ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം 12): ജയശങ്കര്‍ പിള്ള

ശ്രീ നാരായണ ഗുരുവും ഭാരത കേസരി മന്നത്ത് പത്മനാഭനും

കേരള നവോത്ഥാനചരിത്രത്തിൽ ശ്രീ നാരായണ ഗുരുവിനെയും ഭാരത കേസരി മന്നത്ത് പത്മനാഭനെയും പഠിക്കുമ്പോൾ, ഒരേ സാമൂഹിക ലക്ഷ്യത്തിലേക്ക് വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച രണ്ടു ശക്തമായ നവോത്ഥാനധാരകളാണെന്നു മനസ്സിലാക്കാം. ഗുരുദർശനത്തിൽ സമത്വം , ആത്മാഭിമാനം, വിദ്യാഭ്യാസം, സംഘടന, അന്ധവിശ്വാസ വിമുക്തി എന്നിവ ഉണ്ടായിരുന്നെങ്കിൽ, മന്നത്ത് പത്മനാഭന്റെ പ്രവർത്തനത്തിൽ സാമൂഹിക സംഘടന, വിദ്യാഭ്യാസവ്യാപനം, കുടുംബപരിഷ്കാരം, സ്ത്രീകളുടെ സാമൂഹിക സ്ഥാനം, സാമൂഹിക സേവനം, അവകാശബോധം എന്നിവയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചു. ഇരുവരുടെയും പ്രവർത്തനമേഖലകൾ പൂർണ്ണമായി ഒരുപോലെയായിരുന്നില്ലെങ്കിലും, മനുഷ്യനെ കൂടുതൽ സ്വതന്ത്രനും പ്രബുദ്ധനും ആത്മാഭിമാനമുള്ളവനുമാക്കുക എന്ന നവോത്ഥാനലക്ഷ്യത്തിൽ അവ തമ്മിൽ ശക്തമായ സാമ്യം കാണാം.

ശ്രീ നാരായണ ഗുരുവും മന്നത്ത് പത്മനാഭനും നേരിൽ കണ്ടതായി ഉറപ്പിക്കുന്ന ശക്തമായ പ്രാഥമിക രേഖകൾ പരിമിതമാണെങ്കിലും, വൈക്കം സത്യാഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും ആശയങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തമായി കാണാം. 1924-ലെ വൈക്കം സത്യാഗ്രഹത്തിൽ മന്നത്ത് പത്മനാഭൻ സജീവമായി പങ്കെടുത്തു. വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് അദ്ദേഹം നയിച്ച സവർണജാഥ ശിവഗിരിയിലെത്തി ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹം സ്വീകരിച്ചു. ജാതിവിവേചനത്തിനെതിരായ ഒരു സാമൂഹിക പ്രസ്ഥാനത്തിന് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു ഇത്. ഗുരുവിന്റെ ആത്മീയ സമത്വദർശനവും മന്നത്തിന്റെ സംഘടനാപരമായ പ്രവർത്തനവും ഇവിടെ ഒരേ സാമൂഹിക ലക്ഷ്യത്തിലേക്ക് ചേർന്നുനിൽക്കുന്നതായി കാണാം.

ശ്രീ നാരായണ ഗുരുവിന്റെ നവോത്ഥാനദർശനം മനുഷ്യന്റെ ആത്മാഭിമാനത്തെ ഉണർത്തുന്നതിൽ നിന്നാണ് ആരംഭിച്ചത്. ജന്മത്തിന്റെ പേരിൽ ഒരാൾ ഉയർന്നവനും മറ്റൊരാൾ താഴ്ന്നവനുമാകുന്ന വ്യവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്തു. എന്നാൽ ഗുരുവിന്റെ പരിഷ്കരണരീതി പ്രതിഷേധത്തിൽ മാത്രം ഒതുങ്ങിയില്ല. വിദ്യാഭ്യാസം നേടുക, സംഘടനയിലൂടെ ശക്തരാകുക, സാമ്പത്തികമായി പുരോഗമിക്കുക, അന്ധവിശ്വാസങ്ങളിൽ നിന്ന് മോചിതരാകുക, മനുഷ്യനെ മനുഷ്യനായി കാണുക എന്നിവയെല്ലാം അദ്ദേഹത്തിന്റെ ദർശനത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ഗുരുവിന്റെ നവോത്ഥാന ദർശനം ഒരു വിഭാഗത്തിന്റെ മാത്രം ഉന്നമനമല്ലാതെ കേരളസമൂഹത്തിന്റെ മുഴുവൻ ആന്തരിക പരിവർത്തനത്തിനുള്ള വലിയ ദർശനമായി മാറി.

മന്നത്ത് പത്മനാഭനും തന്റെ കാലത്തെ സാമൂഹിക യാഥാർഥ്യങ്ങളെ ഗൗരവത്തോടെ വിലയിരുത്തി. സാമൂഹിക പിന്നാക്കാവസ്ഥയിൽ നിന്ന് ഒരു സമൂഹത്തെ ഉയർത്താൻ സംഘടന അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം 1914-ൽ നായർ ഭൃത്യജനസംഘം രൂപീകരിച്ചു. പിന്നീട് അത് നായർ സർവീസ് സൊസൈറ്റിയായി വളർന്നു. മന്നം തന്റെ നിയമവൃത്തിയുപേക്ഷിച്ച് സംഘടനയുടെ പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിച്ചു. വിദ്യാഭ്യാസം, സംഘടന, സാമൂഹിക പരിഷ്കാരം എന്നിവയിലൂടെ സമൂഹത്തെ ശക്തിപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഗുരുവിന്റെ “സംഘടനയിലൂടെ ശക്തരാകുക” എന്ന ആശയവുമായി ഇതിന് വ്യക്തമായ സാമ്യമുണ്ട്. എന്നാൽ മന്നത്തിന്റെ സംഘടനാപരമായ പ്രവർത്തനങ്ങളെ ഗുരുവിന്റെ ആശയങ്ങളുടെ നേരിട്ടുള്ള പകർപ്പായി കാണാതെ, അതേ കാലഘട്ടത്തിലെ നവോത്ഥാനാന്തരീക്ഷത്തിൽ വളർന്ന സ്വതന്ത്രമായ രണ്ടു സാമൂഹിക ഇടപെടലായി കാണുന്നതാണ് ചരിത്രപരമായി നീതി പുലർത്തുക.

വിദ്യാഭ്യാസം ഇരുവരുടെയും ചിന്തകളെ ബന്ധിപ്പിക്കുന്ന പ്രധാന മേഖലയാണ്. അറിവില്ലായ്മ മനുഷ്യനെ മറ്റുള്ളവരുടെ അധീനതയിൽ നിർത്തുന്ന ശക്തിയാണെന്ന് ഗുരു തിരിച്ചറിഞ്ഞിരുന്നു. അതിനാൽ വിദ്യാഭ്യാസത്തെ സാമൂഹിക വിമോചനത്തിന്റെ പ്രധാന ഉപാധിയായി അദ്ദേഹം കണ്ടു. മന്നത്ത് പത്മനാഭനും വിദ്യാഭ്യാസത്തെ സാമൂഹിക ഉയർച്ചയുടെ അടിസ്ഥാനമായി സ്വീകരിച്ചു. NSS മുഖേന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുകയും വിദ്യാഭ്യാസം സാധാരണ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്തു. സ്കൂളുകളും കോളേജുകളും അധ്യാപക പരിശീലന സ്ഥാപനങ്ങളും ഉൾപ്പെടുന്ന വിദ്യാഭ്യാസ ശൃംഖല പിന്നീട് വളർന്നു. അറിവിലൂടെ വ്യക്തിയെയും സംഘടനയിലൂടെ സമൂഹത്തെയും ശക്തിപ്പെടുത്തുക എന്ന സമീപനം ഇരുവരുടെയും പ്രവർത്തനങ്ങളിൽ കാണാം.

സ്ത്രീകളുടെ സാമൂഹിക സ്ഥാനം മെച്ചപ്പെടുത്തുന്നതിലും മന്നത്തിന്റെ പ്രവർത്തനത്തിന് വലിയ പ്രാധാന്യമുണ്ട്. സ്ത്രീകൾ കുടുംബത്തിന്റെ ചുമതല വഹിക്കുന്നവരായി മാത്രം ഒതുങ്ങാതെ വിദ്യാഭ്യാസവും സാമൂഹിക പങ്കാളിത്തവും അവകാശബോധവും,തൊഴിലും നേടേണ്ടതുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. കുടുംബസ്വത്തവകാശം, വിവാഹം, കുടുംബഘടന തുടങ്ങിയ മേഖലകളിൽ പരിഷ്കാരങ്ങൾ വരുത്തുവാൻ പോരാടി. 1929-ലെ NSS വാർഷിക സമ്മേളനത്തിൽ പ്രത്യേക വനിതാ സമ്മേളനം സംഘടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. സ്ത്രീകൾക്ക് കൂടുതൽ അവകാശവും മാന്യതയും ലഭിക്കണമെന്ന ആശയം അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ ഇന്നത്തെ അർത്ഥത്തിലുള്ള “സ്ത്രീസുരക്ഷ” എന്ന ആശയം നേരിട്ട് മന്നത്തിന്റെ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനു പകരം, സ്ത്രീകളുടെ അവകാശവും സാമൂഹിക സ്ഥാനവും മെച്ചപ്പെടുത്താനുള്ള ആദ്യകാല പരിശ്രമമായി കാണുന്നതാണ് കൂടുതൽ യുക്തിസഹം.

ഗുരുവിന്റെ ദർശനവുമായി ഇതിനെ ബന്ധിപ്പിക്കുമ്പോൾ മനുഷ്യന്റെ അന്തസ്സിനെയാണ് ഉയർത്തികാണിയ്ക്കുന്നത്. ഗുരുവിന്റെ സമത്വദർശനം മനുഷ്യനെ ആദ്യം മനുഷ്യനായി കാണുകയായിരുന്നു. സ്ത്രീക്കും പുരുഷനും വിദ്യാഭ്യാസത്തിനും ആത്മാഭിമാനത്തിനും സാമൂഹിക പങ്കാളിത്തത്തിനും അവകാശമുണ്ടെന്ന തിരിച്ചറിവ് ഈ വിശാലമായ മനുഷ്യസമത്വചിന്തയുമായി യോജിക്കുന്നു. സ്ത്രീയുടെ വിദ്യാഭ്യാസം ഒരു വ്യക്തിയുടെ മാത്രം വളർച്ചയല്ല, കുടുംബത്തിന്റെയും അടുത്ത തലമുറയുടെയും വളർച്ചയാണ്. അതിനാൽ വിദ്യാഭ്യാസവും കുടുംബപരിഷ്കാരവും സാമൂഹിക പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങളായി മാറുന്നു.

ആരോഗ്യവും സാമൂഹിക സേവനവും ഉൾപ്പെടുന്ന മേഖലകളിലും മന്നത്തിന്റെ സംഘടനാപാരമ്പര്യം പിന്നീട് വളർന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം ആശുപത്രികളും മറ്റ് സാമൂഹിക സേവന സ്ഥാപനങ്ങളും രൂപപ്പെട്ടത് സമൂഹത്തിന്റെ പുരോഗതിയെ വിദ്യാഭ്യാസത്തിൽ മാത്രം ഒതുക്കാതെ ആരോഗ്യവും ക്ഷേമവും ഉൾപ്പെടുന്ന സമഗ്രമായ സമീപനത്തിലേക്ക് നയിച്ചു. ദാരിദ്ര്യം, അജ്ഞാനം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ മനുഷ്യന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു എന്ന തിരിച്ചറിവാണ് ഇത്തരം പ്രവർത്തനങ്ങളുടെ അടിത്തറ. സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും സാമ്പത്തികമായി സ്വയംപര്യാപ്തമാകാനും മനുഷ്യരെ പ്രാപ്തരാക്കുക എന്ന ആശയം ഗുരുവിന്റെ സമഗ്രമായ സാമൂഹിക ദർശനത്തോടും ചേർന്നുനിൽക്കുന്നു. മന്നത്ത് പത്മനാഭന്റെ ജാതിവിരുദ്ധ നിലപാടുകളിലും നവോത്ഥാനത്തിന്റെ മറ്റൊരു മുഖം കാണാം. പിന്നീട് അദ്ദേഹം സ്വന്തം പേരിൽ നിന്ന് ജാതിസൂചകമായ കുടുംബപ്പേര് ഒഴിവാക്കി “പത്മനാഭൻ” എന്ന പേരിൽ മാത്രം അറിയപ്പെടാൻ തീരുമാനിച്ചത് ശ്രദ്ധേയമാണ്. മനുഷ്യന്റെ യഥാർത്ഥ തിരിച്ചറിവ് ജാതിയല്ല എന്ന ബോധം ഇതിലൂടെ പ്രകടമായി. ശ്രീ നാരായണ ഗുരുവിന്റെ “ഒരു ജാതി” എന്ന മനുഷ്യസമത്വദർശനവുമായി ഈ നിലപാടിന് ആശയപരമായ അടുപ്പമുണ്ട്.

എന്നാൽ ഗുരുവിനെയും മന്നത്തിനെയും ഒരേ മാതൃകയിൽ അവതരിപ്പിക്കുന്നത് ശരിയല്ല. ഗുരുവിന്റെ ദർശനം സർവമാനവികവും ആത്മീയവുമായ തലത്തിൽ മനുഷ്യന്റെ ഏകതയെ പ്രഖ്യാപിച്ചതായിരുന്നു. മന്നത്തിന്റെ ആദ്യകാല സംഘടനാപ്രവർത്തനം പ്രധാനമായും നായർ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ കേന്ദ്രീകരിച്ചായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പ്രവർത്തനം വിശാലമായ സാമൂഹിക – രാഷ്ട്രീയ മേഖലകളിലേക്കും വ്യാപിച്ചു. ശ്രീ നാരായണ ഗുരുവും മന്നത്ത് പത്മനാഭനും കേരള നവോത്ഥാനത്തിന്റെ രണ്ട് വ്യത്യസ്ത വഴികളെ പ്രതിനിധീകരിച്ചവരായിരുന്നു. ഗുരു മനുഷ്യന്റെ ഉള്ളിൽ സമത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും വെളിച്ചം തെളിച്ചു. മന്നത്ത് പത്മനാഭൻ സംഘടന, വിദ്യാഭ്യാസം, കുടുംബപരിഷ്കാരം, സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തം, സാമൂഹിക സേവനം എന്നിവയിലൂടെ ആ കാലഘട്ടത്തിലെ സാമൂഹിക ആവശ്യങ്ങൾക്ക് പ്രായോഗിക രൂപം നൽകി. ഒരാൾ ആത്മീയമായും ബൗദ്ധികമായും മനുഷ്യനെ ഉണർത്തിയപ്പോൾ, മറ്റൊരാൾ സംഘടനാപരമായ പ്രവർത്തനങ്ങളിലൂടെ അന്ധതയിൽ മുങ്ങിയ സമൂഹത്തെ മുന്നോട്ടു നയിച്ചു.

അതുകൊണ്ട് ഇവരുടെ സംഭാവനകളെ ഒരു വ്യക്തി മറ്റൊരാളെ എത്രമാത്രം സ്വാധീനിച്ചു എന്ന ചോദ്യത്തിൽ മാത്രം ഒതുക്കേണ്ടതില്ല. കേരള നവോത്ഥാനത്തിന്റെ വലിയ ചിത്രത്തിൽ ഇരുവരും നൽകിയ സംഭാവനകളെ കാണുമ്പോഴാണ് അതിന്റെ യഥാർത്ഥ മഹത്വം മനസ്സിലാകുന്നത്. അറിവ് മനുഷ്യനെ സ്വതന്ത്രനാക്കുന്നു, ആത്മാഭിമാനം മനുഷ്യനെ ഉയർത്തുന്നു, സംഘടന സമൂഹത്തെ ശക്തിപ്പെടുത്തുന്നു, സമത്വം മനുഷ്യരെ ഒന്നിപ്പിക്കുന്നു. ശ്രീ നാരായണ ഗുരുവിന്റെയും മന്നത്ത് പത്മനാഭന്റെയും നവോത്ഥാനപാതകൾ നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ സന്ദേശവും ഇതുതന്നെയാണ്.

(…..തുടരും)

Leave a Comment

More News