കൃഷ്ണനും – കുചേലനും കാലാതീതമായ സൗഹൃദം: ജയശങ്കര്‍ പിള്ള

മനുഷ്യജീവിതത്തിൽ ചില ബന്ധങ്ങൾക്ക് കാലവും, ദൂരവും, സമ്പത്തും, ദാരിദ്ര്യവും, അധികാരവും ഒന്നും അതിരുകളോ, മാനദണ്ഡങ്ങളോ ആകുന്നില്ല. അത്തരത്തിലുള്ള ബന്ധത്തിന്റെ ഏറ്റവും മനോഹരവും,ഉദാത്തവുമായ ഉദാഹരണമാണ് ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള സൗഹൃദം. ഗുരുകുലകാലത്ത് ഒരുമിച്ച് പഠിച്ച രണ്ടു സുഹൃത്തുക്കൾ,അതിലൊരാൾ പിന്നീട് ദ്വാരകയുടെ രാജാവും,മറ്റൊരാൾ ദാരിദ്ര്യത്തിന്റെ നടുവിൽ കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന സാധാരണക്കാരനുമായി. ജീവിതസാഹചര്യങ്ങൾ അവരെ രണ്ടുതട്ടുകളിലാക്കിയെങ്കിലും അവരുടെ ഹൃദയങ്ങളിലെ സൗഹൃദത്തിന് കാലങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവും സംഭവിച്ചില്ല. അതുകൊണ്ടുതന്നെ കൃഷ്ണ – കുചേല സമാഗമം ഒരു പുരാണസംഭവം മാത്രമല്ല, മനുഷ്യബന്ധങ്ങളുടെ മഹത്തായ മൂല്യം ഓർമ്മിപ്പിക്കുന്ന കാലാതീതമായ സന്ദേശംകൂടിയാണ്.

ശ്രീമദ് ഭാഗവതത്തിലെ ദശമസ്കന്ധത്തിൽ, 80-ാം അധ്യായം – “സുദാമാവിന്റെ ദ്വാരകാഗമനം”, 81-ാം അധ്യായം -“സുദാമാവിന് കൃഷ്ണന്റെ അനുഗ്രഹം” എന്നിവയിൽ കാല,ദേശ ഭേദമന്യേ എക്കാലവും നിലകൊള്ളുന്ന സൗഹൃദത്തെ കുറിച്ചും, സുഹൃത്തുക്കളുടെ പുനഃർസംഗമത്തെ കുറിച്ചും, സുഹൃത് മനസ്സുകളുടെ പൊരുത്തത്തെ കുറിച്ചും വളരെ ബൃഹുതായി വിവരിച്ചിരിയ്ക്കുന്നു.

ദാരിദ്ര്യത്തിൽ കഴിയുന്ന കുചേലനെ ഭാര്യയാണ് ബാല്യകാല സുഹൃത്തായ, എന്നാൽ ഇപ്പോൾ രാജാവായ കൃഷ്ണനെ കാണാൻ പ്രേരിപ്പിക്കുന്നത്. സുഹൃത്തിന്റെ അടുക്കൽ പോയി കുടുംബത്തിന്റെ ദുരിതവും,ദാരിദ്രവും പറയണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടെങ്കിലും, പഴയ സുഹൃത്തിനോട് സഹായം ചോദിക്കാനുള്ള മടിയും ആത്മാഭിമാനവും, കൃഷ്ണന്റെ പദവിയും അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നു. ബാല്യകാല സുഹൃത്തിനെ നേരിൽ കാണുമ്പോൾ നൽകുവാനായി കുചേലന്റെ കൈയ്യിൽ ഒന്നുമില്ല എന്നുള്ള യാഥാർഥ്യവും അദ്ദേഹത്തെ വല്ലാതെ അലട്ടുന്നു. ഒടുവിൽ കൃഷ്ണനെ കാണാൻ പോകുമ്പോൾ കൈയിൽ കരുതുന്നത് വലിയൊരു സമ്മാനമല്ല, സ്വന്തം ഭക്ഷണത്തിന്റെ ഭാഗമായ ചെറിയൊരു പൊതിക്കെട്ട് അവൽ മാത്രമാണ്. സാമ്പത്തിക മൂല്യത്തെക്കാളും ,സമ്മാനത്തിന്റെ വലുപ്പത്തെക്കാളും സ്നേഹത്തിന്റെ മൂല്യത്തിൽ അതിന് അളവുകോൽ ഇല്ലായിരുന്നു. ഇവിടെ കുചേലന്റെ അമൂല്യമായ ഈ സമ്മാപൊതി നമ്മെ പഠിപ്പിക്കുന്നത് ഒരു വസ്തുവിന്റെ വില അതിന്റെ വിപണിമൂല്യത്തിലല്ല, അതിനു പിന്നിലുള്ള ഹൃദയത്തിലാണ്, സ്നേഹത്തിലാണ്, എന്ന സത്യമാണ്.

ദ്വാരകയിൽ എത്തിയ കുചേലനെ കൃഷ്ണൻ സ്വീകരിക്കുന്ന രംഗമാണ് ഈ കഥയുടെ ഏറ്റവും ഹൃദയസ്പർശിയായ ഭാഗം. രാജാവായ കൃഷ്ണൻ തന്റെ ബാല്യകാല സുഹൃത്തിനെ ഒരു സാധാരണ അതിഥിയെപ്പോലെ കാണുന്നില്ല. അദ്ദേഹം കുചേലനെ ചേർത്തുപിടിക്കുന്നു, കാൽകഴുകി ആദരിക്കുന്നു, സ്നേഹത്തോടെ സംസാരിക്കുന്നു. അധികാരത്തിന്റെ ഉയരത്തിൽ നിൽക്കുന്ന ഒരാൾ തന്റെ പഴയ സുഹൃത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ സ്ഥാനം നോക്കാതെ അവനെ ഹൃദയത്തോട് ചേർക്കുന്നു. കൃഷ്ണന്റെ മഹത്വം അദ്ദേഹത്തിന്റെ രാജകീയ സമ്പത്തിലല്ല, മറിച്ച് ഒരു ദരിദ്ര സുഹൃത്തിന്റെ മനസ്സിനെ തിരിച്ചറിയാനുള്ള കഴിവിലാണ് തെളിയുന്നത്.

കുചേലൻ തന്റെ ദാരിദ്ര്യത്തെക്കുറിച്ച് കൃഷ്ണനോട് പറയുന്നില്ല. സഹായം അഭ്യർത്ഥിക്കുന്നില്ല. കൊണ്ടുവന്ന അവൽ പോലും ഒളിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ കൃഷ്ണൻ ആ ചെറിയ പൊതിക്കെട്ട് കണ്ടെത്തി സ്നേഹത്തോടെ അത് വാങ്ങി കഴിക്കുന്നു. ഭക്തിപാരമായി വിലയിരുത്തിയാലും, ഈ സമാഗമം ഒരു ആഴമുള്ള ആശയം മുന്നോട്ടുവയ്ക്കുന്നു. ദൈവത്തിന് നമ്മൾ സമർപ്പിക്കുന്നതിന്റെ വലുപ്പത്തിൽ അല്ല പ്രധാനം, അതിലെ ഭക്തിയും ആത്മാർത്ഥതയുമാണ് എന്നും മികച്ചു നില്കുന്നത്. മനുഷ്യബന്ധങ്ങളിലും ഇതുതന്നെയാണ് സത്യം. വിലയേറിയ സമ്മാനങ്ങളേക്കാൾ ഹൃദയത്തിൽ നിന്നുള്ള ഒരു ചെറിയ സ്നേഹവായ്പ്പിലാണ് മൂല്യം.

കുചേലൻ ഒടുവിൽ കൃഷ്ണനോട് ഒന്നും ആവശ്യപ്പെടാതെ സ്വഗൃഹത്തിലേയ്ക്ക് മടങ്ങുന്നു. സുഹൃത്തിനോട് സഹായം ചോദിക്കാനാകാതെ പോയതിന്റെ ഒരു ചെറിയ നിരാശയുണ്ടാകാം. എന്നാൽ കൃഷ്ണൻ അദ്ദേഹത്തിന്റെ ആവശ്യത്തെ വാക്കുകൾക്കപ്പുറം തിരിച്ചറിഞ്ഞിരുന്നു. കുചേലൻ വീട്ടിലെത്തുമ്പോൾ പഴയ ദാരിദ്ര്യത്തിന്റെ സ്ഥാനത്ത് സമൃദ്ധി കാണുന്നു, ഭാര്യയും കുടുംബവും സന്തോഷത്തോടെ കുചേലനെ വരവേൽക്കുന്നു. സത്യത്തിൽ തന്റെ പഴയ ചെറ്റകുടിലിന്റെ സ്ഥാനത്തു രൂപപ്പെട്ട ഗൃഹവും, ലഭിച്ച അമൂല്യ സമ്മാനങ്ങളും കുചേലനെ അമ്പരിപ്പിക്കുന്നു. പുരാണകഥയുടെ ആത്മീയതയിൽ ഇത് കൃഷ്ണന്റെ അനുഗ്രഹമായി വ്യാഖ്യാനിക്കപ്പെടുന്നു. എന്നാൽ അതിന്റെ ആന്തരിക സന്ദേശം അതിലും എത്രയോ വലുതാണ്. യഥാർത്ഥ സ്നേഹവും, സുഹൃത്ബന്ധങ്ങളും പലപ്പോഴും ആവശ്യപ്പെടുന്നതിനു മുമ്പുതന്നെ മറ്റൊരാളുടെ വേദന തിരിച്ചറിയുന്നു.

കുചേലന്റെ സമ്പത്ത് ലഭിച്ചതിനെക്കുറിച്ചുള്ള കഥയെ വെറും “ദൈവത്തോട് ചോദിച്ചാൽ സമ്പത്ത് ലഭിക്കും” എന്ന ലളിതമായ അർത്ഥത്തിൽ മാത്രം കാണുന്നത് ഈ കഥയുടെ ആഴം കുറയ്ക്കും. കുചേലന്റെ മഹത്വം അദ്ദേഹത്തിന്റെ ദാരിദ്ര്യത്തിനിടയിലും നഷ്ടപ്പെടാത്ത ആത്മാഭിമാനത്തിലും, സ്നേഹത്തിലും,സൗഹൃദത്തിലും ഭക്തിയിലുമാണ്. അതുപോലെ കൃഷ്ണന്റെ മഹത്വം അദ്ദേഹത്തിന്റെ രാജപദവിയിലല്ല, അധികാരവും സമ്പത്തും ഉണ്ടായിട്ടും പഴയ സുഹൃത്തിനെ മറക്കാത്ത ഹൃദയവിശാലതയിലാണ്.

ഇന്നത്തെ സമൂഹത്തിലേക്ക് നോക്കുമ്പോൾ കൃഷ്ണ – കുചേല ബന്ധത്തിന് പ്രത്യേക പ്രസക്തിയുണ്ട്. ഇന്നത്തെ ലോകത്ത് മനുഷ്യരുടെ ബന്ധങ്ങളെ പലപ്പോഴും സാമ്പത്തികശേഷി, സാമൂഹികപദവി, ജോലി, അധികാരം, പ്രശസ്തി എന്നിവ സ്വാധീനിക്കുന്നു. ഒരുമിച്ച് പഠിച്ചവരും വളർന്നവരും പിന്നീട് ജീവിതത്തിൽ വ്യത്യസ്ത ഉയരങ്ങളിലെത്തുമ്പോൾ പല സൗഹൃദങ്ങളും അകന്നുപോകുന്നു. ഒരാൾ സമ്പന്നനാകുമ്പോൾ മറ്റൊരാൾ പിന്നിലാകാം. എന്നാൽ യഥാർത്ഥ സൗഹൃദം ജീവിതത്തിലെ സ്ഥാനമാറ്റങ്ങളാൽ മാറേണ്ടതില്ല. കൃഷ്ണൻ നമ്മോട് പറയുന്നത് സൗഹൃദം എന്നത് എക്കാലവും നിലനിൽക്കുന്ന,പരസ്പരം മനസ്സിലാക്കുന്ന,ബഹുമാനിയ്ക്കുന്ന, ആദരിയ്‌ക്കേണ്ട അമൂല്യ നിധിയാണ്.

സമകാലിക ജീവിതത്തിൽ കുചേലന്റെ കഥാപാത്രവും നമ്മോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു. സഹായം ആവശ്യമുള്ളപ്പോൾ പോലും ആത്മാഭിമാനം കാരണം പലരും തങ്ങളുടെ വിഷമങ്ങൾ പറയാതെ ഉള്ളിൽ സൂക്ഷിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളിലായിരിക്കുന്ന ഒരാൾക്ക് ഏറ്റവും വലിയ വേദന പലപ്പോഴും സമ്പത്തിന്റെ കുറവല്ല, മറ്റുള്ളവരുടെ മുന്നിൽ സ്വന്തം അവസ്ഥ തുറന്നുപറയേണ്ടിവരുന്നതിലുള്ള ബുദ്ധിമുട്ടാണ്. അതുകൊണ്ട് സമൂഹം സഹായം നൽകുമ്പോൾ അതോടൊപ്പം മാന്യതയും ബഹുമാനവും നൽകണം. കൃഷ്ണൻ കുചേലനെ സഹായിച്ചത് അദ്ദേഹത്തിന്റെ ആത്മാഭിമാനം തകർത്തുകൊണ്ടല്ല, മറിച്ച് അതിനെ ആദരിച്ചുകൊണ്ടാണ്.

ഈ കഥയിൽ നിന്ന് കുടുംബജീവിതത്തിനും വലിയൊരു പാഠമുണ്ട്. കുചേലന്റെ ജീവിതത്തിലെ ബുദ്ധിമുട്ട് ഭാര്യ മനസ്സിലാക്കുന്നു. അവൾ അദ്ദേഹത്തെ പഴയ സുഹൃത്തിനെ കാണാൻ പ്രേരിപ്പിക്കുന്നു. അതിലൂടെ കുടുംബത്തിൽ പരസ്പരം ഒരാളുടെ വിഷമം മറ്റൊരാൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുന്നു. ഇന്ന് സാമ്പത്തികപ്രശ്നങ്ങളും തൊഴിൽസമ്മർദ്ദങ്ങളും ജീവിതച്ചെലവും കുടുംബങ്ങളെ ബാധിക്കുന്ന ഈ കാലത്ത്, പരസ്പരം കുറ്റപ്പെടുത്തുന്നതിനേക്കാൾ ഒരുമിച്ച് നിൽക്കാനുള്ള മനസ്സിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

കൃഷ്ണനും കുചേലനും തമ്മിലുള്ള ബന്ധത്തിൽ മറ്റൊരു വലിയ സന്ദേശം കൂടി നമുക്ക് കാണാം, സൗഹൃദം ഒരു ഇടപാടല്ല. കുചേലൻ കൃഷ്ണനെ കാണാൻ പോകുന്നത് “എന്തെങ്കിലും വാങ്ങി വരണം” എന്ന കണക്കുകൂട്ടലോടെയല്ല. കൃഷ്ണൻ കുചേലനെ സ്വീകരിക്കുന്നതും പ്രതിഫലം പ്രതീക്ഷിച്ചല്ല. യഥാർത്ഥ സൗഹൃദത്തിൽ “ഞാൻ നിനക്കായി എന്ത് ചെയ്തു?” എന്ന കണക്കിനേക്കാൾ “നീ എന്റേതാണ്” എന്ന ആത്മബന്ധത്തിനാണ് പ്രാധാന്യം. ഇന്നത്തെ ഡിജിറ്റൽ ലോകത്തും ഈ സന്ദേശം ഏറെ പ്രസക്തമാണ്. ആയിരക്കണക്കിന് സോഷ്യൽ മീഡിയ സുഹൃത്തുക്കളും പരിചയക്കാരും ഉണ്ടായിരിക്കാം. എന്നാൽ ജീവിതത്തിലെ ഒരു ദുരിതഘട്ടത്തിൽ നമ്മോടൊപ്പം നിൽക്കുന്ന ഒരാൾ മാത്രമായിരിക്കും യഥാർത്ഥ സുഹൃത്ത്. നമ്മുടെ വിജയത്തിൽ കൈയടിക്കുന്നവരെക്കാൾ പരാജയത്തിൽ കൈപിടിക്കുന്നവരാണ് വിലപ്പെട്ടവർ. കൃഷ്ണന്റെ സ്വീകരണത്തിൽ ഈ സൗഹൃദത്തിന്റെ ആഴം നമുക്ക് കാണാം.

കൃഷ്ണ-കുചേലന്മാരുടെ കഥ നമ്മെ വിനയവും പഠിപ്പിക്കുന്നു. ജീവിതത്തിൽ വലിയ സ്ഥാനത്തെത്തിയാൽ പഴയ ജീവിതത്തെയും പഴയ ബന്ധങ്ങളെയും മറക്കരുത്. ഇന്നത്തെ സമൂഹത്തിൽ ഉയർച്ച നേടിയവർ പിന്നിൽ നിൽക്കുന്നവരെ അവഗണിക്കാതെ അവർക്കും കൈത്താങ്ങാകണം. വിദ്യാഭ്യാസം, തൊഴിൽ, സമ്പത്ത്, അധികാരം എന്നിവ വ്യക്തിയുടെ മഹത്വത്തിന്റെ അളവുകോലുകളാകാം, എന്നാൽ മനുഷ്യന്റെ യഥാർത്ഥ മഹത്വം മറ്റൊരു മനുഷ്യനോട് കാണിക്കുന്ന കരുണയിലാണ്. അതുകൊണ്ടുതന്നെ കൃഷ്ണ- കുചേല പുനർസമാഗമം ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ കണ്ടുമുട്ടിയ കഥ മാത്രമല്ല. മനുഷ്യനെ മനുഷ്യനായി കാണാനുള്ള സംസ്കാരത്തിന്റെ പുനഃനിർണ്ണയം കൂടിയാണ്. സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം സ്നേഹത്തിന് മുന്നിൽ ഇല്ലാതാകുകയും, അധികാരവും സ്ഥാനവും ഹൃദയബന്ധങ്ങൾക്ക് മുകളിൽ അല്ലെന്ന് ഓർമ്മിപ്പിക്കുന്ന കഥകൂടിയാണിത്. ചോദിക്കാതെ തന്നെ വേദന തിരിച്ചറിയുന്നതാണ് കരുണയെന്നും, കൊടുക്കുന്നതിന്റെ അളവിനേക്കാൾ കൊടുക്കുന്ന മനസ്സിനാണ് മൂല്യം എന്നുകൂടി ഈ സമാഗമം നമ്മെ പഠിപ്പിയ്ക്കുന്നു.

ഇന്നത്തെ സമൂഹത്തിന് കൃഷ്ണനിൽ നിന്ന് പഠിക്കാനുള്ളത് ആത്മാഭിമാനത്തെ മുറിവേല്പിയ്ക്കാത്ത,അനശ്വരമായ സൗഹൃദവും തിരിച്ചറിയുന്ന കരുണയും ആണ്. കുചേലനിൽ നിന്ന് പഠിക്കാനുള്ളത് ആത്മാഭിമാനവും ലാളിത്യവും ആത്മാർത്ഥതയും ആണ്. കൃഷ്ണന്റെ സമ്പത്ത് ദ്വാരകയുടെ ഭൗതിക സമൃദ്ധിയായിരുന്നു എങ്കിൽ, കുചേലന്റെ സമ്പത്ത് അവന്റെ ഹൃദയത്തിലെ വിശ്വാസവും,ആത്മാഭിമാനവും സൗഹൃദവുമായിരുന്നു. ഒടുവിൽ രണ്ടുപേരുടെയും സമ്പത്ത് ഒന്നായി ചേരുന്നത് മനുഷ്യബന്ധത്തിന്റെ മഹത്വത്തെയാണ് വെളിവാക്കുന്നത്.കാലം മാറി, ജീവിതരീതികൾ മാറി, മനുഷ്യന്റെ ആവശ്യങ്ങൾ മാറി. എന്നാൽ സ്നേഹത്തിനും സൗഹൃദത്തിനും കരുണയ്ക്കും മാറ്റമില്ല. അതുകൊണ്ടുതന്നെ കൃഷ്ണനും കുചേലനും തമ്മിലുള്ള ആ പുനർസമാഗമം ഇന്നും നമ്മോട് മൃദുവായി പറയുന്നത് ഒരേയൊരു സത്യം തന്നെയാണ്:

സമ്പത്ത് മനുഷ്യനെ ഉയർത്താം; അധികാരം മനുഷ്യന് സ്ഥാനമുണ്ടാക്കാം; എന്നാൽ ഒരു മനുഷ്യന്റെ ഹൃദയത്തിൽ മറ്റൊരു മനുഷ്യന് സ്ഥാനം നേടിക്കൊടുക്കുന്നത് സ്നേഹവും, സൗഹൃദവും, പരസ്പരബഹുമാനവും, മാത്രമാണ്.

Leave a Comment

More News