തിരുവനന്തപുരം: നാല് പതിറ്റാണ്ടു മുമ്പ് കോളിളക്കം സൃഷ്ടിച്ച ചാക്കോ വധക്കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസിലെ പ്രതിയായ സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വാര്‍ത്ത തള്ളി നോര്‍ക്ക. സുകുമാരക്കുറുപ്പാണെന്ന രീതിയില്‍ വിവിധ മാധ്യമങ്ങളും ചാനലുകളും പ്രചരിപ്പിച്ച ചിത്രം യഥാര്‍ത്ഥത്തില്‍ തൃശൂർ വടക്കാഞ്ചേരി കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. ഈ അവകാശവാദം നോര്‍ക്കയും സ്ഥിരീകരിച്ചു.
ബ്രൂണൈയിൽ ഓർമ്മക്കുറവും മാനസിക പ്രശ്നങ്ങളും അലട്ടുന്ന ദാമോദര മേനോന് സഹായമെത്തിക്കാന്‍ ഒരു മാസം മുമ്പ് നോർക്ക ഇടപെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദാമോദര മേനോനെ നാട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ഒരു മാസം മുമ്പ് നോർക്ക സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു എന്നു പറയുന്നു. ബ്രൂണൈയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നോര്‍ക്ക ഇടപെട്ടത്. അതനുസരിച്ച് ജൂലൈ 2-ന് നോർക്ക സർക്കാരിന് കത്തയക്കുകയും ചെയ്തു.
കേരളത്തിലെ ഒരു പ്രമുഖ വാർത്താ ചാനലാണ് അവരുടെ ‘എക്സ്ക്ലൂസീവ് ബ്രേക്കിംഗ് ന്യൂസ്’ ആണെന്ന പേരില്‍ ഒരു ഫോട്ടോ പ്രസിദ്ധീകരിച്ച് അവര്‍ക്കാണ് ആദ്യം വാര്‍ത്ത കിട്ടിയതെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംപ്രേക്ഷണം ചെയ്തത്. മറ്റു ചാനലുകളും പത്ര മാധ്യമങ്ങളും അതേറ്റു പിടിച്ച് സുകുമാരക്കുറുപ്പിനെ കണ്ടെത്തി എന്ന രീതിയില്‍ നിരന്തരം വാര്‍ത്തകള്‍ പുറത്തു വിടുകയായിരുന്നു. കാട്ടുതീ പോലെയാണ് ഈ വാര്‍ത്ത പരന്നത്.

അതേസമയം, നോര്‍ക്ക വഴി ദാമോദര മേനോനെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 40 വർഷം മുമ്പ് മലേഷ്യയിലേക്ക് പോയ ദാമോദര മേനോന് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച് അവിടെ താമസിച്ചു. പിന്നീട് ബ്രൂണെയിലേക്ക് മാറി. അവരുടെ രണ്ടു മക്കളില്‍ ഒരാള്‍ ഇപ്പോൾ മലേഷ്യയിലും മേറ്റേയാള്‍ ഓസ്ട്രേലിയയിലുമാണ്.
ഒരു അപകടത്തെത്തുടർന്ന് പരിക്കേറ്റ ദാമോദര മേനോനെ പരിചരിക്കാന്‍ ഭാര്യയും മക്കളും വിമുഖത കാണിച്ചതിനെത്തുടര്‍ന്നാണ് 2026 ജൂൺ 16 ന് അദ്ദേഹത്തിന് ചികിത്സയും അടിയന്തര സഹായവും ആവശ്യമാണെന്ന് കാണിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ ബ്രൂണൈയിലെ സന്നദ്ധ പ്രവർത്തകരെയും സമൂഹ്യ നേതാക്കളെയും വിവരമറിയിച്ചത്. അവരാണ് അദ്ദേഹത്തിന്റെ പാസ്പോർട്ട് വിവരങ്ങളും ബന്ധുക്കളെക്കുറിച്ചുള്ള വിശദാംശങ്ങളും ശേഖരിച്ച് നാട്ടിലെ ബന്ധുക്കളെ കണ്ടെത്തി വിവരമറിയിച്ചത്. തുടർന്ന് ബന്ധുക്കൾ വൃദ്ധനായ മേനോനെ കേരളത്തിലേക്ക് തിരികെ കൊണ്ടുവന്നാൽ പരിചരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് നോര്‍ക്ക.
