ആകാശത്തു ചെറിയ മഴക്കോളുണ്ട്. ചുട്ടു പൊള്ളുന്ന ചൂടിൽ പടിഞ്ഞാറൻ കാറ്റ് വീശുമ്പോൾ പാലമരത്തണലിനു പോലും ഉഷ്ണമനുഭവപ്പെട്ടിരുന്നു. പടിഞ്ഞാറ് മഴമേഘങ്ങൾ കൂടുകൂട്ടി തുടങ്ങിയതിനാൽ അകലെ വയലുകൾക്കു വല്ലാത്ത ഒരു ഭംഗി തോന്നി. മായയുടെ നരവീണ ഇടതൂർന്ന മുടികൾ കാറ്റിലിളകിയാടി. എങ്കിലും വിടെ നിന്നോ ഒരു അപ്പൂപ്പൻ താടി പറന്നു വന്നു അവളുടെ മുടിയിഴകളിൽ കുരുങ്ങി ഇരുപ്പായി. ദേവൻ മെല്ലെ അതെടുക്കുവാൻ ശ്രമിച്ചു, അപ്പോഴേയ്ക്കും കാറ്റെവിടെയോ അതിനെ പറത്തി കടന്നു പോയി.
“എന്തേ …”
“ഹേ.. ഒന്നുമില്ല …”
ദേവന് അവളുടെ മുടിയിഴകളെ തഴുകി. അവളൊരു ചെറിയ കുട്ടിയെ പോലെ ദേവനോട് ചേർന്ന് നിന്നു.
അവളുടെ മനസ്സിലേക്ക് ആ പഴയ ദിനങ്ങൾ ഒഴുകി എത്തുകയായിരുന്നു. അവൾ മനസ്സിൽ കാത്തുവച്ച കുറെ ഏറെ ചോദ്യങ്ങൾ ഇന്നും ഉത്തരം കിട്ടാതെ കുഴിച്ചു മൂടപ്പെട്ടവയായിരുന്നു.
അവസാന വർഷ പരീക്ഷയും കഴിഞ്ഞു കൂട്ടുകാരെല്ലാം യാത്ര പറഞ്ഞു മടങ്ങുന്ന വേളയിൽ പലരുടെയും മനസ്സ് വിരഹം കൊണ്ട് മൂടിയതായിരുന്നു. ചിലരുടെ മുഖത്ത് പ്രകടമായതു ദുഖവും,അതിനെ നനയ്ക്കുവാൻ തുളുമ്പി നിൽക്കുന്ന കണ്ണുകളും. ചേട്ടത്തിയുടെ വണ്ടിക്കടയിൽ നിന്ന് ചായ കുടിച്ചു റോഡ് മുറിച്ചു തണൽ മര ചുവട്ടിലേക്ക് നടക്കുമ്പോൾ വെയിറ്റിങ് ഷെഡിൽ കൂട്ടുകാർ കളിയാക്കി ഏതോ സിനിമയിലെ വിരഹ ഗാനം പാടി. കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞു റെക്കോർഡ് ബുക്ക് സീൽ ചെയ്തു ഇറങ്ങുമ്പോൾ എന്നും രസികനായ രാധാകൃഷ്ണൻ സാറിന്റെ ഒരു കമന്റും
“ഇനി എന്നാണ് രാസ തന്മാത്രകളുടെ സംഗമം “?!
സാറെന്നും അങ്ങിനെയാണ്, കുട്ടികളോട് സ്നേഹവും, എന്നാൽ പഠിപ്പിയ്ക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഉത്തമനായ അദ്ധ്യാപകൻ.
കുന്നിൻപുറത്തെ മണ്ണിനു പൊള്ളുന്ന ചൂടായിരുന്നു. എങ്കിലും, വിഷുവിനു ശേഷം പെയ്തമഴിയിൽ ചെറു പുൽക്കൊടികൾ തലനീട്ടി തുടങ്ങിയിരിയ്ക്കുന്നു. വെട്ടിക്കാട്ട്മുക്ക് മുതൽ പാലാംകടവുവരെയുള്ള വയലേലകൾ ഉഴുതുമറിച്ചു പത്താമുദയത്തിനു വിത്തിറക്കിയ കർഷകരുടെ അദ്ധ്വാനത്തെ പ്രശംസിയ്ക്കുന്നതുപോലെ കാറ്റിൽ പുതുമണ്ണിന്റെ ഗന്ധം നിറഞ്ഞു നിന്നു. വിജനമായ കുന്നിൻമുകളിലെ തണലിൽ ഇരിയ്ക്കുമ്പോൾ അവൾ അവനോടു തിരക്കി.
“ഇനി എന്നാണ് കാണുന്നത്.. എന്താ ദേവന്റെ അടുത്ത പരിപാടി? …”
“നമുക്ക് ഇടയ്ക്കു കാണാം… ഞാൻ കത്തയയ്ക്കാം..”
ചുരുങ്ങിയ വാക്കില് നിസ്സംഗമായ മറുപടി
“എപ്പോ ?… എവിടെ വെച്ച് … മായയ്ക്ക് തിടുക്കമായി. ദേവൻ ഇനി പി ജി യ്ക്ക് പോകുന്നുണ്ടോ ? …”
ഒറ്റശ്വാസത്തിലുള്ള അവളുടെ ചോദ്യം അവനെ വല്ലാതെ കുഴക്കി.
പി.ജി?! … ജയിയ്ക്കും എന്നുപോലും ഉറപ്പില്ല പിന്നെയല്ലേ പി ജി. അവൻ വെറുതെ മൂളി …
“ങ് .. പോണം. …”
മായയ്ക്ക് നേരത്തെ തന്നെ പദ്ധതികൾ ഉണ്ടായിരുന്നു. ബി എഡ് എടുക്കണം പിന്നെ ടീച്ചർ ആകണം. കുടുംബം, കുട്ടികൾ …. പക്ഷെ ദേവന്റെ ആഗ്രഹങ്ങൾക്ക് എപ്പോഴെല്ലാമോ, കറുപ്പ് വീണു തുടങ്ങിയത് അവൾ അറിഞ്ഞിരുന്നില്ല, അറിയിച്ചില്ല എന്നതായിരുന്നു ശരി. ആദ്യ രണ്ടു വർഷവും പഠിപ്പിൽ ഉണ്ടായിരുന്ന ഉത്സാഹം ഒന്നും അവസാന വര്ഷം അവനിൽ ഉണ്ടായിരുന്നില്ല. കുടുംബത്തിലെ കൃഷിയും, കച്ചവടവും, മേൽനോട്ടവും, വരുമാനവും, കൂട്ടുകെട്ടും, അവനെ പാടെ മാറ്റിയിരുന്നു. അതിനൊപ്പമാണ് ദേവന്റെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ അമിത ആവേശവും. പലപ്പോഴും വിദ്യാർഥിപ്രസ്ഥാനങ്ങളുടെ ഏറ്റുമുട്ടലുകളിൽ ദേവൻ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. പക്ഷെ ഇതിനെയെല്ലാം മായ എന്തുകൊണ്ടോ എതിർത്തിരുന്നില്ല. അവൾക്കു ഒരു ആരാധനയായിരുന്നു. പല വൈകുന്നേരങ്ങളിലും, കോളേജ് കഴിഞ്ഞു ടൗണിൽ ഉള്ള പാർട്ടി ആപ്പീസിൽ നിന്നും ദേവൻ വീട്ടിൽ തിരികെ പോയിരുന്നത് വളരെ വൈകിയായിരുന്നു. ദേവന്റെ രാഷ്ട്രീയമങ്ങൾക്ക് ദേശീയതയുടെ ഒരു രീതിപകർച്ച കൈവന്നു തുടങ്ങിയിരുന്നു.
“ഞാൻ ഒരു കാര്യം ചോദിയ്ക്കട്ടെ… ” മായയുടെ നേർത്ത ശബ്ദം
“എന്താ ചോദിയ്ക്കു “….
“നമ്മുടെ ക്ളാസ്സിലെ കുട്ടികൾ പറയുകയാ, ദേവൻ മദ്യപിയ്ക്കാറുണ്ട്, കോളേജിലെ പല അടിപിടി കേസിലും നിങ്ങൾ കൂട്ടുകാരൊക്കെ ഒക്കെ ഉണ്ടെന്നു .. ശരിയാണോ ?”
” ഹേയ്,.. അങ്ങിനെ ഒന്നുമില്ല, അതൊക്കെ ഈ സമരത്തിന് പോകുമ്പോ മറ്റേ പാര്ട്ടിക്കാര് പറഞ്ഞു ഉണ്ടാക്കുന്നതാണ്. അതുമല്ല ഇനി ഇപ്പൊ കോളേജ് കഴിഞ്ഞല്ലോ ?… നമ്മൾ ഇനി വേറെ കോളേജിലല്ലേ പോകുന്നത്. അപ്പൊ ഇതെല്ലാ മതിയാക്കും “… ജാള്യത മറയ്ക്കാതെ ദേവൻ പറഞ്ഞു.
“എനിയ്ക്കറിയാലോ .. എന്റെ ദേവനങ്ങിനെ ഒന്നും ചെയ്യില്ലെന്ന്.. ഇനി ആരെന്തു പറഞ്ഞാലും എനിയ്ക്കിഷ്ടാ …”
അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവളുടെ മിഴികൾ തുടിയ്ക്കുന്നുണ്ടായിരുന്നു, മുഖം ചുവന്നു തുടുത്തിരുന്നു.
ഉഷ്ണക്കാറ്റ് അവരെ തഴുകി കടന്നു പോകുമ്പോൾ ദേവന്റെ മനസ്സിൽ കുറ്റബോധം തളം കെട്ടി നിന്നു. ഇവൾക്ക് താന്നോടുള്ളത്, സ്നേഹമാണോ, ആരാധനയാണോ, അവളുടെ വിശ്വാസത്തെ താൻ വഞ്ചിയ്ക്കുകയാണോ ?
“പിന്നേ…. ഇനിയും നമുക്കിവിടെ തന്നെ പഠിച്ചാൽ മതി”… അവൾ അവനോടു കൂടുതൽ അടുത്തിരുന്നു.
“ഉം … അതിനിവിടെ പി ജിയും, ബിഎഡും ഒന്നുമില്ലല്ലോ ? നമുക്ക് വേറെ കോളേജിൽ പോകേണ്ടി വരും…”.
“ഞാൻ ഒരു സൂത്രം ദേവനായി കൊണ്ടുവന്നിട്ടുണ്ട്. എന്താണെന്നറിയോ ? പറയ് .. എന്താന്നു അറിയോ?…”
” ആ .. എനിയ്ക്കറിയില്ല . നാരങ്ങാ മിഠായിയാണോ ? അതോ നീ കൊണ്ടുവരുള്ള കൃഷ്ണന്റെ അമ്പലത്തിലെ നേദ്യമോ ?”
“അതൊന്നുമല്ല … കണ്ണടയ്ക്കു,…..” ദേവൻ കണ്ണുകൾ അടച്ചു
അവൾ അവന്റെ കൈയ്യിൽ ഒരു വെളുത്ത കവർ വച്ചു.
“ഇനി കണ്ണ് തുറന്നു നോക്കു”
“ഇതെന്താണ് ഗ്രീറ്റിംഗ് കാർഡോ …? ”
“തുറന്നു നോക്കൂ…” അവളുടെ ശബ്ദത്തിൽ നാണവും, കൊഞ്ചലും കലർന്നിരുന്നു.
ദേവൻ മെല്ലെ കവർ തുറന്നു. കുറച്ചു ഫോട്ടോകൾ …അവനതിശയം തോന്നി.
“ഇത് ..” എപ്പോ എടുത്തു ?” അവൻ പോലുമറിയാതെ എടുത്ത് കുറച്ചു ഫോട്ടോകൾ
അവസാന വർഷ ഗെറ്റ്ടുഗതർ പാർട്ടിയിൽ അവർ ഒന്നിച്ചിരുന്നു സംസാരിയ്ക്കുന്നതും, കൂട്ടുകാർക്കൊപ്പം ഉള്ളതും, ഫിസിക്സ് ലാബിന്റെ പിന്നിലെ ആളൊഴിഞ്ഞ ചവിട്ടു പടികളിൽ ചേർന്നിരിയ്ക്കുന്നതും, പിന്നെ ദേവനിഷ്ടപ്പെട്ട മഞ്ഞയും,പച്ചയും കലർന്ന ഹാഫ് സാരിയിൽ ചന്ദനക്കുറിയും,നീണ്ടമുടിയിൽ തുളസിക്കതിരും ചൂടിയ മായയുടെ ഫോട്ടോയും.
” ഇത് ..? അവൻ വീണ്ടും തിരക്കി
“ഇത് … നമ്മുടെ ക്ളാസ്സിലെ ജോയപ്പൻ എടുത്തു തന്നതാ…എന്താ ഇഷ്ടായോ ….?
” പിന്നെ ഇഷ്ടമാകാതെ ?… ഒത്തിരി ഇഷ്ടായി ”
കുന്നിൻ മുകളിലെ ഉഷ്ണക്കാറ്റ് മാറി പടിഞ്ഞാറ് നിന്ന് ഇളം കാറ്റ് വീശി തുടങ്ങി.
“നമുക്ക് പോയാലോ …” ദേവൻ ദേവൻ മെല്ലെ എഴുന്നേറ്റു
തണലിൽ ഇരിയ്ക്കുന്ന മായയുടെ കൈയ്യിൽ പിടിച്ചു അവളെ മെല്ലെ എഴുന്നേല്പിച്ചുകൊണ്ട് അവൻ പറഞ്ഞു.
“ഹും .. പോകാം .. ഇനി എന്നാണ് കാണുക ?” അവളുടെ സ്വരം ഇടറി, കണ്ണുകൾ നിറഞ്ഞു.
“കാണാം… ഞാൻ കത്തയയ്ക്കാം …”
അവളുടെ കാക്കപുള്ളിയുള്ള കണ്ണുകൾ നിറഞ്ഞൊഴുകി, നീണ്ട കൺപീലികളിൽ കരിമഷി തൂവി, അവൻ അവളെ ചേർത്ത് പിടിച്ചു. അവളെ ഇറുകി പുണരുമ്പോൾ അവന്റെ ഹൃദയമിടിപ്പ് അവളുടെ തേങ്ങലിനു ആക്കം കൂട്ടി. എത്രനേരം അവർ അങ്ങിനെ നിന്ന് എന്നറിയില്ല… പടിഞ്ഞാറൻ കാറ്റിൽ ഇളകിയാടുന്ന മരച്ചില്ലയിൽ നിന്നും ഇലകൾ വൃഷ്ടി നടത്തി.
” ദേവാ… ?”
ആരോ ദേവനെ പിന്നിൽ നിന്ന് വിളിയ്ക്കുന്നത് പോലെ ദേവന് തോന്നി. പഴയകാല സ്മരണയിൽ നിന്നും ഞെട്ടി ഉണർന്ന ദേവന്റെ മടിയിൽ മായ തലചായ്ച്ചു മയങ്ങുകയായിരുന്നു. പാല മരത്തണലിൽ പൂത്തുനിന്ന കാട്ടുകദളിയുടെ ഒരു പൂവെടുത്തു ദേവൻ അവളുടെ കാച്ചെണ്ണയുടെ മണമുള്ള വെള്ളിനാരിഴകളിൽ തിരുകി.അവളുടെ ചുളിവ് വീണ മുഖത്ത് മെല്ലെ തഴുകി. മെല്ലെ മിഴികൾ തുറന്ന മായയുടെ കണ്ണുകളിലെ കാക്കപുള്ളി കണ്ണുനീരിൽ നനഞ്ഞിരുന്നു.
തുടരും …..
