കോഴിക്കോട്: മുസ്ലീം സ്ത്രീകളെ പൊതുവേദികളില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (കാന്തപുരം വിഭാഗം) യുടെ നിർദ്ദേശം. അപരിചിതരുടെ സാന്നിധ്യത്തിൽ മുസ്ലീം സ്ത്രീകളെ വേദികളിലോ പൊതുസ്ഥലങ്ങളിലോ കയറ്റരുതെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആഘോഷങ്ങൾ അതിരു കടക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നബി ദിനാഘോഷങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച വിമർശനങ്ങൾക്കിടെയാണ് മഹല്ലുകൾക്കും മദ്രസകൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ഇസ്ലാമിക ആഘോഷങ്ങൾ നിശ്ചിത പരിധികൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് കാന്തപുരം വിഭാഗം മഹല്ല് നേതാക്കളോട് അഭ്യർത്ഥിച്ചു.
മതപരമായ അതിര്‍വരമ്പുകളുടെ ലംഘനത്തെ ഗൗരവമായി കാണണമെന്ന് പ്രസ്താവനയില്‍ പറയുന്നു. പള്ളികള്‍, മദ്രസകള്‍, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവയുടെ നേതൃത്വം ഇത്തരം പരിപാടികള്‍ ഇസ്ലാമിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പൊതുവഴികളിലും വേദികളിലും അപരിചിതർക്കിടയിൽ മുസ്ലീം സ്ത്രീകളെ പ്രദർശിപ്പിക്കുന്നതും, ഇസ്ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷ രീതികളും അത്തരം പരിപാടികളിൽ ഉൾപ്പെടുത്തുന്നതും വിശ്വാസികൾക്ക് അനുയോജ്യമല്ലെന്നും അനുവദനീയമല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ധാർമ്മികമായി ശരിയായ മാതൃകകൾ അടുത്ത തലമുറയ്ക്ക് കൈമാറാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
