക്കും.ഇടുക്കി ജില്ലയിൽ മുല്ലപ്പെരിയാറിന്റെ തന്ത്രപ്രധാനമായ പശ്ചാത്തലം കണക്കിലെടുത്ത് അവിടുത്തെ എസ്എച്ച്ഒ ചുമതല ഡി.വൈ.എസ്.പി.യ്ക്ക് ആയിരിക്കും.
പുതിയ എസ്എച്ച്ഒ മാർക്കും സ്റ്റേഷനുകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഘട്ടംഘട്ടമായി മൈ പോലീസ് സ്റ്റേഷൻ ഓറിയന്റേഷൻ പരിശീലനം നൽകും. സർക്കിൾ ഇൻസ്പെക്ടർമാർ മുതൽ മുകളിലേക്കുള്ള സൂപ്പർവൈസറി ഉദ്യോഗസ്ഥർക്കും ഡിവൈ.എസ്.പി മാർക്കും പ്രത്യേക പരിശീലനം നൽകും. കീഴുദ്യോഗസ്ഥരോടും പൗരന്മാരോടും നല്ല ബന്ധം പുലർത്താനും അനാവശ്യ സമ്മർദം മൂലമുള്ള ആത്മഹത്യകൾ ഒഴിവാക്കാനും സൂപ്പർവൈസറി ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നതിന് മുൻതൂക്കം നൽകും.
ലോൺ ആപ്പ് തട്ടിപ്പുകൾ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സാങ്കേതിക മാറ്റങ്ങൾ പഠിക്കുകയും ഐജി സൈബർ സെക്യൂരിറ്റിയുടെ നേതൃത്വത്തിലുള്ള സംവിധാനം പ്രയോജനപ്പെടുത്തുകയും ചെയ്യും.
സംസ്ഥാനത്ത് 20 വർഷമായി നിലനിൽക്കുന്ന ‘ജനമൈത്രി സുരക്ഷാ പദ്ധതി’ കൂടുതൽ കാര്യക്ഷമമാക്കും. പദ്ധതിയുടെ ഭാഗമായി റേഞ്ച് ഡിഐജി മാർ തങ്ങളുടെ പരിധിയിലുള്ള സ്റ്റേഷനുകളിൽ നിന്ന് സ്വതന്ത്രമായി ഫീഡ്ബാക്ക് ശേഖരിച്ച് മാസം തോറും വിലയിരുത്തലുകൾ നടത്തും. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ എഡിജിപി (ലോ ആൻഡ് ഓർഡർ) ആയിരിക്കും ‘മൈ പോലീസ് സ്റ്റേഷൻ’ കോ-ഓർഡിനേറ്റർ. പദ്ധതിയുടെ പ്രതിമാസ പ്രോഗ്രസ് റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് സമർപ്പിക്കും.
കൂടാതെ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ഏകീകൃത നിറം (Standardised Colour Scheme) നൽകും. സ്റ്റേഷനുകളുടെ ശുചിത്വം, അടിസ്ഥാന സൗകര്യങ്ങൾ, പൊതുജന സൗഹൃദ അന്തരീക്ഷം എന്നിവ മെച്ചപ്പെടുത്തി കൂടുതൽ ആധുനികവും ജനകേന്ദ്രീകൃതവുമായ സേവനങ്ങൾ ഉറപ്പാക്കും.
പോലീസ് സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് മാന്യവും സേവനോന്മുഖവുമായ സമീപനം സ്വീകരിക്കുന്നതിനായി പുതുതായി ചുമതലയേൽക്കുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും (SHO) സർക്കിൾ ഇൻസ്‌പെക്ടർമാർക്കും (CI) പ്രത്യേക പരിശീലനം നൽകും. പോലീസ് സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനുമായി റേഞ്ച് ഡി.ഐ.ജിമാരുടെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലും ഫീഡ്‌ബാക്ക് സംവിധാനം നടപ്പാക്കും.
സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി സൈബർ സെക്യൂരിറ്റി ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ശക്തിപ്പെടുത്തും. അതോടൊപ്പം, ജനമൈത്രി പോലീസ് പദ്ധതിയെ കൂടുതൽ കാര്യക്ഷമമാക്കുകയും ജനവാസ മേഖലകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബീറ്റ് പോലീസ് സംവിധാനം വിപുലപ്പെടുത്തുകയും ചെയ്യും. മാറുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി പോലീസ് ഉദ്യോഗസ്ഥരുടെ പരിശീലന പാഠ്യപദ്ധതിയും സമഗ്രമായി പരിഷ്‌കരിച്ച് സേവന നിലവാരം കൂടുതൽ ഉയർത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.
പിആര്‍ഡി, കേരള സര്‍ക്കാര്‍
