തലവടി: നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നാളെ 2ന് നടക്കുന്ന കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്കും ജനകീയ ട്രോഫിക്കുമുള്ള മത്സര വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾ പമ്പാ നദിയിൽ ആവേശകരമായ പരിശീലനത്തുഴച്ചിൽ നടത്തുകയാണ്.
കുട്ടനാട്ടിലെ പ്രമുഖ ടീമുകളും മുൻനിര തുഴച്ചിൽ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ചുണ്ടൻ വള്ളങ്ങളും ഇത്തവണത്തെ മത്സരത്തിന്റെ പ്രധാന ആകർഷണമാകും. വള്ളംകളിയുടെ ആവേശം ഉയർത്തി വിവിധ ടീമുകൾ ശക്തമായ പരിശീലനത്തിലാണ്.
വൻ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചുകൊണ്ട് പമ്പാ വാട്ടർ സ്റ്റേഡിയത്തിലെ മത്സര ട്രാക്കുകളും അനുബന്ധ സൗകര്യങ്ങളും സജ്ജീകരിച്ചുവരികയാണ്. കാണികൾക്ക് മത്സരം സുരക്ഷിതമായും സൗകര്യപ്രദമായും ആസ്വദിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
വള്ളംകളി കാണാനെത്തുന്നവർക്കായി പ്രത്യേക പാസുകൾ ലഭ്യമാക്കുകയും പാസ് ഉടമകൾക്കായി പ്രത്യേക ഇരിപ്പിട സൗകര്യങ്ങൾ സജ്ജീകരിക്കുകയും ചെയ്യും. കാണികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനും മത്സരം സുഗമമായി നടത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തും.
ചുണ്ടൻ വള്ളങ്ങളുടെ പരിശീലനത്തുഴച്ചിൽ ഉൾപ്പെടെ വള്ളംകളിയുടെ ഒരുക്കങ്ങൾ പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ സജീവമായി പുരോഗമിക്കുകയാണ്. ഇത്തവണ വൻ ജനപങ്കാളിത്തത്തോടെ മത്സരം കൂടുതൽ ആവേശകരമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വിക്ടർ ടി. തോമസ്, റെജി എബ്രഹാം, പ്രകാശ് പനവേലി, പുന്നൂസ് ജോസഫ് എന്നിവർ അറിയിച്ചു.
പമ്പ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നീരേറ്റുപുറത്ത് തിരുവോണ നാളിൽ നടത്തി വന്നിരുന്ന ജലോത്സവത്തിന്റെ സംഘാടക സമിതി , പിന്നീട് ചില കാരണങ്ങളാല്‍ രണ്ടായി പിളരുകയും വ്യത്യസ്ത തീയതികളിൽ വള്ളംക്കളി നടത്തി വന്നിരുന്നു.ഇത് ജലോത്സവ പ്രേമികളായ ഏവർക്കും മാനസീക അസ്വസ്ഥത ഉണ്ടാക്കി യിരുന്നു.രണ്ട് സംഘാടക സമിതികളും ചേർന്ന് വള്ളംകളി ഒരുമിച്ച് നടത്തണമെന്ന് വിവിധ രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക നേതാക്കളുടെ നേതൃത്വത്തില്‍ പല വേദികളിലായി ചർച്ചകൾ നടന്നിരുന്നു.
റെജി ചെറിയാൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് രണ്ട് സംഘാടക സമിതികളും ചേർന്ന് വള്ളംകളി ഒരുമിച്ച് നടത്തുവാൻ തീരുമാനമായത്.
