മെരിലാന്‍ഡ്: മുൻ കാമുകിയെ കാണാതായെന്ന് പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഇന്ത്യയിലേക്ക് കടന്ന യുവാവ് കൊലക്കേസിൽ ഇന്ത്യയിൽ പിടിയിലായതായി ഹോവാർഡ് കൗണ്ടി പോലീസ് അറിയിച്ചു. കൊളംബിയ സ്വദേശിയായ അർജുൻ ശർമ്മ (26)യാണ് ഇന്ത്യൻ അധികൃതരുടെ കസ്റ്റഡിയിലുള്ളത്.
എലിക്കോട്ട് സിറ്റി സ്വദേശിനിയായ നികിത ഗോദിശാല (27)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അർജുൻ ശർമ്മയെ പോലീസ് പ്രതിയാക്കിയിരിക്കുന്നത്.
ജനുവരിയിൽ നികിതയെ കാണാനില്ലെന്ന് അർജുൻ പോലീസിൽ പരാതി നൽകിയിരുന്നു. പുതുവത്സരത്തലേന്നാണ് നികിതയെ അവസാനമായി കണ്ടതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ പരാതി നൽകിയ അതേ ദിവസം തന്നെ അർജുൻ ഇന്ത്യയിലേക്ക് വിമാനമാർഗം പോയതായി അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് നികിതയുടെ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അർജുനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ജനുവരി 3-ന് അർജുന്റെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് നികിതയെ നിരവധി കുത്തേറ്റ മുറിവുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അർജുൻ ഇന്ത്യയിലേക്ക് പോയതിന് ശേഷമാണ് കൊലപാതകവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന സംശയം ശക്തമായതെന്ന് ഹോവാർഡ് കൗണ്ടി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നികിതയെ കാണാതായതായി അർജുൻ തന്നെ പോലീസിൽ പരാതി നൽകിയത് എന്തിനാണെന്നും കൊലപാതകത്തിന്റെ കാരണമെന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. തനിക്ക് സംഭവവുമായി ബന്ധമില്ലെന്ന പ്രതീതി സൃഷ്ടിക്കാനായിരിക്കാം പരാതി നൽകിയതെന്ന സാധ്യത പോലീസ് തള്ളിക്കളയുന്നില്ലെങ്കിലും, ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
ഇന്ത്യയിൽ കസ്റ്റഡിയിലുള്ള അർജുൻ ശർമ്മയെ മേരിലാൻഡിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ സംബന്ധിച്ച് നിലവിൽ വ്യക്തമായ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല.
